'മടക്കങ്ങള്‍'- പി.എസ്. മനോജ്കുമാര്‍ എഴുതിയ കവിത

ആയിരത്തിത്തൊള്ളായിരത്തിഅന്‍പതുകളുടെ തുടക്കത്തില്‍  നാട്ടുവായ്ത്താരികളില്‍ നക്ഷത്രത്തെപ്പോലെ ജ്വലിച്ചുനിന്നവനായിരുന്നു പെരുമാള്‍
'മടക്കങ്ങള്‍'- പി.എസ്. മനോജ്കുമാര്‍ എഴുതിയ കവിത

യിരത്തിത്തൊള്ളായിരത്തിഅന്‍പതുകളുടെ 
തുടക്കത്തില്‍  
നാട്ടുവായ്ത്താരികളില്‍ 
നക്ഷത്രത്തെപ്പോലെ ജ്വലിച്ചുനിന്നവനായിരുന്നു 
പെരുമാള്‍. 
തെല്ലസൂയയും ഇത്തിരി ആദരവുമില്ലാതെ 
ആരുമയാളെക്കുറിച്ച് പറയുമായിരുന്നില്ല. 
കല്ലുരച്ച് തിളക്കമേറ്റിയവന്‍ 
അയാള്‍ക്കു മുന്നില്‍ വെള്ളക്കല്ലുകള്‍ 
സപ്തവര്‍ണ്ണങ്ങള്‍ പ്രസരിപ്പിച്ച് 
നിരനിരയായ് കിടന്നു 
കല്ലുകള്‍ തിളങ്ങും പോലെ അയാളുടെ 
കണ്ണുകളും തിളങ്ങിയിരുന്നു 
പതിഞ്ഞ ചിരിയും 
ചിരിക്കു മുകളില്‍ 
ചൂട്ടുപോലെ മിന്നി കാജാബീഡിയും 

പെരുമാള്‍ പതിയെപ്പതിയെയാണ് 
പ്രസ്ഥാനമായി മാറിയത്. 
വിമോചനസമരം ഗൗരിയേയും മുണ്ടശ്ശേരിയേയുമിറക്കി 
അധികം കഴിയും മുമ്പ്   
പെരുമാളിന്റെ കല്ലൊരക്കമ്പനിയില്‍  
പത്തു മേശയില്‍ 
ഇരുപതുപേര്‍ രണ്ടൂഴങ്ങളില്‍ 
കല്ലുരക്കാന്‍ തുടങ്ങി. 
ചവിട്ടെത്തങ്ങളും 
ചക്രത്തിന്മേല്‍ കല്ലുരാകുന്ന ശബ്ദങ്ങളും 
പെരുമാള്‍ക്ക് സംഗീതമായി.
പെരുമാള്‍മുഖത്തപ്പോഴും 
ചിരി പതിഞ്ഞുതന്നെ;
ചിരിക്കു മുകളില്‍ 
ചൂട്ടുപോലെ കാജാബീഡി മിന്നി.

പത്തുമേശക്കാരന്‍ പെരുമാളിനെയല്ല  
രുക്കുവേടത്തി  വേട്ടത്
പത്തുമേശക്കാരനാകും മുമ്പായിരുന്നു മംഗലം. 
കാജാബീഡി ആഞ്ഞുവലിച്ച് 
പന്തലിലേക്ക് കയറിയ പെരുമാളാണ് 
രുക്കുവേടത്തിയുടെ കാഴ്ചയിലെ ആദ്യരൂപം   
ഒന്ന് കഴിഞ്ഞ് അടുത്തത് എന്ന കണക്കില്‍ 
ആയിരത്തിത്തൊള്ളായിരത്തിഅമ്പത്തഞ്ചുമുതല്‍ 
ആയിരത്തിത്തൊള്ളായിരത്തിഅറുപത്തേഴുവരെയുള്ള 
കൊല്ലങ്ങളില്‍ ആറുവട്ടം 
രുക്കുവേടത്തി പേറ്ററ കയറിയിറങ്ങി. 
പെരുമാള്‍മുഖത്തപ്പോഴും പതിഞ്ഞ ചിരി 
ചിരിക്കു മുകളില്‍ 
ചൂട്ടുപോലെ മിന്നി കാജാബീഡിയും. 

പെരുമാള്‍ പതിയെപ്പതിയെയാണ് 
കൃഷിപ്രിയനായത്. 
എഴുപതുകളുടെ ഒടുവില്‍ 
പെരുമാളിന്റെ കമ്പനിയില്‍ വൈദ്യുതിയും 
രുക്കുവേടത്തിയുടെ കയ്യില്‍ 
വയലിന്റെ ആധാരങ്ങളും തെളിഞ്ഞു. 
പെരുമാള്‍ മേശചവിട്ടുമ്പോള്‍ 
രുക്കുവേടത്തി വയലില്‍ 
ജീവസത്തയായി പടര്‍ന്നു. 
പണിക്കാര്‍ക്കൊപ്പം 
വിതച്ചും നട്ടും കളപറിച്ചും 
കൊയ്തും മെതിച്ചും പാറ്റിയും 
പുഴുങ്ങിയും കുത്തിയും 
രുക്കുവേടത്തി അരിമണികളും തവിടും ഉമിയുമായി  
പത്തായത്തില്‍ നിറഞ്ഞു.
പെരുമാള്‍മുഖത്തപ്പോഴും 
പതിഞ്ഞ ചിരി; 
ചിരിക്കു മുകളില്‍ 
ചൂട്ടുപോലെ മിന്നി കാജാബീഡിയും.

