'കാര്യസ്ഥന്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

കൃഷ്ണമണിയില്‍പോലുംസൂക്ഷിക്കേണ്ടപച്ചപ്പിനെഇരു ചെവിയറിയാതെവിലപേശിവിറ്റുവല്ലോ നീ...
'കാര്യസ്ഥന്‍'- ബി.എസ്. രാജീവ് എഴുതിയ കവിത

കൃഷ്ണമണിയില്‍
പോലും
സൂക്ഷിക്കേണ്ട
പച്ചപ്പിനെ
ഇരു ചെവിയറിയാതെ
വിലപേശി
വിറ്റുവല്ലോ നീ...

നോക്കെത്താ ദൂരം
ഒരു കടങ്കഥയാകുന്നു...

വഴി തെറ്റിക്കാതിരുട്ടില്‍
മിന്നി മിന്നി
തെളിയുന്ന
വെളിച്ചം
പൊലിഞ്ഞു.
ഭദ്രമായി
പൊതിഞ്ഞു
തന്നതല്ലേ
വിലപിടിപ്പുള്ള
വാക്കുകള്‍
വസ്തുക്കള്‍...

കണ്ണില്‍ നിറയുന്ന
തെളിനീര്
അതിനുമപ്പുറം
തണുത്ത
കാറ്റിലിളകുന്ന
വായ്ത്താരികള്‍...

ആ മലയുടെ
ഒരു വശത്ത്
ആനയ്ക്കും
മുയലിനും
മാനിനുമിണകളോടൊപ്പം
വെള്ളം
കുടിക്കാനിറങ്ങാന്‍
അദൃശ്യമായ
ഒരു വഴിയുണ്ടായിരുന്നല്ലോ...

വിഷം തോല്‍ക്കുന്ന
പകയാല്‍
മുള്ളുവേലിയില്‍
വൈദ്യുതികടത്തി  നീയുള്ളില്‍
ചിരിച്ചു...

ഒരു ജീവികൂടി
കണ്‍മുന്നില്‍പിടഞ്ഞു
തീരുന്നതു കണ്ട്
കൊതിയോടുറങ്ങി...

എവിടെയാണീ
വെറുപ്പിന്റെ
ലാഭമെല്ലാം
കരുതലായി
ഒളിക്കുന്നത്...

കുട്ടികള്‍ക്കപ്പുറത്തെ
വീട്ടില്‍ പോകണം
മടുപ്പ് മറന്നു
കളിക്കണം...

ചിഹ്നങ്ങള്‍
പതിയാത്ത
വാതില്‍
തുറക്കണം...

അടുപ്പില്‍
തിളയ്ക്കുന്ന
മരച്ചീനിയൊരെണ്ണം
അനുവാദമില്ലാതെ
എടുക്കണം...

ഒരിലയ്ക്ക് മുമ്പില്‍
നിരന്നിരിക്കണം...
ആശ്ലേഷത്തോടൊപ്പം
ഒരുമ്മ
വാങ്ങണം...

കാവല്‍ക്കാരാ
തിരിച്ചു തരൂ
ആ താക്കോല്‍...

ഇന്നുമുതല്‍
കുട്ടികളുടെ
കണ്ണിലാണ്
ഈ തളിര്‍ക്കൂടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com