'കാട് വരയ്ക്കുമ്പോള്‍'- സുബീഷ് തെക്കൂട്ട് എഴുതിയ കവിത

'കാട് വരയ്ക്കുമ്പോള്‍'- സുബീഷ് തെക്കൂട്ട് എഴുതിയ കവിത

കാട് വരയ്ക്കാനെടുത്ത കടലാസിന്തീപിടിച്ച്മാന്‍കൂട്ടങ്ങള്‍ചിതറിയോടുന്നു

കാട് വരയ്ക്കാനെടുത്ത കടലാസിന്
തീപിടിച്ച്
മാന്‍കൂട്ടങ്ങള്‍
ചിതറിയോടുന്നു
പുലിപ്പാല് കിട്ടാതെ മണികണ്ഠന്‍
മടങ്ങാന്‍ മടിച്ച്
മലയില്‍ കുടില് കെട്ടുന്നു
ഒരാന
കാട്ടുവഴിയിലേക്കിറങ്ങിവന്ന്
പുറത്തേക്ക് 
മണല്‍ വാരിയെറിയുന്നു

കാട് വരയ്ക്കുമ്പോഴൊക്കെയും
മലയില്‍ ഉരുള്‍പൊട്ടി
കറുത്ത വെള്ളത്തിന്റെ കുത്തൊഴുക്കില്‍
വെളുത്ത പേപ്പര്‍ നനയുന്നു
വരച്ച വഞ്ചിയില്‍ നിന്നൊരാള്‍
താഴെ വീഴുന്നു
അടിവാരത്ത് ആളുകളെ
മാറ്റിപ്പാര്‍പ്പിക്കുന്നു

വരയ്ക്കാനൊരുങ്ങുമ്പോഴേക്കും
വന്മരം വീണ്
തളിര്‍മരങ്ങളുടെ
ചിറകൊടിയുന്നു
പക്ഷികള്‍ കുഴഞ്ഞുവീഴുന്നു
കടലാസിലൊക്കെയും
അവയുടെ നനുത്ത തൂവല്‍

കാട്ടിലേക്കുള്ള വഴി തിരക്കവെ
കാറ്റ് ദിശ തെറ്റിക്കുന്നു
ട്രക്കിങിന് പുറപ്പെട്ട രണ്ടുപേര്‍
വഴിയറിയാതെ വിഷമിക്കുന്നു
തിരഞ്ഞുപോയ
വനംവകുപ്പിന്റെ ജീപ്പ്
കൊക്കയിലേക്ക് മറിയുന്നു

കാട്ടുകടന്നല്‍, കരിമ്പൂച്ച, വാവല്‍
ഉറക്കം കളയുന്നു
കാട് വരയ്ക്കാനാകാതെ
ചിത്രകാരന്‍ കുഴങ്ങുന്നു

ഗൂഗിളില്‍ വാളയാറെന്നടിച്ച് 
അതാ കാടെന്നയാള്‍
മകനു നേരെ നീട്ടുന്നു
ട്രെയിനിടിച്ച് മസ്തകം പിളര്‍ന്ന
കാട്ടാനകളുടെ പടം കണ്ട്
അവന്‍ പേടിച്ച് കണ്ണടയ്ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com