'പരാ-ജയശ്രീലാളിതം' (കുഞ്ഞിപ്പാലു ഇളയപ്പന്)- വര്‍ഗീസാന്റണി എഴുതിയ കവിത

മറ്റുള്ളവര്‍ ആ-ശ്വസിക്കട്ടേയെന്നു കരുതിയോഅയാള്‍ ഇത്രയേറെ ശ്വാസംമുട്ടിയത്?അപരന്റെ ദാഹമകറ്റാനോ ദാഹിച്ചത്?
ചിത്രീകരണം: അമലു
ചിത്രീകരണം: അമലു

റ്റുള്ളവര്‍ ആ-ശ്വസിക്കട്ടേയെന്നു കരുതിയോ
അയാള്‍ ഇത്രയേറെ ശ്വാസംമുട്ടിയത്?
അപരന്റെ ദാഹമകറ്റാനോ ദാഹിച്ചത്?
       
പട്ടിണി കിടക്കുന്നവരെ ഊട്ടി
പലപ്പോഴും പട്ടിണിയായി.
മറ്റുള്ളവര്‍ക്കും ധരിക്കണമല്ലോ എന്നു ധരിച്ച്
നാമമാത്രമായി ധരിച്ചു.
ചിലപ്പോള്‍ തെറ്റിദ്ധരിച്ചു.
എല്ലാവര്‍ക്കും പാര്‍ക്കണമെന്ന് 
പാര്‍ത്തുപാര്‍ത്ത് പാര്‍പ്പിടമില്ലാത്തവനായി.
നാട്ടുകാര്‍ക്കെല്ലാം ഉപജീവനം വേണമെന്ന
കടുംപിടുത്തംകൊണ്ട്
കടംകൊടുക്കുന്നവരെ ഉപജീവിക്കേണ്ടിവന്നു.
ജീവിതം അപകടത്തിലായി.
കടുകോളം കടം കടലോളമായി.

അയാള്‍ തുടങ്ങിയ കുറികളൊന്നും
കുറിക്കു കൊണ്ടില്ല.
കടംവറ്റിക്കാന്‍ വിറ്റ
ഭാഗ്യക്കുറികള്‍ നിര്‍ഭാഗ്യക്കുറികളായി.
      
നഷ്ടമുണ്ടായപ്പോഴൊക്കെ
അയാള്‍ സന്തോഷിച്ചു.
ആര്‍ക്കൊക്കെയോ ലാഭമുണ്ടായല്ലോ!
ലാഭമുണ്ടായപ്പോഴൊക്കെ ദു:ഖിച്ചു:
ആരുടെ നഷ്ടമാണ് തന്റെ ലാഭം?

ആര്‍ക്കും നടക്കാനാവാത്ത കുണ്ടനിടവഴി
ആര്‍ക്കും നടക്കാവുന്ന വഴിയാക്കി.
1''വഴിയും സത്യവും ജീവനും ഞാനാകുന്നു.''
എന്നു പറഞ്ഞവനായിരുന്നു വഴികാട്ടി.
ഒരുവഴിയുമില്ലാത്തവര്‍ക്ക് വഴിയുണ്ടാക്കാന്‍ നടന്ന്
അയാള്‍ വഴിയാധാരമായി.
    
വഴിയാംവണ്ണം സന്ന്യാസിയാവാനാഗ്രഹിച്ചു.
വഴിയടഞ്ഞ സന്ന്യാസിയായി ജീവിച്ചു.
2വിശുദ്ധമായതിനെ ആവാഹിക്കാനാവാത്തതുകൊണ്ടോ
സ്ത്രീയെ ആവാഹിക്കാനാവാത്തതുകൊണ്ടോ
വഹിക്കാനാവാത്തതുകൊണ്ടോ 
അയാള്‍ അവിവാഹിതനായി ജീവിച്ചു.
    
അയാള്‍ തെറുപ്പിച്ച ബീഡികള്‍
വെറുപ്പിച്ച ബീഡികള്‍
പലരുടേയും ചുണ്ടത്തു പുകഞ്ഞപ്പോള്‍
ഒരുപാടടുപ്പുകള്‍ പുകഞ്ഞു.

അയാള്‍ നെയ്യിച്ച കസേരകളില്‍ 
പലരും അമര്‍ന്നിരുന്നപ്പോള്‍
അനേകം ജീവിതങ്ങള്‍ നിവര്‍ന്നുനിന്നു.
     
അയാള്‍ റ്റിയൂഷനെടുത്തപ്പോള്‍ 
പലകുട്ടികള്‍ക്കും ഇന്റ്യൂഷനുണ്ടായി.

ഭൂമിയിലിരുന്ന്
അയാള്‍ ബൈന്റുചെയ്ത പുസ്തകങ്ങള്‍ 
സ്വര്‍ഗ്ഗത്തിലിരുന്ന് ദൈവം വായിച്ചു.
ഒരിക്കലും തുന്നിക്കെട്ടിയില്ല
സ്വന്തം ജീവിതപുസ്തകം.
    
കുത്തഴിഞ്ഞ
കീറിപ്പറിഞ്ഞ
ലോകസത്യവേദപുസ്തകം 
റീബൈന്റു ചെയ്യാന്‍ പുറപ്പെട്ട് നിര്‍വ്വേദിയായി
    
ആളുകള്‍ അയാളില്‍ കണ്ടത്
പരാജയത്തിന്റെ കഷ്ടമൂര്‍ത്തിയെ.
പരാജയത്തില്‍ അയാള്‍ കണ്ടത്
ഇഷ്ടമൂര്‍ത്തിയെ.
ഒരിക്കലും കനിഞ്ഞില്ല അഷ്ടമൂര്‍ത്തി.
      
ജീവിതം
പരാജയത്തിന്റെ നാനാര്‍ത്ഥങ്ങളായി:
3പരമായ ജയം.
പരന്റെ ജയം.
4പരയുടെ ജയം.

ജയിച്ചവരോട് 
അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:
''ജയിച്ചവനല്ല
 ജയം ആഗ്രഹിക്കാത്തവനാണ്
 യഥാര്‍ത്ഥ ജേതാവ്''

ഇതാ, വഴിയുടെ പിതാവ്
താന്‍ നടന്നുപോയ വഴിയിലൂടെ 
കിടന്നു പോകുകയാണ്.
വഴിയോരത്തുള്ളവര്‍
അന്ത്യോപചാരമര്‍പ്പിക്കുകയാണ്.
വിട, പരാ - ജയശ്രീലാളിതന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com