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറുകളുടെ 
ആദ്യത്തില്‍ 
കല്ലുകള്‍ക്കാണ് ആദ്യം വിലയിടിഞ്ഞത് 
മേശകള്‍ പതുക്കെ മാഞ്ഞുപോയി 
അവസാനത്തെ പിടച്ചിലില്‍ 
മാര്‍വാഡിക്കൂട്ടില്‍ 
പെരുമാള്‍ വൈരക്കമ്പനിയൊന്നു നട്ടു.
നരസിംഹറാവുവിന്റെ പുത്തന്‍ സാമ്പത്തികച്ചൂടില്‍ 
തളിര്‍ കിളിര്‍ക്കും മുമ്പ് അതു കരിഞ്ഞുപോയി.
പെരുമാള്‍മുഖത്തെ  
പതിഞ്ഞ ചിരിക്കു മുകളില്‍ 
തിളങ്ങിയ കണ്ണുകള്‍ മങ്ങാന്‍ തുടങ്ങി. 
അപ്പോഴും ചുണ്ടില്‍ 
ചൂട്ടുപോലെ മിന്നി കാജാബീഡി.

ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂറ്റിരണ്ട് 
ഡിസംബര്‍ പത്തിന്   
ഒന്നാം നിലയിലെ മുറിയില്‍ 
കഴുക്കോലില്‍ നിന്നു ഞാന്ന ഒരു മുണ്ടില്‍ 
തൂങ്ങി വേണുവാണ് ആദ്യം മടങ്ങിയത് 
'മരണം വിളിക്കുന്നു' എന്ന 
രണ്ടുവാക്ക് കുറിപ്പ് 
മേശമേല്‍ പുസ്തകത്തിനടിയില്‍ 
ഭദ്രമായി വെച്ചിട്ടുണ്ടായിരുന്നു. 
ശകുന്തളയാണ് പിന്നെ പോയത് 
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതെന്നു കേട്ടു. 
പോകപ്പോകെ രുക്കുവേടത്തി   
പന്ത്രണ്ടു വര്‍ഷംകൊണ്ട് 
പേറ്ററയില്‍ ശരീരത്തില്‍നിന്ന് 
ഒഴിപ്പിച്ചവരെല്ലാം 
അഞ്ചാണ്ടിനിടയില്‍ 
ഭൂവറയില്‍ നിത്യഗര്‍ഭത്തില്‍ ആണ്ടു. 
പെരുമാള്‍മുഖത്തപ്പോഴും 
ചൂട്ടുപോലെ മിന്നി, കാജാബീഡി. 

ചുറ്റുമുള്ള കണ്ടങ്ങള്‍ 
മൂന്നുസെന്റ്  പുരയിടങ്ങളായപ്പോള്‍ 
അവസാനം വിതച്ചുവിളഞ്ഞത് ചാഴിയും 
അവസാനം കൊയ്തത് വയല്‍ക്കിളികളും. 
വയലങ്ങനെ രുക്കുവേടത്തിയില്‍നിന്നും 
പെരുമാളില്‍നിന്നും പിരിഞ്ഞുപോയ്. 
വയല്‍ക്കരെയും തോട്ടരികിലും  
പിന്നെയും കുറച്ചുകാലം 
രുക്കുവേടത്തി നടന്നു. 
പെരുമാള്‍ച്ചുണ്ടിലപ്പോഴും 
ചൂട്ടുപോലെ മിന്നി കാജാബീഡി.

പിന്നൊരുനാള്‍ തൊഴാനിറങ്ങിയ 
രുക്കുവേടത്തി പൊന്തിയത് 
പടിഞ്ഞാറേച്ചിറയുടെ കല്‍ക്കെട്ടില്‍ 
വെട്ടിക്കീറി തുന്നിക്കൂട്ടിയ 
ഏഴാം ശവത്തിനരികില്‍ നിന്നപ്പോള്‍ 
പെരുമാള്‍ മുഖത്ത് 
ആദ്യമായി മരവിപ്പുകണ്ടു.  
ചുണ്ടിലപ്പോഴും 
ചൂട്ടുപോലെ മിന്നി കാജാബീഡി. 

കാജാബീഡിമാത്രം പെരുമാളില്‍ തിളങ്ങിക്കൊണ്ടിരുന്നു.
രാവുംപകലുമില്ലാതെ പെരുമാള്‍ച്ചുണ്ട് 
ബീഡികളുടെ ശവപ്പറമ്പായി. 
ബീഡിയിലും ഓര്‍മ്മകളിലും നീറിനീറി 
പെരുമാള്‍ അലഞ്ഞുലഞ്ഞു. 
ചെന്നിടം അടുക്കള; വീണിടം കിടപ്പറ 
എന്നതായി പെരുമാള്‍വഴക്കം. 
രണ്ടായിരത്തിപ്പതിനാലിലേക്ക് 
മണിക്കൂര്‍ ദൂരം നില്‍ക്കുമ്പോള്‍ 
പാതയോരത്തു കിടന്ന പെരുമാളിന് 
വളവുതിരിഞ്ഞു വന്ന ഒരു ജീപ്പ് 
മോക്ഷം നല്‍കുകയായിരുന്നു.

കെട്ടിപ്പൊതിഞ്ഞു കിടന്ന പെരുമാളിന്റെ 
ചുണ്ടില്‍ തെളിഞ്ഞ ചിരിയുണ്ടായിരുന്നു 
കാജാബീഡിയെരിയാത്ത ചിരി.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com