'കണ്‍മുന്നിലൊരു മരണം'- സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത

രാത്രിയില്‍മുറിക്കുള്ളില്‍ തനിച്ചിരിക്കെകണ്‍മുന്നിലൊരു മരണം
'കണ്‍മുന്നിലൊരു മരണം'- സുബിന്‍ അമ്പിത്തറയില്‍ എഴുതിയ കവിത

രാത്രിയില്‍
മുറിക്കുള്ളില്‍ 
തനിച്ചിരിക്കെ
കണ്‍മുന്നിലൊരു മരണം.

മിന്നി മിന്നി
അവസാന വെട്ടവും
വെടിയുകയാണ്
ചുവരിലെ ബള്‍ബ്.

ഏറെക്കാലമൊരേ മുറിയില്‍ 
വായിച്ചും ഏകാന്തത 
പകുത്തും  ജീവിച്ചതാണ്.
പുസ്തകങ്ങളിലുദിച്ചു
നിദ്രയില്‍ നിലാവ് പൊഴിച്ചു.
കരഞ്ഞപ്പോള്‍, ലോകത്തെ 
കണ്ണടച്ചിരുട്ടാക്കി തന്നു.

സമയം വന്നപ്പോള്‍ 
മരണം 
അതിനെ കൊണ്ടുപോയി.

ഹോള്‍ഡറില്‍നിന്നുമഴിച്ച്
മേശമേല്‍ കിടത്തി...
ഉടലിലിപ്പൊഴും ജീവന്റെ ചൂട്.

വേണ്ടപ്പെട്ടവരുടെ മരണം 
വേണ്ടപ്പെട്ട പ്രവൃത്തികളെ
നിശ്ചലമാക്കുമ്പോലെ,
ഏകാന്തതയിലുണരും
തൃഷ്ണകളെ തടഞ്ഞ്
ഇരുട്ടുമുറിയില്‍ 
ഒരു ബള്‍ബിന്റെ
ശവശരീരത്തിന് 
കൂട്ടിരിക്കുന്നു ഞാന്‍.

ബള്‍ബിനൊക്കെ 
എന്തുജീവന്‍ എന്ന്  
തോന്നിയേക്കാം...

പക്ഷേ, 
ഈ രാത്രി
ഈ മരണം
അക്ഷരാര്‍ത്ഥത്തില്‍
ഇരുട്ടിലാഴ്ത്തിക്കളഞ്ഞു...

എന്നെ.
 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com