'ആടുകളുടെ വാതില്‍'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

ഞാന്‍ആടുകളെ തുറന്നുവിട്ടുഎന്നിട്ടിപ്പോഴുംഅവരുടെ ഇറച്ചി തിന്നുന്നുസ്വപ്‌നത്തില്‍ഒരു പര്‍വ്വതം മുഴുവന്‍താഴ്വര മുഴുവന്‍അവര്‍മേയുന്നതായി കാണുന്നു
ചിത്രീകരണം: അർജുൻ കെവി
ചിത്രീകരണം: അർജുൻ കെവി

ഞാന്‍
ആടുകളെ തുറന്നുവിട്ടു
എന്നിട്ടിപ്പോഴും
അവരുടെ ഇറച്ചി തിന്നുന്നു
സ്വപ്‌നത്തില്‍
ഒരു പര്‍വ്വതം മുഴുവന്‍
താഴ്വര മുഴുവന്‍
അവര്‍
മേയുന്നതായി കാണുന്നു;
വല്ലപ്പോഴും
മുള്‍ച്ചെടികളെ പ്രാപിക്കുന്നതായും.

ഭോഗിക്കപ്പെടാത്ത ആകാശമായി
മണ്ണിലെത്തടാകം
ചോരയിറ്റുന്ന ലിപികളില്‍ ചവിട്ടി
ഒരു പുരോഹിതന്‍
അതുവഴി പോകുന്നു.
ആടുകള്‍ക്ക് 
അയാളല്ല വാതില്‍.
ഞാനത്
ആദ്യമേ തുറന്നിട്ടു
അതുവഴി
അവര്‍ കടന്നുപോയി.
എന്നിട്ടും 
ഞാന്‍ തിന്നുന്നു
അവരുടെ
നെയ്യൂറുന്ന ഇറച്ചി 
എന്നിട്ടും
അവര്‍ മേയുന്നു
പര്‍വ്വത ഭിത്തിയില്‍ ഉടലുരക്കുന്നു
മേഘങ്ങളില്‍ കയറിനിന്ന്
നക്ഷത്രങ്ങളെ നക്കിത്തുടയ്ക്കുന്നു

പുരോഹിതന്റെ ചോരയ്ക്കുവേണ്ടി
ഒരു ദൈവം
എന്നോടു കേഴുന്നു
ഞാനോ
അവന്‍ കാണ്‍കെ
ഇറച്ചിയും ചാറും തിന്നുന്നു
അടച്ചിട്ട ലോകത്തിന്റെ അറ്റത്തെ
ആരുമില്ലാത്ത ഗ്രാമത്തില്‍.

വേണമെങ്കില്‍
ആടുകള്‍
വരിവരിയായി മടങ്ങുന്നതും
തീയ്യിലും വെള്ളത്തിലും സ്‌നാനപ്പെടുന്നതും
കാറ്റിന്റെ ദ്വാരത്തിലൂടെ
എനിക്കു കാണാം

കണ്ണുകള്‍ ഞാന്‍
പാതാളത്തിനു കൊടുത്തിരിക്കുന്നു;
ശബ്ദത്തെ ഇരുട്ടിനും.

എന്റെ ജീവന്‍
തടാകത്തിലിപ്പോള്‍
മുതലയായി നീന്തുന്നു
സാവധാനം ഒരു തീഗോളം
മുകളിലൂടെ ഉരുണ്ടു മറയുന്നു.

ആലയില്‍
ആടോ ആളോ ഇല്ല
എന്നിട്ടും
ഞാന്‍ ഇറച്ചി തിന്നുന്നു
എന്റെ പ്രപഞ്ചത്തില്‍
ദേവാലയങ്ങള്‍ ഇല്ല
എന്നിട്ടും
ഒരു പുരോഹിതന്‍
ഒരു ദൈവം
ഇറച്ചിക്കുമേല്‍ ഞാന്‍
എനിക്കുമേല്‍ ആട്ടിന്‍പറ്റം
അവ
മേഘങ്ങളില്‍നിന്ന്
എടുത്തു ചാടുന്നു 

ഭൂമിയും ഞാനും
അവയുടെ മെതിക്കളം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com