'സിംഗിള്‍ ബെഞ്ച്'- കെ.ജി.എസ് എഴുതിയ കവിത

ഈ രാത്രി പോവുന്നതുംപുലരി വരുന്നതുംഞാന്‍ വിധിക്കാതെ
'സിംഗിള്‍ ബെഞ്ച്'- കെ.ജി.എസ് എഴുതിയ കവിത

ഈ രാത്രി പോവുന്നതും
പുലരി വരുന്നതും
ഞാന്‍ വിധിക്കാതെ.

കുറയ്ക്കുമോ
കൂട്ടുമോ
പോയവ
വരുന്നവയും
എന്നും തനിച്ചായൊ-
രെന്റെ ദു:ഖങ്ങള്‍, 
മുന്‍വിധി, ആധി, ഭീതികള്‍,  
ഞാന്‍ വിധിച്ചാലും? 

ഉദിക്കുമോ തെളിമ, 
വാദ എതിര്‍വാദക്കലക്കങ്ങ-
ളെത്ര ഞാനരിച്ചാലും?
തരുമോ പരമനിഷ്പക്ഷനീതിയെ-
ന്നാത്മ സംവാദം, ഞാന്‍
ലോകാദ്ധ്യക്ഷനായിരുന്നുരുവിടും
വിധിന്യായം? 

മാറി നില്‍ക്കുമോ, ദുര?  ദാരിദ്ര്യം? 
ജാതി? ക്രൗര്യം, അനീതികള്‍?  
കാക്കയുടെ നിറം? പര്‍വ്വതം? 
ഞാന്‍ വിധിച്ചാലും? 
ക്രിസ്തു ചൊന്ന പോല്‍ കടുകിന്‍ മണിയോളമ-
ല്ലൂഴിവാഴ്വോളം ഞാന്‍
എന്നില്‍, എന്‍ വിധിയില്‍, 
വിശ്വസിച്ചാലും?

മാറി നിന്നില്ല, 
വന്നു പിന്നെയും മഴു,
മാറാത്ത കടുവൃദ്ധയെയൊടുക്കാന്‍ മറ്റൊരു 
റസ്‌കോള്‍ നിക്കോഫിനൊപ്പം; യുവ-
കാമുകിയെയൊടുക്കാന്‍ ശങ്കാഹതന്‍
കാമുകന്നൊപ്പം; അറിയാ മാലോകരെ
കൂലിക്ക് കൊല്ലാന്‍ പശ്ചാത്താപ രഹിതര്‍
പാര്‍ട്ടി ഗൂണ്ടകള്‍ക്കൊപ്പം.  

നേതി നേതിയെന്നല്ല
നീതി നീതിയെന്ന്  
വിധി ജപിച്ച് ജപിച്ച് ഞാ-
നീയിരിപ്പിരുന്നിട്ടും.
 
ഈയിടെയൊരു കൊടും വിടനെ
ഞാന്‍ വിധിച്ചു പുണ്യാളനെ, ന്നത് മുതല്‍
എന്നുള്‍ത്തുറുങ്കില്‍ ഞാന്‍ ബന്ദി.
ഞാനെന്റെ നേര്‍ക്കെറിഞ്ഞേക്കുമോ 
മൃതിയെന്ന പേടിയില്‍
സ്വേച്ഛാധിപതി പോലൊറ്റപ്പെടുന്നു 
നീതിപതി ഞാന്‍.

ജഡ്ജി ഞാന്‍ ഈ ജില്ല  
തീരും വര വരെ.
നിയമത്തിന്റെ ഈ കര 
തീര്‍ന്നെന്ന് കടല്‍ 
കോറും വര വരെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com