'വിപരീതങ്ങള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

ശുഭമെന്നെഴുതണോശൂന്യമെന്നെഴുതണോഇരുട്ടെന്നെഴുതണോവെളുപ്പെന്നെഴുതണോഏതു വിപരീതവുമെഴുതാംഏതനര്‍ത്ഥവുമര്‍ത്ഥമാക്കാം
'വിപരീതങ്ങള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

1. പരാപരം

ശുഭമെന്നെഴുതണോ
ശൂന്യമെന്നെഴുതണോ
ഇരുട്ടെന്നെഴുതണോ
വെളുപ്പെന്നെഴുതണോ
ഏതു വിപരീതവുമെഴുതാം
ഏതനര്‍ത്ഥവുമര്‍ത്ഥമാക്കാം

തോന്നലാണല്ലോ ലോകത്തെ
ചലിപ്പിക്കുന്നു വളര്‍ത്തുന്നൂ
തോന്നലെന്താണതെന്നെത്തന്നെ
തോന്നിപ്പിക്കുന്ന വിസ്മയം
വിസ്മയമെന്നാലെന്താണെന്നെത്താന്‍
ചാരിനില്‍ക്കുമെന്‍ നിഴല്‍.
വെട്ടിവീഴ്ത്തിയെന്നെത്തന്നെ
രണ്ടു കാലില്‍ നടത്തിക്കും
പരാപര വിസ്മയം.
പരമെന്ത് അപരമെന്ത്
അസ്തമയം പോലെ വിസ്മയം.
നട്ടുച്ചയ്ക്കു കനല്‍മഴതന്നെ വിസ്മയം 
കനല്‍ച്ചാരത്തില്‍നിന്നു വിരിയും
കനവാകുന്നു വിസ്മയം.

2. കാലം

കാലം കടഞ്ഞ തടിയില്‍ ഋതുചക്ര 
മോഹവലയങ്ങളായ് പൂതലിപ്പില്ലാതെ
ഓര്‍മ്മകള്‍.
കാലം പടുത്തുയിര്‍ക്കൊള്ളിച്ച വക്ര 
മോഹശില പിളര്‍ന്നുയിര്‍ക്കൊള്ളുന്നു
ഓര്‍മ്മകള്‍.
കാലം ഞാനാണു നീ ലോകമാ
ണൂഹങ്ങള്‍ ചങ്ങലകളായ്
കെട്ടി വലിച്ചാലും
ഓര്‍മ്മകള്‍ക്കാവില്ലതിന്‍
മുരടുകള്‍ പറിച്ചെടുക്കാന്‍.

കാലത്തില്‍നിന്നും
പിറക്കുന്നു സ്മരണകള്‍
കാലമൊന്നുമല്ല
ഓര്‍ക്കാനാരുമില്ലെങ്കില്‍
ഈ പൂക്കളില്ലെങ്കില്‍
പൂക്കളോമനിക്കുവാന്‍
കുഞ്ഞുകൈകളില്ലെങ്കില്‍,
താരാട്ടുപാടുവാനമ്മയില്ലെങ്കില്‍
അമ്മയുടെ നോവുകളുണക്കുവാന്‍
മരുന്നിലയുമായ്
ഉന്മത്ത സ്നേഹമൊരു
നിശാവാതമായ്
എത്തുകയില്ലെങ്കില്‍...

മകളെ തിരഞ്ഞു
കടല്‍ രണ്ടായ് പകുത്തുപോം
താതനറിയുന്നു കാലം,
ഒരു ഗിരിയില്‍ കാലൂന്നി
മറുഗിരിയില്‍ കാല്‍നീട്ടി
ശരം മൂര്‍ച്ചകൂട്ടുവോന്‍
അറിയുന്നു കാലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com