'മേല്‍മൂടി'- കെ.ജി.എസ് എഴുതിയ കവിത

കൂടെയുള്ള എന്തെങ്കിലുമൊന്ന് ഓരോരുത്തരേയുമൊരുനാള്‍ മൂടും.തിരയെ പിന്‍തിരതെളിമയെ കലക്കംപഴമയെ പുതുമ
'മേല്‍മൂടി'- കെ.ജി.എസ് എഴുതിയ കവിത

കൂടെയുള്ള എന്തെങ്കിലുമൊന്ന് 
ഓരോരുത്തരേയുമൊരുനാള്‍ മൂടും.
തിരയെ പിന്‍തിര
തെളിമയെ കലക്കം
പഴമയെ പുതുമ
അമ്മയെ മക്കള്‍... ഇങ്ങനെ.
മൂടാനും മൂടപ്പെടാനുമാണെല്ലാമെന്ന
ബോധവും മൂടും ചരിത്രം.

2
നൂറാവര്‍ത്തി ഫോട്ടോയ്ക്ക്  ചിരിച്ചൊരുങ്ങിയ മുഖം 
ഒരുനാള്‍ അറസ്റ്റിലായപ്പോള്‍
സ്വന്തം കൈപ്പത്തി പാഞ്ഞെത്തി മുഖംപൊത്തി. 
കുറ്റത്തിന്റെ നീചമുദ്ര പതിഞ്ഞ് ചതഞ്ഞ്
മുഖം അശ്ലീലമായെന്ന് 
മുഖത്തിനുള്ളിലേക്ക്  മുഖം ചൂളി.

3
മുഖം മൂടാതെ കൊല്ലെടാ ഇബിലീസേ എന്നലറി 
കഴുമരത്തിലെ സദ്ദാം. 
സദാ കൂടെയുണ്ടായിരുന്ന സിംഹം  വിട്ടുപോയില്ല.  
ഭയമോ പശ്ചാത്താപമോ തെല്ലുമില്ലാതെ 
തോല്‍വി ഭാവിക്കാനോ സമ്മതിക്കാനോ കൂട്ടാക്കാതെ
സദ്ദാമിന്റെ മുഖത്ത്  കുത്തിയിരുന്ന് സിംഹം
പരലോകത്തിലേക്ക് നോക്കി; 
പരേതലോകം കണ്ടു:
യൂഫ്രട്ടീസ് ടൈഗ്രീസ് തടങ്ങള്‍ കണ്ടു.   
ബാബിലോണിയന്‍  വെളിച്ചങ്ങള്‍  കണ്ടു. 
ഹമ്മുറാബി വാഴുന്നത് കണ്ടു.
ഇരകള്‍ ഓടുന്നതും പിടയുന്നതും  നിലയ്ക്കുന്നതും കണ്ടു. 
 
4
നീതിയായിരുന്നു സ്റ്റാന്‍ സ്വാമിക്ക് പ്രാണവായു.
ജാമ്യവായു പോലുമില്ലാത്ത നിയമവാഗണില്‍  
സ്വാമിയെത്തറച്ച്
ക്രുദ്ധവേഗത്തിലവര്‍ വണ്ടി കുരിശുമലയിലേക്ക് പായിച്ചു.
നീതിയായിരുന്നു സ്വാമിയുടെ ഏകധനം, 
ഓടിവന്ന് മൂടിപ്പുണരാന്‍.

പോരാളിയുടെ കൂടെയുണ്ടായിരുന്നില്ല ഭീരു,
കോഴി കൂവും മുമ്പ് മൂന്ന് വട്ടം നീതിയെ തള്ളിപ്പറഞ്ഞവന്‍. 
പള്ളിമേടയില്‍ വിസ്‌കിശയ്യയില്‍ അവന്‍
ചരിത്രത്തിന്  വെളിയിലേക്കൂര്‍ന്ന് വീണിരുന്നു.
ഒച്ച കേട്ടാലോടിയൊളിക്കുന്ന മൂന്നാല് മുയലുകള്‍ 
പള്ളിപ്പുല്ലിലും പാര്‍ട്ടിപ്പുല്ലിലും 
ആരെങ്കിലും വെളുപ്പിക്കട്ടെ നേരമെന്ന്
കാത് കൂര്‍പ്പിച്ച് പതിഞ്ഞിരുന്നു.

വധക്കോളത്തിലും പ്രതിരോധക്കോളത്തിലും
ആരൊക്കെയോ പൂക്കള്‍ വെച്ചിരുന്നു.
എനിക്കെന്ത് ചെയ്യാനാവുമെന്നറിയാതെ 
മാലാഖമുകില്‍  പ്രാര്‍ത്ഥിച്ചലഞ്ഞു.
എന്തൊക്കെ എങ്ങനെയൊക്കെ 
ചെയ്യാമായിരുന്നെന്നറിയുമ്പോഴേക്ക് 
മുഴങ്ങിയിരിക്കും മണി.

5
ഇടിമിന്നലുകള്‍ക്കും 
കൊടുമുടികള്‍ക്കുമൊപ്പമായിരുന്നു എന്നും
ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ,
തീക്ഷ്ണ നോട്ടത്തില്‍ കാതല്‍ കാണുന്നത്:

രോഹിംഗ്യന്‍ ലാവ നദിയും കടലും കടന്ന്
അഭയതീരത്തെ ചുംബിക്കുന്നു. 
മരുപ്പരപ്പ് ഫലഭൂയിഷ്ടമാക്കാന്‍ താലിബാന്‍
മനുഷ്യത്തല ചവച്ചുടച്ച് തലയോട്  തുപ്പുന്നു.
വൈറസും ഭീകരതയും ഒരേ ഇരുള്‍മൂര്‍ത്തിക്ക്
ജീവന്‍ നേദിക്കുന്നു... ദീപാവലിയല്ല ദില്ലിയില്‍
നേരിന്റെ കൂട്ടച്ചിതയെരിയുന്നു... 

ഭയച്ചുളിവുകളില്ല ഡാനിഷിന്റെ ദൃശ്യങ്ങളില്‍.
കുറ്റക്കരുത്തിനെ അവയില്‍
നീതിക്കരുത്ത് വിചാരണ ചെയ്തു.

എതിരനക്കങ്ങള്‍ ചതിയനക്കങ്ങള്‍ രഹസ്യമായിരുന്നു;
ഡാനിഷ് സിദ്ദിഖിയും ഫോട്ടോ ആയി. 

കൂടിക്കുഴയുന്നു വീണ്ടും ദു:ഖരോഷങ്ങള്‍ 
നേട്ട നഷ്ടങ്ങള്‍ ക്രൗര്യകരുണകള്‍.
സൂം ചെയ്താലും രൂപം തെളിയാത്ത
തീരുമാനങ്ങളുടെ ഫ്രെയിമുകള്‍  
ലോകഗാലറിയില്‍ നിറയുന്നു;
കണ്ടതിനെ മൂടുന്നു കാണുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com