'വേറോനിക്കയുടെ ജപമാല'- വര്‍ഗീസാന്റണി എഴുതിയ കവിത

എന്റീശോയേ...ആര്‌ടെ നേരെം ഒരു കത്തിപോലുമോങ്ങാത്തഎന്നെ എന്തിനാണിങ്ങനെ കത്തിവക്കണ്?കുത്തിവെച്ചേനാണെങ്കി കയ്യുംകണക്കുമില്ല.ഓരോ സെന്റിയിലും സൂചിപ്പഴുതാ!
'വേറോനിക്കയുടെ ജപമാല'- വര്‍ഗീസാന്റണി എഴുതിയ കവിത

ന്റീശോയേ...
ആര്‌ടെ നേരെം ഒരു കത്തിപോലുമോങ്ങാത്ത
എന്നെ എന്തിനാണിങ്ങനെ കത്തിവക്കണ്?
കുത്തിവെച്ചേനാണെങ്കി കയ്യുംകണക്കുമില്ല.
ഓരോ സെന്റിയിലും സൂചിപ്പഴുതാ!

മൂന്നു പേറിലും കീറി.
ആമാശയം, പിത്താശയം, ലിവറ് വേറെ.
ആറോപ്പറേഷന്‍!
എല്ലാത്തിനോടും കോപ്പറേറ്റുചെയ്തു.
ചെയ്യാണ്ടുപറ്റോ?
കോപ്പറേറ്റീവ് ബാങ്കിലെ അടിച്ചുതളിക്കാര്യല്ലേ!
നിന്റെ റെക്കോഡ് 
അഞ്ചുതിരുമുറിവാണല്ലോ.
ഞാനതു ഭേദിച്ചു.

എന്നാലുംന്റെ കര്‍ത്താവേ
ഇത്ര അരാജകീയമായി ജീവിച്ചിട്ടും 
നിനക്ക് സൂക്കേടൊന്നും വന്നില്ലല്ലോ, ഭാഗ്യം!
അറുപതുകളിലെ ഹിപ്പികള്‍ക്കുപോലും 
നിന്റെ അരാജകറെക്കോഡ് ഭേദിക്കാനായില്ല.
അത്ഭുതംകൊണ്ട് നീയെത്രയോ രോഗികളെ 
സുഖപ്പെടുത്തി!
വാതംകൊണ്ടു തളര്‍ന്നവരേയും 
വാദിച്ചു തളര്‍ന്നവരേയും 
ഒരുപോലെ ശ്രുശ്രൂഷിച്ചു.
വൈദ്യം പഠിക്കാത്ത വൈദ്യര്‍.
ഏതു രോഗത്തിനും നിന്റെ പക്കല്‍ 
ഒരേയൊരൊറ്റമൂലി സ്‌നേഹം!
സ്‌നേഹമാണഖിലസാരമൂഴിയിലെന്ന് 
ആശാനുംമുന്‍പേ
ജീവിതംകൊണ്ട് തെളിയിച്ച ആശാരി.
ദൈവത്തെ, 
അയല്‍ക്കാരനെ,
വര്‍ഗ്ഗശത്രുവിനെവരെ.
സ്‌നേഹധാര, കിഴി, കഷായം.
ക്ഷമയുടെനെല്ലിപ്പലക.
ത്യാഗത്തിന്റെ മുട്ടിപ്പലക.

