'കാട്ട് കട്ന്നല് മാതിരിയൊഞ്ചി പെണ്ണിജ്ജൗ'- ധന്യ വേങ്ങച്ചേരി എഴുതിയ കവിത

ചിറ്റപ്പനെ പട്ടക് മിത്ത്ചോയിച്ചി തൂങ്ക്ത് ചെയ്ത്ത്ക്നകൊര്‍ട്ടെ മറംണ്ട്.ആ മറക് ക്ട്ടെകൊള്ളി പൊളിപ്പിയെചെന്നു ബറും
'കാട്ട് കട്ന്നല് മാതിരിയൊഞ്ചി പെണ്ണിജ്ജൗ'- ധന്യ വേങ്ങച്ചേരി എഴുതിയ കവിത

(ഗോത്ര ഭാഷ/ മാവിലന്‍ തുളു)

ചിറ്റപ്പനെ പട്ടക് മിത്ത്
ചോയിച്ചി തൂങ്ക്ത് ചെയ്ത്ത്ക്ന
കൊര്‍ട്ടെ മറംണ്ട്.
ആ മറക് ക്ട്ടെ
കൊള്ളി പൊളിപ്പിയെ
ചെന്നു ബറും.
ചെന്നു ബറനക
കുമ്പെയാ വെള്ളച്ചിയാ
ബെയ്യെന്നെണ്ടൗ.
തിനിയെ തിന്റ്
നാറ, നരെയാ
പെയ്ത്താ കുയ്യ്ത്തെടെനകള
പറ്റെള്ള പണ്‍മ്പും.

റാക്കുണ്ട് അരങ്ങത്തിന മേറയ്യ്
അയ്യ്നി പൊട്ത്താ കുനിത്താക്ക്ണത്.
കഞ്ചിയാ കറല
കൊല്ലിക് പെയ്യ്ത് ബീപ്പ്ക്ണത്.
രാകോയിത്ത കൂവ്വെല് കണക്കെ
അയ്ന ബൈര്യം
ഇര്‍ള്ട്ട് തങ്ങ്ക്നത്.

ഒറ്റെക് ചാപ്പെറ്റ് നിന്റിപ്പ്ക്ണ
മാണിക്കം
മര്‍ക്കള റാക്കുണിയെ
ബര്‍ത്ത് കൂട്ഗ് നാനൊഞ്ചിപ്പം
പട്ക്ക്ണത്
കരിപ്പള ച്മ്പ്ത്
മരക്കള ഒറ്റെഗെന്നാക്നത്.

എയ്ത്ത് പഠ്പ്പിയെ
പണ്ടെയ്പ്പനക ജോര്‍ക്കള്
ഏറല ചൂവാന്റെ
കുറ്റിക്കാട്ത്ത ചേതിക് അട്ട്ത്
തെങ്ങ്ത്ത കുണ്ട്ട്ട്
ഒളിപ്പ്ക്നത്.

പ് ലേറണപ്പളെ ജത്ത് 
മാക്കം കളിയുണിയേ പൊക്ക്ണത്.
ജാള്‍ട്ട് ബെലിത്ത് ബീത്ത്ക്ണ
കുറ്റി ബീഡി എറ്ത് ബെലിപ്പ്ക്ണത്.

ചപ്പിലെ ചിലിമെ ചൂയ്യെ പോത്
അള്ള്ത്തൊരിയയ്യ്
തോണ്ട്ത് തെലിത്ത്
നൂറുത് പോക്ണയ്ക്ക്
തെറൂട്ടെന്നെ ക്ടത്ത്
ആയ്യ് പോക്ക്ണ ബണ്ടി
തടെത്
പൊനം കത്തിയാ മാച്ചിയാ
കരിക്കറള
പറ്റ്താ തൊടെത്താ ഇള്ളെ
ഉള്ളം കയ്ത്ത ഉശിര്
പണ്ട് കൊര്‍ക്ക്നത്.

പൊര്‍ത്താക്ണാനി.
തൊണ്ടെ ഉട്ങ്ക്ത്
മൂജി നാല് ദെവസം
താത്തെട്ടിറ്റ്ള്ള കോയിപ്പേനത്ത
ചിച്ചല് കൊണ്ട്
ദേറാന്റെ ലത്ത്കുള്ള്ത്ത്ണ്ടാക്ന കയ്ത്
പേറ്റേറാ എലുമ്പിച്ചിന
മൂജി കുളി
ചൂയ്യേന്റെള്ളെയ്ന പറ്റത്,
അച്ചെ പറ്റെല പണ്‍മ്പും.

ച്ള്ള്താ മാന്ത്താല്ള
പറ്റവനള ബഞ്ചി നിഞ്ചൗ.
കാട്ട് കട്ന്നല് മാതിരി 
കൂട്ടം കൂട്ഗ്നൗ.

കാട്ടു കടന്നല്‍ പോലൊരു പെണ്ണുങ്ങള്‍

ചിറ്റമ്മയുടെ വീടിന് മുകളില്‍
ചോയിച്ചി തൂങ്ങി മരിച്ച 
കശുമാവുണ്ട്
ആ മരത്തിനടിയില്‍ 
വിറക് കൊത്താന്‍ 
ചെന്നു വരും
ചെന്നു വരുമ്പോള്‍ 
കുമ്പയും വെള്ളച്ചിയും 
പുറകില്‍ തന്നെയുണ്ടാകും 
മുറുക്കാന്‍ തിന്ന്
നാരും നരയും 
പെറുക്കിയും കുഴിച്ചും  ചെയ്യുമ്പോള്‍ 
അവരെല്ലാം പറയും.

റാക്ക് കുടിച്ച് അരങ്ങത്തിയുടെ ഭര്‍ത്താവ് 
അവളെ അടിച്ചും കുനിച്ചും
കഞ്ഞിയും കലവും 
തോട്ടില്‍ എടുത്തെറിയുന്നത്.
രാക്കോഴിയുടെ കൂവല്‍ പോലെ
അവളുടെ കരച്ചില്‍ 
ഇരുട്ടില്‍ തങ്ങുന്നത്.

ഒറ്റയ്ക്ക് ചാപ്പയില്‍ കഴിയുന്ന
മാണിക്കം പിന്നെയും 
മദ്യപിക്കാന്‍ വന്നവനോടൊപ്പം
കിടന്നത്.
ഗര്‍ഭം ചുമന്ന് പിന്നെയും
തനിച്ചു തന്നെ ആയത്.

എഴുത്തു പഠിക്കാനായ്
പറഞ്ഞുവിട്ട കുട്ടികള്‍ 
ആരും കാണാതെ 
കുറ്റിക്കാടിന് ചേര്‍ന്ന് മൂത്രമൊഴിച്ച്
തെങ്ങ് കുഴിയില്‍ ഒളിച്ചിരുന്നത്.

പുലര്‍കാലേ എണീറ്റ് മാക്കം
കള്ളു കുടിക്കാന്‍ പോകുന്നത്. 
ഷാപ്പിന്റെ മുറ്റത്ത് വലിച്ചുകളഞ്ഞ
ബീഡിക്കുറ്റിയെടുത്ത് വലിക്കുന്നത്.

ചപ്പില 
സിനിമ കാണാന്‍ പോയപ്പോള്‍ 
അവിടുന്നൊരുത്തന്‍ 
തോണ്ടി  ചിരിച്ച് നുഴഞ്ഞ് പോയത് .
വഴിയില്‍ത്തന്നെ കിടന്ന്
അവന്‍ പോകും വണ്ടി തടഞ്ഞ്
പൊനം കത്തിയും ചൂലും
കരിക്കലവും
പിടിച്ചും തൊട്ടുമുള്ള
ഉള്ളം കയ്യിലെ ശക്തി
പറഞ്ഞ് കൊടുത്തത്.

മാസക്കുളി വന്ന ദിവസം
തൊണ്ട വരണ്ട്
മൂന്ന് നാല് ദെവസം
ചായ്പിലെ കോഴിപ്പേന്‍ കടികൊണ്ട് 
ഉറങ്ങാതെ ഉണര്‍ന്നിരുന്നതിന് ശേഷം
മറ്റാരും എലുമ്പിച്ചിയുടെ മൂന്നാം കുളി
കാണാത്തതിനെക്കുറിച്ച് 
അങ്ങനെ എല്ലാം പറയും. 

ചികഞ്ഞും മാന്തിയായാലും
എല്ലാരുടേയും വയറ് നിറയ്ക്കുമവര്‍.
കാട്ട് കടന്നല്‍ പോലെ
കൂട്ടം കൂടുന്നവര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com