'രാത്രിവണ്ടി'- രാപ്രസാദ് എഴുതിയ കവിത

രാത്രിവണ്ടിക്കകംമൗനാവലി
'രാത്രിവണ്ടി'- രാപ്രസാദ് എഴുതിയ കവിത

രാത്രിവണ്ടിക്കകം
മൗനാവലി.
പുറത്താഞ്ഞു കത്തി
ക്കെടും മിന്നല്‍ച്ചെടി,
തൂവാന മുത്തണി
പ്പീലി ചിമ്മി
ചേലപോലൊട്ടി
നിന്മേനിയെന്നില്‍.

കാട്ടിലൂടൊറ്റവണ്ടി
ക്കിതപ്പില്‍
പാട്ടുതാളത്തില്‍
സവാരി വേഗം.
മുന്നില്‍ വെളിച്ച
ത്തുരങ്ക ദൂരം.

കാട്ടില്‍ തെളിഞ്ഞ
മഴപ്രദേശം
കൂരിരുള്‍ മൂടി
പ്പുതച്ച കൂര.

നില്‍ക്കുന്നു വണ്ടി
യിടത്തരികില്‍.
നിര്‍വ്വികാരച്ചൂ
ടണിഞ്ഞ ഡ്രൈവര്‍

മുന്‍ വെളിച്ചം താണ്ടി
വന്നൊരുവള്‍
കുഞ്ഞു പാവാട,
നനഞ്ഞ മേനി.

മൂന്നു തട്ടുള്ള
ചെറിയ പാത്രം
ഡ്രൈവര്‍ക്കു നല്‍കി
ത്തിരിഞ്ഞു വെക്കം
കൂരയിലേക്കിരുട്ടായ്
മറഞ്ഞാള്‍.
സൂര്യനെല്ലിക്കാടിറങ്ങി
വണ്ടി.

നീയുറങ്ങുന്നില്ല
യെന്നു മെല്ലെ
കോടത്തണുപ്പു
ള്ളൊരൊച്ച പിഞ്ഞി:
'മോളുറങ്ങിക്കാണു
കില്ല വീട്ടില്‍...'

ഏറ്റം തണുപ്പിനാ
ലല്ലി തോഴീ
നിന്നുടല്‍ താളം 
വിറച്ചതപ്പോള്‍?

മുന്നില്‍ വെളിച്ചം
നയിച്ച പാത
നീലച്ച കോട 
പിളര്‍ന്നു നീളെ.

ചോറ്റുപാത്രത്തില്‍
പളുങ്കു ചേര്‍ത്തു
രാവുറഞ്ഞുള്ള
നീര്‍മൊട്ടുമാല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com