'മനുഷ്യരില്‍ മാത്രമല്ല'- സച്ചിദാനന്ദന്‍ എഴുതിയ കവിത

മനുഷ്യരില്‍ മാത്രമല്ലകവിതയുള്ളത്, വസ്തുക്കളിലുമുണ്ട്.ഈ കസേരയില്‍,അത് വൃക്ഷമായിനിന്ന്വഴിപോക്കരെ മഴയില്‍നിന്ന്കാത്തതിന്റെ ഓര്‍മ്മകളുണ്ട്
'മനുഷ്യരില്‍ മാത്രമല്ല'- സച്ചിദാനന്ദന്‍ എഴുതിയ കവിത

നുഷ്യരില്‍ മാത്രമല്ല
കവിതയുള്ളത്, വസ്തുക്കളിലുമുണ്ട്.
ഈ കസേരയില്‍,
അത് വൃക്ഷമായിനിന്ന്
വഴിപോക്കരെ മഴയില്‍നിന്ന്
കാത്തതിന്റെ ഓര്‍മ്മകളുണ്ട്

ഈ മേശയില്‍ ഇതു പണിത
മനുഷ്യന്റെ അളവുകളും വിരല്‍പ്പാടുകളുമുണ്ട്
ഈ പുസ്തകത്തില്‍
മനുഷ്യര്‍ സ്‌നേഹിക്കുകയും കലഹിക്കുകയും
സന്തോഷിക്കുകയും സങ്കടപ്പെടുകയും
ചെയ്യുന്നുണ്ട്

ഈ നിലത്ത് നിറയെ മാഞ്ഞുപോയ
കാല്‍പ്പാടുകളുണ്ട്
ഈ കാറ്റില്‍ അനേകം മനുഷ്യരുടേയും
മൃഗങ്ങളുടേയും മണങ്ങളുണ്ട്
ഇതാ ഈ കല്ലില്‍പ്പോലും
ഏതോ പ്രാചീന ജീവിയുടെ
അവശിഷ്ടങ്ങളുണ്ട്.

കടല്‍ കരയുടെ തടവില്‍ കിടന്ന്
അലറുന്ന ഒരു ദ്രവജീവിയാണ്
അത് ആകാശത്തെ പ്രണയിച്ചു പ്രണയിച്ചാണ്
ഇത്രമേല്‍ നീലയായത്.

പുഴയില്‍ മുങ്ങി മരിച്ചവരുടെ
കണ്ണുകളാണ് മീനുകളായി പുനര്‍ജ്ജനിക്കുന്നത്
അവയെ ഭക്ഷിക്കുന്നവര്‍
കാഴ്ചകളെയാണ് ഭക്ഷിക്കുന്നത്.

തന്റെ നോട്ടുപുസ്തകത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി
കോറിയിട്ട വരകളാണ് മഴയായി പെയ്യുന്നത്

ഒന്നാലോചിച്ചാല്‍, കവിത എല്ലാറ്റിലുമുണ്ട്,
കവിതയില്‍ ഒഴിച്ച്.
അതില്‍ മനുഷ്യരുടെ ആത്മപ്രണയവും
അനശ്വരതയ്ക്കായുള്ള വ്യാമോഹവും മാത്രമേയുള്ളൂ.

മറഞ്ഞുപോയ ഏതോ ഭാഷയ്ക്കുവേണ്ടിയുള്ള
വെറും വിലാപമാണ് കവിത.
അഥവാ, നിലവില്‍ വരാനിടയില്ലാത്ത
ഏതോ ലോകത്തിനുവേണ്ടിയുള്ള
വ്യര്‍ത്ഥമായ നിലവിളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com