'ജീവന്റെ വിത്ത്'- ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത

അകത്തെന്നും തിങ്ങിവിങ്ങുംമനസ്സിന്‍ കാവ്യവിത്തുകള്‍മുളയ്ക്കട്ടെ പാരിലെങ്ങുംപടരും വന്യദീപ്തിയില്‍
'ജീവന്റെ വിത്ത്'- ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ കവിത

കത്തെന്നും തിങ്ങിവിങ്ങും
മനസ്സിന്‍ കാവ്യവിത്തുകള്‍
മുളയ്ക്കട്ടെ പാരിലെങ്ങും
പടരും വന്യദീപ്തിയില്‍

കനത്ത ദുഃഖമേ മാറൂ
വിശുദ്ധഹൃദയാലയം
തുറന്നുവയ്ക്കൂ സ്വപ്നത്തിന്‍
പുഷ്പസന്ദേശസൗരഭം

അണക്കെട്ടില്‍ തളച്ചിട്ട
കാട്ടാറിന്‍ ഗതികോര്‍ജ്ജമേ,
ക്ഷിപ്രം, സമുദ്രലക്ഷ്യത്തില്‍
കുതിക്കും അശ്വനിസ്വനം

നിന്റെ നിര്‍വ്വേദകാവ്യത്തില്‍
തിരതല്ലുകയല്ലയോ
വനഹൃത്തിന്‍ വിലാപങ്ങള്‍
ഹരിതാത്മാവിനുള്‍വിളി

വാക്കിന്‍ പാടത്തു വിത്തേറ്റി
വിളയിക്കുന്നിതെന്‍ മനം
തണലും കുളിരും നെയ്യും
വിശ്വകര്‍ഷകവിസ്മയം

സഹജീവിസ്‌നേഹപാഠം
പകരും പാവനാലയം
സത്യം ശുദ്ധം സമാധാനം
നിവര്‍ത്തും കവിമാനസം

നവലോകം സമഭാവ
സൂര്യനേകുന്ന ജീവനം
പകര്‍ത്തും ഹരിതാവേഗ
ജീവിതാനന്ദ സൗഭഗം

സ്വാതന്ത്ര്യത്തിന്റെയാകാശം
നിവര്‍ത്തും കര്‍മ്മവീഥിയില്‍
ശാന്തിയേകും വെണ്‍പിറാക്കള്‍
പറക്കും സ്‌നേഹവീഥിയില്‍

ഒത്തുചേരും ശക്തിയാലേ
വിജയിക്കട്ടെ മേല്‍ക്കുമേല്‍
വിശ്വമെല്ലാം തളിര്‍ചൂടും
പൂക്കളായ് സഫലങ്ങളായ്

കര്‍ഷകന്റെ നിലം വാഴ്‌കെ
പുഷ്പിക്കുന്നിതു ഭൂതലം
കര്‍ഷകന്റെ കുലം വാഴ്‌കെ
മധുരിക്കുന്നു ജീവിതം.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com