നിനക്ക് പെരുക്കപ്പട്ടിക അറിയില്ലേ?
അതാണോ 'ഏഴെഴുപതുതവണ ക്ഷമിക്കണം'ന്ന്  പറഞ്ഞത്?
കണക്കുതെറ്റുമ്പോഴാണ് കവിതശരിയാകുന്നത്
എന്നാണോ അതിന്റെ ധ്വനിമൂല്യം? 
നിന്റൊരു മുടിഞ്ഞഭാവുകത്വം! 
അസത്യാനന്തര കാവ്യഭാവുകത്വത്തിന്റെ
നാരായവേരേ,
അപാരം നിന്റെ ക്ഷമയുടെ പെരുക്കപ്പട്ടിക! 
വാക്കിന്റെ ചുരുക്കപ്പട്ടിക.
നീയൊന്നുതൊട്ടപ്പോള്‍
മുടന്തന്‍ ഒളിമ്പിക്‌സിലോടി
സ്വര്‍ണ്ണംനേടി.
വിളിച്ച നിമിഷം 
ലാസര്‍ കുഴിമാടത്തില്‍നിന്ന് എഴുന്നേറ്റുവന്നു. 
പിറ്റേന്നുമുതല്‍ കൂലിപ്പണിക്കുംപോയി.
നാലുദെവസം എന്തുട്ടാപറ്റ്യേന്നു
മൊതലാളി ചോദിച്ചപ്പൊ
മണ്ണാര്‍ക്കാടാശുപത്രിയില്‍ 
അഡ്മിറ്റായിരുന്നെന്നു പറഞ്ഞു. 

സ്‌കാനിങ്ങ് വേണ്ട 
എക്‌സ്‌റേ വേണ്ട
എന്റോസ്‌കോപ്പി വേണ്ട
കീമോതെറാപ്പി വേണ്ട
ഒരുകോപ്പും വേണ്ട 
ചില്ലിക്കാശും വേണ്ട
ശ്രീയേശുവൈദ്യന്റെ 
സ്‌നേഹാശുപത്രി വൈറലായി.

എന്നാലും നീയെന്നോട് കാട്ടിത്
കൊര്‍ച്ച് കടുപ്പായിട്ടോ.
ഞാനെന്തോരം കുരിശുവരച്ചു!
'പരിശുദ്ധപരമദിവ്യകാരുണ്യ'ത്തിനു യാചിച്ചു! 
കൊന്തചൊല്ലി! 

പാവം എന്റെ കെട്ട്യോന്‍
കൊറോണക്കാലത്ത് 
വേലേം കൂലിംല്ലാണ്ടിരിക്കണത്
കാണ്ണില്യേ, കര്‍ത്താവേ?
പോരാത്തേന് കവിയും!
വെഷമംവരുമ്പോ
കൊറേ കണകുണകണ്ടന്‍ചേമ്പ്
കുത്തിക്കൊറിക്കണ കാണാം. 

ഇന്ന് ബില്ലടയ്ക്കണ്ട ദെവസാ.
നഴ്‌സ് ബില്ല് കൊടുത്തപ്പൊ
കൊറേനേരം
താടിക്കു കയ്യുംകൊടുത്തിരിക്കണ കണ്ടു. 

ചായ വാങ്ങാന്നു പറഞ്ഞ്
ഇപ്പൊതന്നെ ചോറ്റുപാത്രെടുത്ത് 
കാന്റീനില്‍ക്ക് പോയി. 
തലയ്ക്കു വെളിവില്ലാണ്ടായപ്പൊ
കട്ടിലിന്റെ തലയ്ക്കു വെച്ചുപോയ
ആഴ്ചപ്പതിപ്പെടുത്ത് മറിച്ചുനോക്കി. 
പതിനാറാംപേജിലെ
ലേഖനത്തിന്റെ തലേക്കെട്ടഴിക്കാന്‍നോക്കി: 
അര്‍ത്ഥശാസ്ത്രകൊറോണാനന്തര കാവ്യമീമാംസ.
താഴെയുള്ള ലീഡില്‍ കണ്ണുടക്കി: 
മരണഭയത്തിന്റെ തറയിലാണ്
ഓരോ ആശുപത്രിയും തറഞ്ഞുനില്‍ക്കുന്നത്.
മരണഭയത്തോളമാണ്
ആശുപത്രിബില്ലിന്റെ കനം.
കാശുപത്രിയാണ് കാലോചിതം.

ഒരെത്തുംപിടിയും കിട്ട്ണില്ലല്ലോ
കര്‍ത്താവേ, രക്ഷിക്കണേ!

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com