അഞ്ചാം വയസ്സില്‍
ഞാന്‍ ചത്തുതുടങ്ങി.
ചിരിക്കുവാനുപയോഗിച്ചിരുന്ന
മുന്‍വരിപ്പല്ലിലൊന്ന്
പിഴുതെടുത്ത് ചവറ്റുകുട്ടയിലിട്ട്,
കുഴിമാടത്തില്‍ വെയ്ക്കാനുള്ള
പഞ്ഞി കയ്യില്‍ത്തന്ന ശേഷം
ഒട്ടും സമയം കളയാതെ
ഡോക്ടര്‍ അടുത്തയാളെ വിളിച്ചു.
ഒരു ശവമടക്കിന്റെ
ചാഞ്ചല്യമൊന്നുമില്ല.
ആറാം വയസ്സില്‍
തൊട്ടടുത്തിരുന്ന്
ആശാരിപ്പണി കാണ്‍കെ
വാളന്‍ മുട്ടി കാലില്‍ വീണപ്പോള്‍
ചത്തുപോയ നഖം
ഉയിര്‍ത്തെണീറ്റില്ല.
ഇടയ്ക്ക് പഴുക്കും.
പഴകിയ മൃതദേഹത്തിന്റെ നാറ്റം.
ഞാനെന്നെ യഥാര്‍ഹം
സംസ്‌ക്കരിച്ചില്ല.
പതിനാറാം വയസ്സില്‍
കൂടെ നടക്കുകയായിരുന്ന കാമുകിയെ
ബോംബെയില്‍ നിന്ന് വന്ന മുറച്ചെറുക്കന്‍
ബൈക്കില്‍ കയറ്റിക്കൊണ്ടുപോയപ്പോള്‍
പൊന്തിയ പൊടിയില്‍ എനിക്ക് ശ്വാസം മുട്ടി.
പൊടി പാറിയതൊന്നിലും
പിന്നീട് ഞാന്‍ പങ്കെടുത്തില്ല.
പലയിടങ്ങളിലും
ഞാനില്ലാതായി.
അമ്മയില്ലാതായപ്പോള്‍
ചത്തത് മകനാണ്
പിന്നീടവന്‍ ശാഠ്യം പിടിച്ചില്ല,
അങ്ങാടിയിലെ തോല്‍വി പൂര്‍ണ്ണമായി.
കാമുകി ഭാര്യയായപ്പോള്‍
സൗന്ദര്യപ്പിണക്കങ്ങള്‍ കലഹങ്ങളായി.
കുട്ടികള്‍ മുതിരുന്തോറും
ശേഷിച്ച കുട്ടിത്തവും ചത്തു
പലതുമെന്നില്‍ ചത്തു
പഴയ സമൃദ്ധമായ മുടി ചത്തു.
പഴയ മെലിഞ്ഞ ദേഹം ചത്തു
കൈത്തലം പരുക്കനായി
മൃദുവായിരുന്നതെല്ലാം
പരുഷമായി.
അണ്ണിയില്‍
പല്ലുണ്ടായിരുന്നിടത്ത്
പുല്ല് പോലും മുളച്ചില്ല.
നുണക്കുഴി കവിള്‍ക്കുഴിയായി.
കണ്ണടയുടെ പവ്വര്‍ കൂട്ടുമ്പോഴൊക്കെ
പുകമണമുയരുന്നു
മച്ചില്‍നിന്ന് വീഴുന്ന എലിരോമം കൂടി
വ്യക്തമായി കണ്ടിരുന്ന ആളാണ്.
ഇപ്പാള്‍ ഒറ്റക്കിരിക്കുമ്പോള്‍
മിക്കതും മറവ് ചെയ്തു കഴിഞ്ഞ
എന്റെ തന്നെ ശ്മശാനത്തില്‍
തനിച്ചിരിക്കുമ്പോലെ.
ഭൂമി ഓരോ പ്രഭാതത്തിലും
മടങ്ങിവരുന്നുണ്ട്
പക്ഷേ ചിലതില്ലാതായിട്ടുണ്ട്.
ചിലത് അതല്ലാതായിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക