'മൂന്ന് കവിതകള്‍'- സ്‌നേഹ ജോണ്‍

കടലു കാണണംആഴിഗര്‍ഭത്തിലൊരുശംഖായ് മയങ്ങണം
'മൂന്ന് കവിതകള്‍'- സ്‌നേഹ ജോണ്‍

1
ജലസമാധി

ടലു കാണണം
ആഴിഗര്‍ഭത്തിലൊരു
ശംഖായ് മയങ്ങണം
തിരകള്‍ തള്ളി നീയൊടുവിലെത്തീടവേ-
യുള്ളിലെ,യുപ്പൊരു
ചിപ്പിയായേകണം... 

2
കരിയിലക്കിളികള്‍

ത്മാക്കള്‍ കരിയിലക്കിളികളായും വരാറുണ്ട്...
ഒറ്റയ്ക്കിരിക്കുമ്പോള്‍
നരച്ച തൂവലും തപിച്ച നോട്ടവും കൊണ്ട്-
ജന്മാന്തരങ്ങള്‍ക്കിടയിലെ അന്തരം-
ഒരു ചില്ലയില്‍നിന്നു മറ്റൊന്നിലേക്കു ചാടുന്ന
ലാഘവത്തോടെയുള്ളിലൊതുക്കി,
ഉഷസ്സിന്റെ നിഴല്‍പറ്റി, പറന്നു മുറ്റത്തു ചിലയ്ക്കാറുള്ള
കരിയിലക്കിളികളാണ്
ആത്മാഹുതിയുടെ പാപഭാരം
പുനര്‍ജ്ജന്മങ്ങളിലൂടെ മായ്ചുകളയുവാന്‍ നോക്കുന്നതെന്ന്
എനിക്കിടയ്ക്കിടെ തോന്നുന്നതെന്തുകൊണ്ടാവണം...?
ഉള്ളിലൊരു ചിറകടിയൊച്ച...

അതോ ഭൂതകാല മണ്ണില്‍
എന്റെ മാംസം ദ്രവിച്ച്,
തൂവലുകള്‍ നിലംചുംബിച്ച്
ചിതലരിച്ചു കിടക്കുന്നത്
ഇടയ്ക്കിടെയോര്‍മ്മയില്‍ 
മിന്നിമായുന്നതോ?

3
ഉന്മാദിനി 

ലച്ചോറിനുള്ളില്‍ കടന്നലുകള്‍ ചേക്കേറുമ്പോള്‍
നാവു വല്ലാതെ കയ്ക്കാറുണ്ട്...

നിറമുള്ളതിനെല്ലാം
പഴയചിത്രങ്ങളെ പുല്‍കാറുള്ള
ഇളം തവിട്ടുനിറം പടരാറുണ്ട്...

ഇടക്കിരുണ്ട മുറിയിലൊതുങ്ങി
ഇരുപതാം നൂറ്റാണ്ടിലും
മൈഥിലിയെപ്പോലെ മറയാന്‍ കൊതിക്കാറുണ്ട്...

പൂര്‍ണ്ണചന്ദ്രികാതരംഗങ്ങളില്‍,
ഉന്മാദവേലിയേറ്റത്തിലുലയുമ്പോള്‍
കാല്‍മുട്ടുകളില്‍ മുഖം ചേര്‍ത്ത്
ചുരുങ്ങിയൊതുങ്ങുമ്പോള്‍,

ചുമലില്‍ പേടിപ്പിക്കാതെയൊരാള്‍
കരം ചേര്‍ക്കുന്നത്
കിനാവു കാണാറുണ്ട്...

തിരിച്ചുവരവിന്റെ ദ്യുതിയില്‍
ബോധാബോധങ്ങള്‍ക്കിടയിലെ നൂല്‍പ്പാലത്തില്‍
കാറിത്തുപ്പിയ വാക്കുകള്‍ കൊഞ്ഞനം കാട്ടവേ

താഴെയാഴത്തില്‍ കുറ്റബോധത്തെ
മുക്കിക്കൊല്ലുവാന്‍ തോന്നാറുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com