'അനഘ, ഫാത്തിമ'- നന്ദനന്‍ മുള്ളമ്പത്ത് എഴുതിയ കവിത

സന ഫാത്തിമയുടെ വീട്ടില്‍കോഴിയെ വാങ്ങുവാന്‍അനഘ വന്നആ ദിവസമാണ്അവര്‍ രണ്ടു പേരുംകൂട്ടുകാരികളായത്
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ന ഫാത്തിമയുടെ വീട്ടില്‍
കോഴിയെ വാങ്ങുവാന്‍
അനഘ വന്ന
ആ ദിവസമാണ്
അവര്‍ രണ്ടു പേരും
കൂട്ടുകാരികളായത്

ഒരു മാക്‌സി
അരഭിത്തികളുള്ള
സന ഫാത്തിമയുടെ വീടിന്റെ
പിന്‍വരാന്തയില്‍
നിലത്തപ്പോള്‍
വീണുകിടന്നിരുന്നു

കോഴിയൊന്ന്
കൂട്ടില്‍ക്കയറിക്കോട്ടെയെന്ന
സന ഫാത്തിമയുടെ
ചോദ്യത്തിന്
നേരം വൈകിച്ചെന്നാല്‍
അമ്മ വിചാരിക്കില്ലേയെന്ന് മാത്രം
അനഘയും പറഞ്ഞു

കോഴി
കൂട്ടില്‍ക്കയറുന്നതിന്
നിലത്ത്
മാക്‌സിയില്‍
അവരിരുന്നു

കോഴിച്ചിറകുകളുടെ
എണ്ണമിനുസമായിരുന്നു
സില്‍ക്ക് മാക്‌സിക്കപ്പോള്‍
കുറേക്കഴിഞ്ഞപ്പോളതിന്റെ
ഇളംചൂടുമുണ്ടായ്

കോഴിയേയും കൊണ്ട്
വൈകി വന്നതെന്താണെന്ന്
ചോദിക്കാന്‍ നേരം കിട്ടും മുന്‍പ്
അമ്മയോട്
അനഘ കയറിപ്പറഞ്ഞു

സന ഫാത്തിമയുടേത്
വല്ലാത്ത കോഴിയാണമ്മേ...

കത്തിയുമായ്
പിന്‍മുറ്റത്ത് ചെന്നു നിന്നിട്ടും
കോഴിയെ കൊല്ലുവാന്‍
അനഘയ്ക്ക് കഴിഞ്ഞിരുന്നില്ല

അവളുടെ കൈകള്‍ക്കുള്ളില്‍
ഒതുങ്ങിക്കൂടിയ
കോഴിച്ചിറകുകള്‍ക്കപ്പോള്‍
സന ഫാത്തിമയുടെ
കട്ടിയുള്ള മിനുസമായിരുന്നു
കുറേ പിടിച്ചപ്പോളവളുടെ
പിടയുന്ന
ഇളംചൂടുമുണ്ടായിരുന്നു

അമ്മ കാണാതെ
അനഘ
കോഴിയെ പറത്തിവിട്ടു

അടുക്കളയിലപ്പോള്‍
കോഴി പറന്നുപോയല്ലോയെന്നെല്ലാം
വിളിച്ചു ചോദിക്കും മുന്‍പ്
അമ്മയോട്
അനഘ മെല്ലെ പറഞ്ഞു:

സന ഫാത്തിമ
പറന്നുപോയമ്മേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com