ഒറ്റയ്ക്കിരിക്കുമ്പോഴാണ്
ഞാന്‍ ഭ്രാന്ത് പാട്ടത്തിനെടുക്കുന്നത്
മറ്റുള്ളവര്‍ എന്തുകരുതും
എന്നൊന്നും ചിന്തിക്കാതെ
എന്റെ നഗ്‌നതയില്‍
ആകെയൊന്ന് തൊട്ടുനോക്കുന്നത്
അപ്പോഴാണ് ഞാന്‍ മാത്രം കേള്‍ക്കുന്ന
പൊട്ടിത്തെറികള്‍ ഉള്ളില്‍ മുഴങ്ങുന്നത്
കബന്ധങ്ങള്‍ ഒഴുകിവന്നെന്നെ മുട്ടുന്നത്
ആരുമറിയാത്ത കരച്ചില്‍ ഒലിച്ചിറങ്ങി
മുങ്ങിച്ചത്തതൊക്കെ വീര്‍ത്തു പൊന്തുന്നത്
ചാപ്പകുത്തപ്പെട്ട മാടിനെ
ജീവനോടെ അറക്കുന്നതുകണ്ട്
വിളിച്ചുകൂവുന്നത്
തങ്ങള്‍ മാത്രമാണ് ശരിയെന്ന
ഏമ്പക്കത്തിന്റെ ദുഷിച്ചഗന്ധം
തിരിച്ചറിഞ്ഞു മൂക്കുപൊത്തുന്നത്
കുരിശിലേറ്റി ചോരവാര്‍ന്നു ചത്ത
സ്വപ്നങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ്
മുള്‍പ്പാതകളില്‍ ലാസ്യനടനമാടുന്നത്
മുഷിപ്പുകളൊക്കെ
അലക്കുകല്ലില്‍ കുത്തിപ്പിഴിഞ്ഞ്
നുരഞ്ഞുയരുന്ന പതയില്‍
മഴവില്ലൊരുക്കുന്നത്
നൂല്‍പ്പാലങ്ങളിലൂടെ
ആകാശം മുറിച്ചുകടക്കുന്നത്
വക്കടര്‍ന്നതൊക്കെ ഉടച്ചുവാര്‍ത്ത്
പുതിയത് പണിയുന്നത്
പാട്ടക്കരാര്‍ റദ്ദാക്കി
പേരില്‍ കൂട്ടി കരമടച്ചാലോ
എന്നുപോലും ചിലപ്പോള്‍ ചിന്തിച്ചുപോകും!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക