'സ്വപ്‌നമാര്‍ഗ്ഗം'- ഉമേഷ് ബാബു കെ.സി. എഴുതിയ കവിത

പക്ഷികളും പൂമ്പാറ്റകളും മാത്രമുള്ള ഭൂമിതൊട്ടുനിന്ന് കൈകാട്ടി വിളിക്കെ,ദൈവവും യുക്തിവാദികളും ഒന്നിച്ചു നടക്കുന്നഒരു നട്ടുച്ച
'സ്വപ്‌നമാര്‍ഗ്ഗം'- ഉമേഷ് ബാബു കെ.സി. എഴുതിയ കവിത

ക്ഷികളും പൂമ്പാറ്റകളും മാത്രമുള്ള ഭൂമി
തൊട്ടുനിന്ന് കൈകാട്ടി വിളിക്കെ,
ദൈവവും യുക്തിവാദികളും ഒന്നിച്ചു നടക്കുന്ന
ഒരു നട്ടുച്ച.

മരണത്തിനപ്പുറം പോകുന്ന ഒരൂഞ്ഞാലില്‍
ജീവിതത്തെപ്പറ്റിയുള്ള ചോദ്യങ്ങളുടെ
ഉല്‍ക്കാവര്‍ഷത്തില്‍ ഞെരിഞ്ഞിരിക്കുന്ന
സുഖം.

പ്രേതങ്ങളുടെ ഒരു മഹാസൈന്യം
ജീവിക്കുന്നവയെയെല്ലാം അവസാനിപ്പിക്കെ,
തുണ്ടുതുണ്ടായ്‌പ്പോയ സ്വന്തം ശരീരം
എന്തുചെയ്യുമെന്ന ദാരുണത.

ആകാശം മുട്ടിയ കരിമ്പുകാല്‍  ഗോപുരങ്ങള്‍ക്കടിയില്‍
ഒളിച്ചുപാര്‍ക്കാനിടം കണ്ട
അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളോട് തോല്‍ക്കുന്ന
അലിവുകള്‍

സമ്പദ് ഭ്രാന്തന്മാര്‍ക്ക് ചിറക് മുളച്ച്
മലനിരകള്‍ക്ക് കുറുകെ പറക്കുമ്പോള്‍,
ഇതെത്ര പച്ചയെന്ന് കണ്ട,ന്ധരായി
താഴെ വീണൊടുങ്ങുന്ന തീ ദൃശ്യം

ഹിന്ദുവിലൂടെ പോയി ബുദ്ധനിലെത്തി
തിരിയുമ്പോള്‍ കാണുന്ന വിഹാരങ്ങളില്‍
താന്ത്രികഘോഷക്കുളമ്പടി കേട്ട് ഞെട്ടുന്ന
വ്യാകുലത.

പെണ്ണിനു മാത്രം സംസാരശേഷിയുള്ള ഒരിടത്ത്
പ്രണയത്തിന്റെ ഖനി തുരന്ന്
അമ്പരപ്പിലേക്ക് നീങ്ങുന്നവരോട്
ആംഗ്യഭാഷയില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചക്രവാളം

സ്വപ്നങ്ങളിങ്ങനെ തുടരുമ്പോള്‍,

വിനയം മറന്നവരുടെ വസ്ത്രങ്ങളൂരിപ്പോകുന്നത്,
തോറ്റു മരിച്ചവര്‍ സ്വര്‍ഗ്ഗം വെല്ലുന്നത്,
അധികാരികള്‍ ഇരുമ്പുതുണ്ടായിത്തീരുന്നത്,
സ്വര്‍ണ്ണക്കൂനകളെ പര്‍വ്വതങ്ങള്‍ വിഴുങ്ങുന്നത്,
കടല്‍ നീലയെല്ലാം കട്ടയായിക്കറുക്കുന്നത്,
അശ്ലീലം കൊണ്ടുള്ളൊരു ഭാഷ ലോകത്തെ തിന്നുന്നത്

എന്നിങ്ങനെയെല്ലാം നിറഞ്ഞു കവിഞ്ഞ്
സ്വപ്നങ്ങളെന്നെ മുട്ടു കുത്തിച്ചു

ലോകത്തോട് എനിക്കിത്ര കൗതുകമായത്
അങ്ങനെയായിരിക്കണം.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com