'ചോരപ്പങ്ക്'- ഗാര്‍ഗി ഹരിതകം എഴുതിയ കവിത

ആണ്‍ലോകം തകര്‍ക്കാനുള്ള അമ്മമാരുടെ ഗൂഢാലോചനയാണ് ഞങ്ങള്‍  സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന പെണ്‍മക്കള്‍
'ചോരപ്പങ്ക്'- ഗാര്‍ഗി ഹരിതകം എഴുതിയ കവിത

ണ്‍ലോകം തകര്‍ക്കാനുള്ള 
അമ്മമാരുടെ ഗൂഢാലോചനയാണ് ഞങ്ങള്‍  
സ്വാതന്ത്ര്യത്തിനുവേണ്ടി 
പൊരുതുന്ന പെണ്‍മക്കള്‍

യക്ഷികളുടെ പനകളും പാലകളും മുറിച്ച്
റോഡുകളും കെട്ടിടങ്ങളുമുണ്ടാക്കി,
ചോരക്കല്ലുവാര്‍ന്ന് പ്രതിഷ്ഠ നടത്തിയ 
ഭഗവതിക്കാവുകളിലെ കാര്‍ന്നോത്തിമരങ്ങള്‍
ആഡംബര സൗധങ്ങളിലെ 
വാതില്‍ക്കട്ടിളകളും ജന്നല്‍പ്പാളികളുമാക്കി,
മണ്ണില്‍ കീടനാശിനികളും
വായുവില്‍ സാനിറ്റൈസറുമുപയോഗിച്ച്
നിങ്ങള്‍ തീര്‍ത്തുകളയാമെന്ന് കരുതിയ
അമ്മമാരുടെ സ്‌നേഹം, 
കഴപ്പ്, പ്രതികാര ദാഹം...

തലമുറതലമുറകളായി
സ്ത്രീകള്‍ പൂജ ചെയ്യുന്ന
പൂശാരിച്ചിക്കാവുള്ള ആ കുന്നിന്റെ 
താഴ്‌വാരത്തെ കോണ്‍ക്രീറ്റു വീട്ടിലാണ് 
ഞാനുണ്ടായത്

കൊടുങ്ങല്ലൂരമ്മയെ കേട്ടുമുട്ടിയപ്പോഴാണ്
എനിക്കീ വെളിപാടുണ്ടായത്

വിപ്ലവത്തിന്റെ ചോപ്പ് 
പരസ്പരം മത്സരിച്ച് 
ആരാണ് വലിയവനെന്ന്
വെട്ടിക്കൊന്ന് ചത്തവന്മാരുടെ 
ചോരയുടേതല്ല

പെണ്ണ് വാര്‍ന്ന് വാര്‍ന്ന്
എന്നും ഒരേ ചോറ് ഒരേ കറി
ഒരേ കരിയെന്ന് അടുക്കളക്കത്തിയുടെ 
മൂര്‍ച്ചയില്‍ വരിഞ്ഞത്,
ഓരോ പേറിലും വാര്‍ന്ന്
പകുതിക്കു വച്ച് കാലകന്ന് കീറി
മാസങ്ങളോളം പുകഞ്ഞ്
കൂട്ടിച്ചേര്‍ത്തുവച്ചുണക്കിയ
മുറിവില്‍നിന്ന്
വീണ്ടും തുള്ളിയായ് വാര്‍ന്ന്...

'ഞങ്ങളുടെ ചോരപ്പങ്കാണ്
ഇന്ന് ഇക്കാണുന്നതെല്ലാം...
എല്ലുനുറുക്കി ഇറച്ചിമുറിച്ച്
പകുത്ത് വളര്‍ത്തിയതാണ് 
ചരിത്രം, സംസ്‌കാരം, ഭരണകൂടം,
പിന്നെ നീ, നീ, നിന്നെയും.

ഞങ്ങള്‍ക്ക് ചോപ്പ് 
പകര്‍ന്നേകലിന്റെ, പങ്കിട്ടെടുക്കലിന്റെ,
പാട്ടിന്റെ, പകലിന്റെ,
പട്ടുപോല്‍ പുതയ്ക്കുന്ന 
സ്‌നേഹത്തിന്റെ

പതിയെ ആടിയാടി 
പാടിയുറക്കിയ താരാട്ടിന്റെ 
പെട്ടെന്ന് വേണമെന്ന് 
നെഞ്ചൂതി വേവിച്ച കഞ്ഞിയുടെ
അടുപ്പിന്റെ
ആളിക്കത്തലിന്റെ...

ഉണ്ടാക്ക്,
പുതിയൊരു ലോകം
അവിടെ പൂക്കള്‍ രാജ്യം ഭരിക്കട്ടെ
പൂമ്പാറ്റകളുടെ നൃത്തം കണ്ട്
പരസ്പരം തൊടാന്‍ പഠിക്കട്ടെ

നീ നിന്നെ ജയിച്ചവളെന്ന്
നിന്നെയില്ലാതാക്കാന്‍ ഒരു കള്ളത്തിനുമാവില്ലെന്ന്
നീയറിയുന്ന ഒരു കാലമുണ്ടാക്ക്, 
നീയും നീയും നിങ്ങളും ചേര്‍ന്ന്
ആനന്ദത്തിന് പുതിയ പേരുകള്‍ കണ്ടെത്ത്, 
പരസ്പരം ഭക്ഷണം വിളമ്പുന്നതെന്ന്, 
സ്‌നേഹിക്കുന്നതെന്ന്, പിണങ്ങുന്നതെന്ന്,
പിരിയുന്നതെന്ന്, പിരിഞ്ഞാലും സ്‌നേഹിക്കുന്നതെന്ന്,
സ്‌നേഹത്തില്‍ വിശ്വസിക്കുന്നതെന്ന്...

ഞാന്‍ മുകളില്‍, നീ താഴെയെന്ന് 
മാത്രം കാണാന്‍ പഠിച്ചവര്‍ 
ആരെങ്കിലും കീഴ്‌പെടുത്താന്‍ വരുമോയെന്ന്
ഭയന്നുറങ്ങുന്നവരുടെ യുദ്ധഭൂമി 
അത് നമ്മുടെ രാജ്യമല്ല 

നീ, നീ പിന്നെ നീയും 
പുതിയ മുറികളില്‍, 
തുറസ്സുകളില്‍, കടപ്പുറങ്ങളില്‍ 
കുന്നിന്‍പുറങ്ങളില്‍ 
പരന്നൊഴുക്, പരന്ന് പടര്, പരന്ന് പരക്ക്...'

അമ്മമാരുടെ 
നിറം നിറച്ച, ചെഞ്ചോപ്പില്‍ പൂത്ത 
ഞരമ്പൊലിച്ചിറങ്ങുന്ന 
ഗൂഢാലോചനകള്‍...

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com