'ടെഡി ബെയര്‍'- മനോജ് തെക്കേടത്ത് എഴുതിയ കവിത

വാതിലടച്ചു പൂട്ടുമ്പോള്‍കൊച്ചന്ന മിണ്ടീല തെല്ലും.അച്ഛന്റെ കണ്ണിലെന്താണോപൊന്നീച്ച കുത്തിയ ചോപ്പ്
'ടെഡി ബെയര്‍'- മനോജ് തെക്കേടത്ത് എഴുതിയ കവിത

വാതിലടച്ചു പൂട്ടുമ്പോള്‍
കൊച്ചന്ന മിണ്ടീല തെല്ലും.
അച്ഛന്റെ കണ്ണിലെന്താണോ
പൊന്നീച്ച കുത്തിയ ചോപ്പ്.
അമ്മക്കവിളിലെന്തിന്നേ
കണ്ണീരു വെന്ത കറുപ്പ്.
കൊച്ചന്ന മിണ്ടാതെ മിണ്ടി
തന്നോടുതന്നെ പായാരം.

പൂട്ടിയിട്ടച്ഛനെന്തിന്നേ
വീണ്ടും തിരിഞ്ഞുനോക്കുന്നു.
അമ്മ തലകുനിച്ചെന്തേ
കാല്‍നഖം നോക്കിമാഴ്കുന്നു.
കൊച്ചന്ന മാത്രമാണല്ലോ
ചില്ലറപോലെ കിലുങ്ങി.

കൈപിടിക്കുന്നച്ഛ,നമ്മ
ചേര്‍ത്തണയ്ക്കുന്നു മുറുക്കെ.
എന്തിനാണീവിധം ചെയ്യാന്‍
കൊച്ചന്ന കൗതുകം കൊള്‍കെ.
അച്ഛന്റെ കാറിന്റെയുള്ളില്‍
തിങ്ങിഞെരുങ്ങിയിരിക്കെ
പാത്രം, കളിപ്പാട്ടമെല്ലാം
സ്വൈര്യം കലപില കൂട്ടേ...

പോകുന്നിതെങ്ങാണു നമ്മള്‍
കൊച്ചന്നയച്ഛനോടോതേ,
അമ്മയറിയാത്തപോലെ
അച്ഛനോ കേള്‍ക്കാച്ചെവികള്‍.

പത്തുനിലകള്‍ക്കുമേലെ
ആകാശനീലയ്ക്കുമേലെ
പട്ടം പറക്കുന്നപോലെ
കൊച്ചന്ന വാണ ദിനങ്ങള്‍!
അത്രേമുയരങ്ങള്‍ കണ്ട
കൂട്ടുകാരാരെങ്ങുമില്ല.

കൊച്ചന്ന ചോദിപ്പ,തച്ഛാ
പോകാത്തതെന്തു നാം വീട്ടില്‍,
പത്തുനിലകള്‍ക്കു മേലെ
പാത്തുകളിക്കണം വേഗം.
നിദ്രാമുറിയിലെ നീളന്‍
ചില്ലലമാരയിലല്ലോ
കൊച്ചന്ന തന്റെ സുഹൃത്ത്
കൊച്ചു ടെഡീബെയര്‍ മുത്ത്.

വെള്ളത്തിലാഴുന്ന കുട്ടി
ശ്വാസം വലിച്ചെടുക്കുംപോല്‍
അച്ഛനുമമ്മയും വീണ്ടും
കണ്ണിമയ്ക്കുന്നു വല്ലാതെ.
അച്ഛനുറങ്ങിയിട്ടില്ല,
അമ്മയും കണ്ണടച്ചില്ല.
കാറ്റുപിടിക്കാത്ത കല്ലായ്
കൊച്ചന്ന ഗൗരവം പൂണ്ടു.

വേരറ്റുപോയ മരം പോല്‍
അച്ഛന്നുമമ്മയും നില്‍ക്കെ
കുഞ്ഞു കരടിയെത്തേടി
കൊച്ചന്ന നൊന്തുവിളിക്കെ.
ഫ്‌ലാറ്റു വീഴുന്നല്ലോ, ദൂരെ
കാറ്റില്‍ കിളിക്കൂടുപോലെ.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com