'മടക്കമാകുന്നു'- കെ.പി. മോഹനന്‍ എഴുതിയ കവിത

മടക്കമാകുന്നു സകലവുമിപ്പോള്‍ അകലമാകുന്നു, അതിരുകള്‍ പിന്നില്‍ അലിഞ്ഞുപോവുന്നു
'മടക്കമാകുന്നു'- കെ.പി. മോഹനന്‍ എഴുതിയ കവിത

ടക്കമാകുന്നു 
സകലവുമിപ്പോള്‍ 
അകലമാകുന്നു, 
അതിരുകള്‍ പിന്നില്‍ 
അലിഞ്ഞുപോവുന്നു 
വെറും മറവിയായ് 
കുമിയുന്നു കാലം, 
പിറകിലേക്കല്ല മടക്കം,  
ബോധത്തിന്‍ വഴിയില്‍ 
ചോര്‍ന്നതാം കിനാവിലേക്കല്ല, 
മടക്കം ഓര്‍മ്മകള്‍ 
പിറക്കാത്ത വഴി... 
നിമിഷരേണുക്കള്‍ 
ചുഴലികളാകും 
ഭ്രമരമാര്‍ഗ്ഗത്തില്‍... 
അണുതരംഗങ്ങള്‍
പടര്‍ന്നുകേറുന്ന 
വനപഥങ്ങളില്‍, 
അവിടെ ഭാവിയില്‍ 
അറിയാത്ത വേഷം
എടുത്തണിയുവാന്‍, 
അഴിച്ചുവെയ്ക്കുവാന്‍, 
ഇനിയും എത്രയോ 
പിറവികള്‍ക്കായി 
മണിമുഴക്കുവാന്‍ 
മരണമുണ്ടൊപ്പം... 
മടക്കമാകുന്നു, 
ഇതുവരെ കൂടെ 
വിടാതെവന്നതാം 
അഹത്തിനെ മാറ്റാം... 
ഇഹത്തില്‍ ആഴത്തില്‍ 
കുരുങ്ങും വേരുകള്‍ 
പറിച്ചുമാറ്റിടാം. 
കനികളൊന്നുമേ 
വിലക്കാത്ത വനം 
തളിര്‍ത്തിടും ഭാവി 
അകലെയായിടാം... 
അവിടെത്തങ്ങണം 
മടങ്ങുന്നവഴി, 
അവിടെ സ്വര്‍ഗ്ഗവും 
നരകവും തീര്‍ക്കും 
മതിലുകളൊന്നും 
വഴിമുടക്കില്ല... 
മടക്കമാകുന്നു..
മഹാരഥങ്ങള്‍തന്‍ 
തകര്‍ന്നചക്രങ്ങള്‍ 
പുനര്‍ജനിക്കുന്നു... 
തിരിച്ചു ഭാവിതന്‍ 
വഴിയിലെത്തുവാന്‍. 
വിടര്‍ന്ന കാടുകള്‍ 
മുറിച്ചുമാറ്റിയും, 
പരന്നൊഴുകുന്ന 
നദികള്‍ കത്തിച്ചും, 
അപാരരൂപങ്ങള്‍, 
നിറങ്ങള്‍, നാദങ്ങള്‍,  
സമൃദ്ധ ജീവനില്‍ 
തളിര്‍ത്ത ഭേദങ്ങള്‍, 
വസുധതന്‍  മക്കള്‍ 
അവരില്‍ നമ്മളും... 
അതൊക്കെ എങ്കിലും 
മറന്നു മര്‍ത്ത്യര്‍ നാം
മുഴക്കി മേല്‍ക്കോയ്മ, 
വിതച്ചു ഹിംസകള്‍...  
സഹിക്കും അമ്മതന്‍ 
മനസ്സിലും നമ്മള്‍ 
കൊരുക്കും  മുള്ളുകള്‍ 
തിരിഞ്ഞു കൊത്തുന്നു... 
തകര്‍ത്ത കുന്നുകള്‍, 
കരിച്ച കാടുകള്‍, 
പതിച്ചെടുത്തതാം 
വിശാല തീരങ്ങള്‍... 
പിറവി നല്‍കിയ 
കനിവാര്‍ന്ന ഭൂമി 
ഇടിഞ്ഞുതാഴുന്നു, 
പ്രളയതാപത്തില്‍...
മടക്കമാകുന്നു
സകലവുമിപ്പോള്‍
അകലമാകുന്നു,
വികലമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com