'പൂവുകളെ പകര്‍ത്തുന്ന വഴി'- രേഷ്മ സി  എഴുതിയ കവിത

ഓഞങ്ങളുടെ സന്ധ്യചൂണ്ടയിടാന്‍ കൊണ്ടുപോവുന്നമീന്‍കുടലുകളുടെ മണം
'പൂവുകളെ പകര്‍ത്തുന്ന വഴി'- രേഷ്മ സി  എഴുതിയ കവിത


ഞങ്ങളുടെ സന്ധ്യ
ചൂണ്ടയിടാന്‍ കൊണ്ടുപോവുന്ന
മീന്‍കുടലുകളുടെ മണം.
ഞങ്ങളുടെ ഉച്ച
കോളാമ്പിക്കൊമ്പില്‍ പിണഞ്ഞ
പച്ചിലപ്പാമ്പിന്റെ നിറം.

വെളുപ്പാന്‍കാലത്ത്
വലിഞ്ഞുകേറി
ഞങ്ങള്‍ പറന്നുനടക്കുന്ന മുകില്‍.
ഇരുട്ടാവുമ്പോള്‍
ഒളിച്ചൊളിച്ച്
ഞാന്‍ അകത്തുകേറ്റുന്ന നിഴല്‍.

ഞങ്ങളുടെ പാട്ടില്‍
പറയാതെ
ഇരമ്പിക്കേറുന്ന ഭൂമി.
കത്തിച്ചുകായുമ്പോള്‍
ഉടുപ്പിനുള്ളില്‍
ഇഴഞ്ഞുകേറുന്ന കൊടുംതീ.

കൈ പിടിച്ചു.
കവിള്‍ തൊട്ടു.
കഴിഞ്ഞ കാലം
കണിക്ക് വെച്ചു.
ഇടയ്ക്ക് മഞ്ഞ,
പൊടിയ്ക്ക് വെള്ള,
കറുത്ത പാടുകള്‍
തൊടുന്നു, വെട്ടം.

ഉരച്ചുരച്ച്
നിറം വെപ്പിച്ച
കാല്‍മടമ്പുകളില്‍ ഉമ്മ.
അഴിച്ചുവെച്ച
ചവിട്ടി പഴഞ്ചനായ
നീലച്ചെരിപ്പിന്റെ തുന്നല്‍

ഉരച്ചുനോക്കി
ഉറപ്പാക്കി
എടുത്തണിഞ്ഞ കനം.
കുളിപ്പുരയില്‍
കുളക്കടവില്‍
കടുത്ത പൂവിന്‍ മണം.

തൊട്ടിട്ടല്ലേ,
തൊടാതെയല്ലേ,
ഉടുത്തിട്ടല്ലേ,
അഴിച്ചിട്ടല്ലേ,
കരഞ്ഞിട്ടല്ലേ,
കളിച്ചിട്ടല്ലേ,
ഇലഞ്ഞിപ്പൂക്കള്‍
പറിച്ചിട്ടല്ലേ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com