'ഫാത്തിമ'- കെ. ജയകുമാര്‍ എഴുതിയ കവിത

നേരിയ നിരാശയുടെ നാലഞ്ച് ഡാലിയകള്‍    ചിരിയോടെ എന്‍ നേര്‍ക്ക് നീട്ടിയ ഫാത്തിമാനിഷ്‌കളങ്കം നിന്റെ നയനങ്ങള്‍;  എങ്കിലും നാളങ്ങള്‍ തെളിയാ വിളക്കായിരുന്നവ
ചിത്രീകരണം: അർജ്ജുൻ കെവി
ചിത്രീകരണം: അർജ്ജുൻ കെവി

നേരിയ നിരാശയുടെ നാലഞ്ച് ഡാലിയകള്‍    
ചിരിയോടെ എന്‍ നേര്‍ക്ക് നീട്ടിയ ഫാത്തിമാ
നിഷ്‌കളങ്കം നിന്റെ നയനങ്ങള്‍;  എങ്കിലും 
നാളങ്ങള്‍ തെളിയാ വിളക്കായിരുന്നവ. 

ആണ്ടുകളേറെയായ്, ദാല്‍തടാകത്തിന്റെ
ആഴങ്ങള്‍ പണ്ടേനിസ്സംഗമുറഞ്ഞുപോയ്. 
നിശ്ചലം നില്‍ക്കും ചിനാറുകളതിരിട്ട   
നിര്‍ജ്ജന വഴികളില്‍ പ്രേതസഞ്ചാരമായ്.

ഫാത്തിമാ! നീയെന്റെ  ക്യാമറക്കണ്ണു തുറന്നു-
വന്നുള്ളിലെ താമസക്കാരിയായ്.
നിന്‍ രൂപമാണെന്റെ ഭൂപടം; നിന്നുടല്‍ 
മൂടുന്ന പൂപ്പല്‍ ചരിത്രവും സാക്ഷ്യവും.  

'എവിടെ നീ' എന്നുള്ള  ചോദ്യവുമായ് നിന്നെ
എവിടെയും തിരയാന്‍ തുനിയുകയില്ല ഞാന്‍. 
ഒരു ചില്ലുപോലെ നുറുങ്ങിയിരിക്കണം 
ഇത്തിരിപ്പോന്ന നിന്‍ സ്ഫടിക കളേബരം. 

മൃതി നിന്നെയിനിയും അനുഗ്രഹിച്ചില്ലയോ?
നീ ദുഃഖതരുവായ്  വളര്‍ന്നു കഴിഞ്ഞുവോ?  
വെന്ത മനസ്സോടെ ഭീതിതന്‍ അറയില്‍ നീ 
അന്ത്യവിമോചനം കാത്തിരിക്കുന്നുവോ? 

കാണാതെയായ നിന്‍ മക്കളെയോര്‍മ്മിച്ചു-
മുടലിന്റെ മലിനതയോര്‍ത്തും വെറുത്തും, 
നിലായ്ക്കാത്തൊരീ മഞ്ഞുവീഴ്ചയിനി  എത്രനാള്‍ 
എന്ന നിന്‍ ചോദ്യവും നേര്‍ത്തസ്തമിച്ചുവോ? 

നിത്യവും മൃതി പുതുരംഗങ്ങള്‍ തീര്‍ക്കുകില്‍ 
ഓര്‍ക്കുവതാരൊരു  ബാലതന്‍ നിണബലി? 
ആ ബാല മൃതിയെത്ര കാമ്യം? ചരിത്രമൊരു   
ദുഃസ്വപ്‌ന പര്‍വ്വം  കുറിക്കാന്‍ തുടങ്ങവേ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com