'വിസില്‍'- മോഹനകൃഷ്ണന്‍ കാലടി എഴുതിയ കവിത

ഈ മഴയൊന്ന് മാറിക്കിട്ടിയാല്‍വെയിലുകൊണ്ടൊരു തുലാഭാരം നടത്തണം;സമയമുണ്ടെങ്കില്‍ പശ്ചിമഘട്ടത്തിന് ചുറ്റുമൊരുശയനപ്രദക്ഷിണവും
'വിസില്‍'- മോഹനകൃഷ്ണന്‍ കാലടി എഴുതിയ കവിത

1
മഴയൊന്ന് മാറിക്കിട്ടിയാല്‍വെയിലുകൊണ്ടൊരു തുലാഭാരം നടത്തണം;
സമയമുണ്ടെങ്കില്‍ പശ്ചിമഘട്ടത്തിന് ചുറ്റുമൊരു
ശയനപ്രദക്ഷിണവും.

2
സുപ്രഭാതസന്ദേശമയക്കുവാന്‍
വിട്ടുപോയി ഞാന്‍ ഇന്നെന്തുകൊണ്ടാവോ
എങ്കിലും നീ മറന്നില്ലുദിക്കുവാന്‍
എന്നത്തേതിലുമുച്ചം സമുജ്ജ്വലം!

3
കുത്തിവീഴ്ത്തിയോനൊപ്പം
അവസാനമായൊരു
സെല്‍ഫി സാധിച്ചില്ലല്ലോ;
ബാക്കിയാണൊരേ ദുഃഖം!
(അവനുമതേ ദു:ഖ-
മായിരിക്കട്ടേ ശിക്ഷ)

4
കുമ്പിടിയിലേക്കുള്ള
കുട്ടിബസിനറിയില്ലല്ലോ
തൃശൂര്‍ - കോഴിക്കോട് ലിമിറ്റഡ് സ്റ്റോപ്പിന്റെ
ഹൃദയവ്യഥ.

5
വണ്ടി വാങ്ങിപ്പിച്ച തൈവം
എണ്ണയടിക്കാനും വഴിതെളിക്കുമാറാകട്ടെ...

6
പച്ചവെള്ളത്തെ പെട്രോ-
ളാക്കി മാറ്റുവാന്‍, അവന്‍
എത്തിടുമൊരു നാളില്‍
ഇല്ല സംശയമേതും...

7
ഉറക്കം പിണങ്ങിപ്പോയെന്ന്
കുറുക്കന്‍ വിളിച്ചു കൂവുന്നു,
തനിച്ചായിപ്പോയ കുറുക്കന്‍.

8
ഉച്ചിയോളം മുങ്ങിയൊരു
മരത്തിന്‍ കൊമ്പാണ് കണ്ടു-
വെച്ചിരുന്നതൊരൂഞ്ഞാല് കെട്ടിയാടുവാന്‍

9
അപനിര്‍മ്മിച്ചു നോക്കീ 
പലവട്ടം ഉപ്പെന്ന വാക്ക്
രുചിക്കാനായില്ലൊരിക്കലു-
മതിന്റെ ലാവണ്യം.
ഉണ്ടെങ്കിലോ മധുരം മാത്രം
അതും കയ്പിന്റെ തരിയോളം.

10
നീയെന്താ വിളിച്ചാല്‍ മൈന്‍ഡ് ചെയ്യാത്തത്?
അതിന് നീയെന്നെ എപ്പോള്‍ ഫോണ്‍ വിളിച്ച്?
ഫോണല്ല വിളിച്ചത് 
പിന്നെ?
വിസില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com