'നിഴല്‍രൂപങ്ങള്‍'- അസീം താന്നിമൂട് എഴുതിയ കവിത

തണലിലിരുന്നു കരങ്ങള്‍വെയിലത്തേക്കു നെടുക്കിവിരലുകള്‍ പലപല നിലയില്‍പിണയാമട്ടിലിണക്കിനിഴല്‍രൂപങ്ങളെ വാര്‍ക്കുംകളിയോടിന്നൊരു ഭൂതി
'നിഴല്‍രൂപങ്ങള്‍'- അസീം താന്നിമൂട് എഴുതിയ കവിത

ണലിലിരുന്നു കരങ്ങള്‍
വെയിലത്തേക്കു നെടുക്കി
വിരലുകള്‍ പലപല നിലയില്‍
പിണയാമട്ടിലിണക്കി
നിഴല്‍രൂപങ്ങളെ വാര്‍ക്കും
കളിയോടിന്നൊരു ഭൂതി.
തനിമയോടുള്ളിലിരിപ്പ്
മെനയുകയെന്റെ മിടുക്ക്.

നോക്കുമ്പോളതു കണ്ടു,
ചുറ്റിലുമതുതാന്‍ കളികള്‍;
ഭൂമിയുമക്കളി നിറവില്‍
രസിച്ചാണു വസിപ്പ്...

മട്ടും ഭാവവുമേതോ
മുട്ടാളന്നു സമാനം
മുറ്റത്തേക്കു പടുത്തു
മട്ടുപ്പാവിനെ ഭൂമി.
ഞാനാ നിഴലിന്നെളിയി
ലേന്തിവലിഞ്ഞു കരേറി.
അക്കളിയങ്ങു തുടങ്ങി...

ഇളവെയിലേറ്റു പടുക്കെ
യുരുവപ്പെട്ടതു മാനും
മുയലും കിളികളുമൊക്കെ.
പാവം അവയ്ക്കു വസിപ്പാന്‍
കാടി,ല്ലതിനാലുടനെ
വിരലുകള്‍ വടിവില്‍ വിടര്‍ത്തി
ചെടികള്‍, മരങ്ങള്‍, തൃണങ്ങള്‍,
പൂവിന്നഴകുകള്‍, കനികള്‍...
അങ്ങനെ പലതു മെനഞ്ഞു.

വിരലീന്നാദ്യമുതിര്‍ന്ന്
നിലകെട്ടുഴലുവതൊക്കെ
യവിടേയ്‌ക്കോടിയണഞ്ഞു.
നിഴലിന്‍ കാനന നടുവി
ലിഴുകും ചോലയില്‍ വസിച്ചൂ...

വെയില്‍ വെറിയായി മുതിര്‍ന്നൂ.
വിരലുകളവയിലെരിഞ്ഞു.
മെനയും നിഴലുകള്‍ പിന്നെ
മുരളും മട്ടു പിറന്നു.
തുടരെത്തുടരെയുതിര്‍ന്നൂ
മൃഗരൂപങ്ങള്‍, പുളയ്ക്കു
മിഴജന്തുക്കളു, മുഗ്രന്‍
തേറ്റകള്‍, പത്തികള്‍ നീര്‍ത്തി
യൂറ്റംകൊ,ണ്ടവയൊക്കെ...!

അങ്ങനെയനവധി, നിഴല്‍ക
ളുള്ളിലുണര്‍ന്നു മദിച്ചൂ.
ഒന്നൊഴിയാതെയുതിര്‍ന്നൂ.
അക്കളി കണ്ടു മുനിഞ്ഞി
ട്ടര്‍ക്കനുമുള്ളു പിടഞ്ഞു.
കണ്‍കളിലെരിയും നോട്ട
മുള്‍വലിയുന്നതിനാഞ്ഞു.
നിഴലുകള്‍ പാര്‍ക്കും വിപിന
മടിമുടിയൊന്നു പിടഞ്ഞു...!

ചുറ്റിലുമഴലിന്‍ കാട്,
പക്ഷിമൃഗാദികളിളകു
മൊച്ചകള്‍, തേറ്റകളാഴ്ത്തും
മുരളല്‍, പത്തികള്‍ ചീറ്റും
സീല്‍ക്കാരങ്ങളസംഖ്യം...!

ഭൂമി മെനഞ്ഞു നിവര്‍ത്ത
നിഴ,ലെന്‍ കാടിന്‍ നിഴലും
തമ്മിലിണങ്ങിയിരുണ്ടൂ
ഭൂതലം...എത്രയസഹ്യം...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com