'തുണിപ്പുര'- ഒ അരുണ്‍കുമാര്‍ എഴുതിയ കവിത

അയ എന്നു വിളിക്കും.മുട്ടുകുത്തിഎഴുന്നുനിന്നചേമ്പിന്‍തണ്ടുകള്‍ചവുട്ടിയൊടിച്ച്ശിഖരമുള്ള രണ്ടു മുളമരങ്ങള്‍കൂട്ടിക്കെട്ടും
ചിത്രീകരണം: അർജുൻ കെവി
ചിത്രീകരണം: അർജുൻ കെവി

യ എന്നു വിളിക്കും.

മുട്ടുകുത്തി
എഴുന്നുനിന്ന
ചേമ്പിന്‍തണ്ടുകള്‍
ചവുട്ടിയൊടിച്ച്
ശിഖരമുള്ള രണ്ടു മുളമരങ്ങള്‍
കൂട്ടിക്കെട്ടും.

നിലാവെന്നു പറയും.

അയ്യന്തോറും
വീണുകൊണ്ടിരിക്കും
ചാന്ദ്രപ്രകാശം.

ഇപ്പോള്‍ത്തന്നെ വൈകിക്കഴിഞ്ഞ
ഈ രാത്രി
പിള്ളകളുടെ
അവസാന തീട്ടത്തുണിയും 
അലക്കി അലക്കി
നടു നിവര്‍ത്തുമ്പോള്‍
ആകാശത്തുണ്ട്
ഒരു
മഞ്ഞനിറം.

രണ്ടുപേര്‍
ഇടം വലം നിന്ന്
കെട്ടുന്നു
തൂക്കുന്നു
മുളം കമ്പുകളില്‍
തുണി നിറയുന്നു.

വീടൊന്നും കാണാനില്ല.
കാറ്റത്തിളകും തുണിപ്പുര.

തുണികള്‍ക്കിടയില്‍
മഞ്ഞ 
തെളിഞ്ഞു തെളിഞ്ഞ്
ഈ രാത്രി മുഴുവന്‍ 
അലക്കു നീണ്ടുപോകാം.

ചന്ദ്രനില്‍ മുന്‍പു പോയവരേ
ഞങ്ങളോടു പറഞ്ഞാട്ടേ
അവിടെ ചെന്നാല്‍ മണമുണ്ടോ?
മണത്തതൊക്കെ പാല്‍മണമോ?

അയയില്‍
വീണ്ടും
കാറ്റും 
കിലുക്കവും.

ചേമ്പിലപ്പൊത്തില്‍
ഈറന്‍മഞ്ഞ.

ഇളകുമിലകളില്‍
ഉരുളും തുള്ളികള്‍.

ഈ മഞ്ഞയുണ്ടല്ലോ
എവിടെയും പറ്റുന്നില്ല.
എവിടെയും പുരളുന്നില്ല.

നനവില്ലാത്ത  കുളിരില്‍
തിരിച്ചറിയാന്‍ മാത്രം പറ്റുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com