'ദുഃഖം എന്ന ചേലചുറ്റുന്ന വിധങ്ങള്‍'- സന്ധ്യ എന്‍.പി. എഴുതിയ കവിത

ദുഃഖം ഏറ്റവും ആദ്യംവന്നിരിപ്പു പിടിക്കുന്നത്കണ്ണുകളില്‍ത്തന്നെ!
'ദുഃഖം എന്ന ചേലചുറ്റുന്ന വിധങ്ങള്‍'- സന്ധ്യ എന്‍.പി. എഴുതിയ കവിത

1
ദുഃഖം ഏറ്റവും ആദ്യം
വന്നിരിപ്പു പിടിക്കുന്നത്
കണ്ണുകളില്‍ത്തന്നെ!

കണ്ണുകളുയര്‍ത്തി നോക്കുന്നത്
ഇരുണ്ടു കനത്ത
ചിറകുകള്‍ വിടര്‍ത്തി
മാനത്തേക്കു പറക്കല്‍ത്തന്നെ!

ദുഷ്‌കരം തന്നെ!

നിലത്തേക്കു പോലും
ഇരുണ്ടു കറുത്ത നിഴല്‍ വീഴും
നിഴല്‍പോലും പിടയും!

ഒന്ന്
പറന്നുപോയാലും
മറ്റൊന്ന് ആ ചില്ലയില്‍
അതേപടി
ചിറകു കൂമ്പി
ഇരിക്കും.
അതു പെറ്റിട്ടതോ
അതുതന്നെയോ
എന്നു സംശയം തോന്നും.
കണ്ണുകള്‍
കനം തൂങ്ങി വിങ്ങും!

ദേഹമപ്പാടെ
പെരുംകനമുള്ളൊരു
കരിംചിറകായി നിലത്തേക്കു ചായും!
അനക്കമില്ലാതെ കിടക്കും.
കൃഷ്ണമണി അലിഞ്ഞിഴുകി
ഇരുട്ട് പരക്കും!

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

2
കുടം ചോര്‍ന്നു വെള്ളം മണ്ണില്‍ കിനിഞ്ഞു പരക്കും
ചെടികള്‍
മൊട്ടിനായി തരിക്കും
ചുവന്നു കറുത്ത തേരട്ടകള്‍ നനവുചേര്‍ന്നു
കറങ്ങിച്ചുരുങ്ങും, വെയില്‍ത്തിളങ്ങും
നനവ് പെട്ടെന്ന് മായും

കുടം വെയിലിലുണങ്ങും.
കുടത്തില്‍ ദുഃഖം നിറയും!

3
ഞാനെന്റെ നാക്കിനെ
ഞാണ്‍ ഞാണായി വലിച്ചു വലിച്ചു
പുറത്തേക്കിട്ടു.
കിണറാഴത്തില്‍നിന്നു പൊങ്ങി
വട്ടം വട്ടം മേല്‍ മേല്‍ ചുരുണ്ടിരിക്കും കയറായി
നാക്ക് അങ്ങനെ കിടന്നു.
എന്തുമാത്രം നീളം!

മുറിച്ചുമുറിച്ചു കൊടുക്കതന്നെ.
ഒരു മുഴം
ഇരുമുഴം
നാല്‍ മുഴം
മൂര്‍ച്ചക്കത്തിയാല്‍ കൃത്യമായിരിക്കണം.
വാക്കുകള്‍ ഉരഞ്ഞ് മണം പരക്കും.

തലമുടി പിന്നില്‍  ഉണ്ട കെട്ടിയതില്‍
വട്ടംചുറ്റിയുറപ്പിച്ച്
കണ്ണാടി ഒന്നു നോക്കൂ
എത്ര അടക്കം!
എന്തൊരൊതുക്കം!

നാക്കിന് ഇരിക്കാന്‍ ഇതിനേക്കാള്‍
പറ്റിയ ഇടം വേറേത്?

4
ഒത്തൊരാള്‍ക്ക് പൊക്കിയെടുക്കാന്‍
പറ്റാത്ത ഉരുളന്‍ കല്ലുകൊണ്ടുതന്നെ അടയ്ക്കണം.
ഒരു തരി വെളിച്ചം ഉള്ളിലേക്കു വീഴരുത്.
ഇരുട്ടില്‍ ഒറ്റയ്ക്കിരുന്നോളും.

ഇരുളില്‍ രൂപങ്ങള്‍ക്ക്
നിഴലില്ല
രൂപമേയില്ല.
രൂപത്തെ ഓര്‍മ്മിപ്പിക്കുന്ന
ചലനങ്ങളുടെ ഒച്ച
മാത്രം ഇടയ്ക്ക് അറിയും.

ഇരുട്ടിനെ
ഊതിക്കളയാനെന്നോണം
നിശ്വാസം പുറപ്പെടുവിക്കുമായിരിക്കും.
ഒരു കാര്യവുമില്ല.
പാറയേക്കാള്‍
കട്ടിയുണ്ടിരുട്ടിന്.
കരിമ്പാറ മോളില്‍
പടരുന്ന നനവുപോലെ
ചിലപ്പോള്‍
തണുപ്പു തോന്നുമായിരിക്കും.
ഇരുട്ടില്‍
വമ്പന്‍ പാമ്പുകള്‍
വാ തുറക്കുന്നതിന്റെ
മണം
വളരെ അടുത്തുനിന്ന്
പുറപ്പെടുന്നെന്ന് തോന്നും.
ഭയക്കും.
മുട്ടുകള്‍ നെഞ്ചോടു ചേര്‍ത്ത്
തല മുട്ടില്‍ച്ചേര്‍ത്ത്
അനങ്ങാതിരിക്കണം.
ഹൃദയം കണ്ണുകളില്‍ മിടിക്കും.

ശ്വസിക്കുന്നു എന്ന്
സ്വന്തമായിപ്പോലും തോന്നാതെ
കനമറ്റ് ഉണങ്ങിപ്പറന്ന്
എവിടെയോ
ചെന്ന് വീണ
ഇലയെന്നോര്‍ത്ത്
ഓര്‍മ്മകളെ മായ്‌ച്ചേക്കണം.

നിത്യസമാധി !

5
എന്നെ ഉപേക്ഷിച്ച്
കടന്നുകളഞ്ഞ ലോകം.
ഞാനും ഉപേക്ഷിക്കേണ്ട ലോകം.
ഓര്‍ക്കുകയേ വേണ്ടാത്ത ലോകം.

ചെടിക്കൊപ്പം വരും പൂവുപോലെ
അതു പക്ഷേ,
എന്നില്‍
വിരിഞ്ഞുകൊണ്ടേയിരിക്കുന്നു.

6
കുപ്പിച്ചില്ലുകള്‍ കുഴച്ച്
ഉരുട്ടിയ
ചോറ്
പാത്രത്തില്‍
ഉരുട്ടിയുരുട്ടി
വെച്ചിട്ടുണ്ട്.

ഓരോന്നായ്
കുറയുന്നുണ്ട്.

വായില്‍ ചോര
ചവര്‍ക്കുന്നു!

7
ഒരു കുപ്പി നിറയെ!
കുറേശ്ശെ
നിലത്തേക്കു
കുടഞ്ഞു
നോക്കുമ്പോള്‍
അതില്‍നിന്നും പറന്നുപോകും
പഴക്കമണമുള്ള
ഓര്‍മ്മകള്‍!
ഒന്ന് വെയിലത്തിരുത്തി
പൊടിപറത്തി
വീണ്ടും കുപ്പിയില്‍ അടച്ചിടണം!

എനിക്ക് ഔചിത്യമേ ഇല്ലെന്ന്
അവര്‍
പരാതി
പറയുമോ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com