'പുലര്‍കാലയാത്ര'- പ്രവീണ്‍ പ്രസാദ് എഴുതിയ കവിത

കൂട്ടുകാരന്റെ കൂടെബൈക്കിന്റെ പിന്നിലിരുന്ന്പുലര്‍ച്ചെയൊരു യാത്ര പോകുമ്പോള്‍ചെവികളില്‍ മഞ്ഞിന്റെതണുത്ത തെറി
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

കൂട്ടുകാരന്റെ കൂടെ
ബൈക്കിന്റെ പിന്നിലിരുന്ന്
പുലര്‍ച്ചെയൊരു യാത്ര പോകുമ്പോള്‍
ചെവികളില്‍ മഞ്ഞിന്റെ
തണുത്ത തെറി.

റോഡിന്റെ വിരിപ്പില്‍
നിലാവ് കിടന്നെഴുന്നേറ്റ്
പോയതിന്റെ നനവ്.

തെരുവുനായകള്‍
അപ്പികൊണ്ട്
അടയാളം വെച്ച വളവുകള്‍.

പാതയോരങ്ങളില്‍
ഇരുട്ട് പ്രസവിച്ച
മാലിന്യസഞ്ചികള്‍
നാറി നാറി ഉറങ്ങുന്നു.

കെടാനൊരുങ്ങി
കവലകളില്‍
തേക്കാത്ത പല്ലിന്റെ നിറമുള്ള
സോഡിയം ബള്‍ബുകള്‍.

മുഴുവനാള്‍ക്കാരുമുണര്‍ന്ന്
ഭൂമി കൂടുതല്‍ വേഗത്തിലുരുണ്ട്
തുടങ്ങിയാല്‍
മറഞ്ഞുപോകാന്‍ പോണ
പുലര്‍കാല പരിസരം
പുറകിലോട്ടെറിഞ്ഞൊരു പാട്ടുംപാടി
ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com