'അമൃതവര്‍ഷിണി'- രാകേഷ് നാഥ് എഴുതിയ കവിത

ഇല്ലആകാശം കറുത്തില്ലഇരുള്‍ മൂടിയിട്ടില്ലകറുത്ത അക്ഷരങ്ങള്‍വെളുത്ത പായയില്‍ശയനത്തിലായിട്ടില്ല.
'അമൃതവര്‍ഷിണി'- രാകേഷ് നാഥ് എഴുതിയ കവിത

(കവി ബിനു എം പള്ളിപ്പാടിന്റെ സ്മരണയ്ക്ക്)

ല്ല
ആകാശം കറുത്തില്ല
ഇരുള്‍ മൂടിയിട്ടില്ല
കറുത്ത അക്ഷരങ്ങള്‍
വെളുത്ത പായയില്‍
ശയനത്തിലായിട്ടില്ല.

ഇല്ല
വെടിയേറ്റ ഒരൊറ്റ ഞാറയും
ചൂണ്ട കൊളുത്തിയ വരാലും
കത്തി രാകിയ കാളകളും
അരിവാള്‍ മറന്ന നെല്ലും
കവിത മറന്ന നീയും
ഈ ഇരുട്ടിനെ തൊട്ടിട്ടില്ല.

ഇല്ല
പാടവരമ്പുകള്‍ക്കക്കരെ സൂര്യന്‍ ചിരിക്കുന്നതും
കാക്കകള്‍ കാക്കക്കുഞ്ഞുങ്ങളെ തീറ്റിക്കുന്നതും
ഉടലുകള്‍ നമ്മുടെ കണ്ണുകളില്‍ ചുരുങ്ങുന്നതും
പച്ചവെള്ളം മോന്താന്‍ അന്തിമയങ്ങുന്നതും
പായിപ്പാട്ടെ ഓലമേയുന്ന കാറ്റുകള്‍ അറിഞ്ഞിട്ടില്ല.

ഇല്ല
ആഴം വരച്ച അരയന്നങ്ങള്‍ ഉണര്‍ന്നിട്ടില്ല.
ഓര്‍മ്മ സംഭാഷണം മതിയാക്കിയിട്ടില്ല.
മറവിയുടെ ചെളിയില്‍ ആഴ്ന്നിട്ടില്ല.
എന്നിട്ടും  സംഗീതമട പൊട്ടാതെ വീഴാന്‍
മണ്‍ഭിത്തികളില്‍ വിരലുകളുടെ നിലവിളി!

ഇല്ല 
ഉറവകളുടെ പുസ്തകം ആരും വായിച്ചിട്ടില്ല.
കൊത്തിവലിക്കുന്ന ഭൂമിയിലെ ജീവികള്‍
ഋതുക്കളുടെ ശാന്തിനികേതനിലേക്ക്
വരിവരിയായി നടന്നടുക്കുന്നു
ഏക്താരയിലെന്നതുപോലെ.

ഇല്ല
മേഘങ്ങള്‍ മണ്ണില്‍ പൂഴ്ന്നിട്ടില്ല
നെഞ്ചിന്‍കൂട് കെട്ടുകാഴ്ചയായിട്ടില്ല
അപരാഹ്നങ്ങളില്‍ വഴുക്കിവീണിട്ടില്ല
ചാണകവറളിയില്‍ ചെമ്മാനം വീണിട്ടില്ല
എന്നിട്ടും ചൂണ്ട കയം ലക്ഷ്യമാക്കുന്നതുപോലെ

ഇല്ല
ഉണര്‍ന്നിട്ടില്ല.
അമാവാസിരാത്രി ആയിട്ടില്ല.
മഴയുടെ കറുത്ത മഷി പടര്‍ന്നിട്ടില്ല
ഇടി മുഴങ്ങുന്നു; കൊള്ളിയാനും;
ഈ രാത്രി; ഈ കാറ്റ്; 
ഇല്ല; എല്ലാം ഉറങ്ങുകയാണ്.
വേദനയില്ലാത്ത ഒരു രാഗം പോലെ 
നീയും.

* അമൃതവര്‍ഷിണി  സംഗീതരാഗം

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com