ഒരു തുള്ളി
'ഒരു തുള്ളിയേ വേണ്ടൂ;
ഹൃദയം മുഴുവനും
പകരാന്‍ നിന്നോടാരു
പറഞ്ഞു? നാവില്‍ തൊട്ടു
രുചിക്കാന്‍ മാത്രം നിന്റെ
പ്രണയം പോരും, മുങ്ങി
ത്തുടിക്കാന്‍ ക്ഷണിച്ചെന്നാല്‍
കരിങ്കല്‍ക്കെട്ടാവും ഞാന്‍.'
സുദൃഢം നിന്‍വാക്കിന്റെ
യണക്കെട്ടിനാല്‍ വറ്റി
വരണ്ടൂ, ഞാനാം നദി
ഗതിവേഗത്തില്‍ ലാസ്യം.
അറിയില്ല
'അറിയുകില്ലെന്നെ
യെന്നു നീ മൂന്നുരു
പറയും' ഈശോ
മൊഴിഞ്ഞു,
കനക്കുന്ന
കഠിനമാം മര
ക്കുരിശേന്തി
യിടറുന്ന
മിഴികളോടെ;
'ഇല്ലില്ല'യെന്നായ് പ്രിയ
സഹചരന്‍, തോഴ
നായ യൂദാസുടന്‍.
'അറിയുകില്ലെന്നെ
യെന്നു നീ കയ്യൊഴി
ഞ്ഞകലുമേതു നേരത്തും'
പറഞ്ഞു ഞാന്‍
സ്വയമണിഞ്ഞ
കരിങ്കല്‍ക്കുരിശിന്റെ
യടിയില്‍ ഞെങ്ങി
ഞെരുങ്ങവേ, പുഞ്ചിരി
മറയിലാഴുന്നു നീ
യെന്റെ പ്രാണന്റെ
പകുതിയായവന്‍
മറ്റൊരാളെന്ന പോല്‍.
ദൂരം
ഇരുകരകളത്രയ്ക്കു
ദൂരെയാണെന്നതും
അനുനിമിഷമോളങ്ങള്‍
പെരുകുന്നുവെന്നതും
അടിയിലെ ചുഴികള്‍
ഗര്‍ത്തങ്ങളാണെന്നതും
മരണം പിളര്‍ക്കുന്ന
വായാണതെന്നതും
അല്ല, ഇതൊന്നുമേ
യല്ലായിരുന്നു നാം
തങ്ങളില്‍
നേടാതിരുന്നതിന്‍
കാരണം;
പാലമുണ്ടായിരുന്നിട്ടും
പുഴ കടന്നീടാന്‍
ഒരിക്കലും
ഓര്‍മ്മിച്ചതില്ല നാം.
ഓര്‍മ്മകള്‍
എന്തിന്നു ചെന്നിണ
പ്പൂവുകളോര്‍മ്മകള്‍
ഇങ്ങനെ നീ
പൊഴിക്കുന്നു, വസന്തമേ
വന്നുപോകുന്ന നേരത്ത്,
മറക്കുവാന്‍
എന്തു പ്രയാസമിളയ്ക്ക്,
നെഞ്ചില്‍ പട
ര്‍ന്നെങ്ങും ചുവപ്പിക്കുമീ
രാഗമുദ്രകള്‍
ഓര്‍മ്മകള്‍ മായ്ചു
വേണം
പിരിഞ്ഞീടുവാന്‍
നീറിക്കരിയു
മല്ലെങ്കില്‍ സര്‍വ്വംസഹ.
അവസാനം
ഒരു നക്ഷത്രം കൂടി
മരിച്ചു, നമ്മില്‍ പൂത്ത
പ്രണയം പൊലിഞ്ഞിരുള്‍
ഗര്‍ത്തമായൊടുങ്ങവേ.
അവസാനത്തെ തീരം
കൂടിയും പ്രളയത്തി
ലലിഞ്ഞു നമ്മള്‍ തമ്മി
ലന്യരായ് തീര്‍ന്നീടവേ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക