'കണ്ണുകാണാത്തവരുടെ നഗരം'- ബക്കര്‍ മേത്തല എഴുതിയ കവിത

കണ്ണുകാണാത്തവരുടെ നഗരത്തില്‍ പെട്ടുപോയകാഴ്ചയുള്ളവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍അന്ധന്മാര്‍ അവര്‍ തീരുമാനിച്ചുഒരു പൊട്ടക്കണ്ണന്‍ കണ്ണിന്റെ സ്ഥാനമെന്നു കരുതികുത്തിയത് നെഞ്ചത്ത്
'കണ്ണുകാണാത്തവരുടെ നഗരം'- ബക്കര്‍ മേത്തല എഴുതിയ കവിത

ണ്ണുകാണാത്തവരുടെ നഗരത്തില്‍ പെട്ടുപോയ
കാഴ്ചയുള്ളവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കാന്‍
അന്ധന്മാര്‍ അവര്‍ തീരുമാനിച്ചു
ഒരു പൊട്ടക്കണ്ണന്‍ കണ്ണിന്റെ സ്ഥാനമെന്നു കരുതി
കുത്തിയത് നെഞ്ചത്ത്.
മറ്റൊരുത്തന്‍ കുത്തിയത് കണ്ണിലാണെങ്കിലും
കൊണ്ടത് വയറ്റില്‍
ഓരോരുത്തരും മാറിമാറി കുത്തിയിട്ടും
അവന്റെ കണ്ണില്‍ മാത്രം കൊണ്ടില്ല.
എല്ലാ അവയവങ്ങളും മരിച്ചിട്ടും
കണ്ണ് മാത്രം മരിക്കാതെ
പ്രപഞ്ചത്തെ
തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

പൊട്ടക്കണ്ണന്മാരുടെ
ഭ്രാന്തമായ ചിരിയുടെ അലകള്‍
അവന്റെ നോട്ടങ്ങളുടെ പരിധിയില്‍
തുമ്പയും തുമ്പികളുമായി

അവന്‍ ചോരപുരണ്ട കണ്ണില്‍നിന്നും
വെളിച്ചത്തിന്റെ ഒരു തുള്ളിയെടുത്ത്
ഒന്നാമത്തെ കണ്ണുപൊട്ടന്റെ
കണ്ണില്‍ ഇറ്റിച്ചു
അപ്പോള്‍ അവന്റെ അന്ധത മാറി.
പിന്നെ രണ്ടാമത്തെ അന്ധന്റെ കണ്ണില്‍...
അങ്ങനെ എല്ലാ അന്ധന്മാരുടേയും
കണ്ണുകളിലേക്ക് അവന്‍ വെളിച്ചം ഇറ്റിച്ചു കൊടുത്തു.

അവസാനത്തെ അന്ധന്റെ കണ്ണിലേക്ക് കൂടി
വെളിച്ചമിറ്റിച്ചു കൊടുത്തപ്പോഴേക്കും
അവന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും
അടഞ്ഞുകഴിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com