'ആത്മാവിന്റെ ചിത്രപ്പണികള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

നിഴലുകള്‍ ആത്മാവിന്റെ ചിത്രങ്ങളായിരിക്കാംഓര്‍മ്മകളുടെ ചോരയാവാംഅവയെ കറുപ്പിക്കുന്നത്
'ആത്മാവിന്റെ ചിത്രപ്പണികള്‍'- ദേശമംഗലം രാമകൃഷ്ണന്‍ എഴുതിയ കവിത

നിഴലുകള്‍ 
ആത്മാവിന്റെ ചിത്രങ്ങളായിരിക്കാം
ഓര്‍മ്മകളുടെ ചോരയാവാം
അവയെ കറുപ്പിക്കുന്നത്. 
മുറ്റത്തെ നിലാവില്‍ വിഷാദിച്ചലയുന്ന
അവയെ നോക്കിയിരിക്കുമ്പോള്‍
എന്റെ ഉല്‍ക്കണ്ഠ-
മണ്ണിലടര്‍ന്നുവീണ
ഒരു പൂവിനെച്ചൊല്ലിയായിരുന്നു
ഇത്രനാളും മനസ്സില്‍ പതിയാതെ പോയ
ഒരു ജീവിതത്തെച്ചൊല്ലിയായിരുന്നു,
ഇതേ നിഴലുകള്‍ പോലെ
വീട്ടില്‍ ഒന്നോ രണ്ടോ വട്ടം വന്നുകേറി
മൗനമായി ഇറങ്ങിപ്പോയൊരു
അപരിചിത മുഖത്തെക്കുറിച്ചായിരുന്നു.

അത് ഒരു പരിചയമാവാന്‍,
സ്‌നേഹിച്ചോ അല്ലാതെയോ പറഞ്ഞോ
പറയാതെയോ പിരിയുന്ന
ഒരു സൗഹൃദമാവാനെങ്കിലും, 
അവള്‍ ജീവിച്ചിരുന്ന കാലത്ത്
എന്തേ പറ്റാതെ പോയത്-

മണ്ണ് അവളെയും വാരിയെടുത്തപ്പൊഴേ
നമ്മളറിഞ്ഞുള്ളൂ:
നിനയ്ക്കാതിരുന്ന കാലം
നനയ്ക്കാതിരുന്ന കാലം
വിണ്ടുകീറിയ മണ്ണിലൊരു മിന്നാമിനുങ്ങ്-
ഉമ്മറത്തു വന്നിരുന്നെന്നുപോലും
ഓര്‍ക്കാന്‍ കഴിയാത്തവിധം
ഒരു ശാപത്തിന്റെ അമ്പ്
ഞരമ്പിലേറ്റിരുന്നുവോ.
തന്റെ പകലറുതി മുന്‍കൂട്ടിക്കണ്ട
യാദൃച്ഛിക മനസ്സില്‍
നമുക്കും ഇടമുണ്ടായിരുന്നു,
നാം അറിഞ്ഞില്ല. 

യാദൃച്ഛികമല്ലേ
ഇന്ന് ഉച്ചയ്ക്ക് കഥാകാരന്‍ ഇവിടെ വന്നതും
സഹയാത്രികയുടെ കഥ
ജീവിതമാക്കി പറഞ്ഞുതന്നതും,
അവളെ ഒരു ധ്യാനബുദ്ധയായി
ഞാന്‍ സ്വപ്നം കണ്ടതും. 

'ഒക്കെ ശരി, നിറുത്തൂ' - നിന്റെ കണ്ണുകള്‍ നിറഞ്ഞു
'ഒന്നും ശരിയല്ല' - എന്റെ മറുപടിയില്‍ 
നീ വിശ്വസിച്ചുവോ.
പിന്നെ, പുതിന ചേര്‍ത്ത കട്ടന്‍ കുടിച്ച്
കഥാസുഹൃത്ത് എന്തോ പറഞ്ഞു മടങ്ങുമ്പോള്‍
ഗേറ്റുവരെ പോയി പിന്നെയും കുറേനേരം
ഞങ്ങള്‍ സംസാരിച്ചുനിന്നു-
മടങ്ങിവന്നപ്പോള്‍ നീ ചോദിച്ചു:
''കാശിക്ക് ഒന്നിച്ചുനടന്നുപോയി മാസങ്ങള്‍ കഴിഞ്ഞ്
ഒന്നിച്ചുതന്നെ തിരിച്ചെത്തിയിട്ടും
ഉമ്മറത്തെത്തും മുമ്പേ, കിണറ്റിന്‍കരയില്‍ചെന്നിരുന്ന്
വര്‍ത്തമാനം തുടര്‍ന്ന തീര്‍ത്ഥാടകരെപ്പോലെയല്ലോ, ഇത്?
- എന്താണ് കഥാശിഷ്യന്‍ പറഞ്ഞത്?
- അവന്റെ അമ്മയെപ്പറ്റി:
അമ്മ നന്നായി പുകയില കൂട്ടി മുറുക്കുമായിരുന്നു. അന്ത്യകാലത്ത് ഡോക്ടര്‍ ശാസിച്ചു, ഒരഞ്ചുവര്‍ഷം കൂടി ജീവിക്കാം, പേരമക്കളും മക്കളുമൊക്കെയായി ഓണം ഉണ്ണാന്‍ ഇനിയും കാലം കിടക്കുന്നു, അതിന് ഈ മുറുക്ക് നിര്‍ത്തണം.
രോഗക്കിടക്കയില്‍ കിടന്ന് അമ്മ പറഞ്ഞുവത്രെ: ആ മുറുക്കാന്‍ചെല്ലം ഇങ്ങട്ടെടുക്കൂ ഡോക്ടറേ, ഞാനൊന്നു ചവയ്ക്കട്ടെ. പിന്നേയ്, ആ അഞ്ചുവര്‍ഷം എനിക്കു വേണ്ടാ.
- ആ ലഹരിക്കുവേണ്ടിയാണല്ലോ നമ്മുടെ അമ്മയും അവസാനമായി ആഗ്രഹിച്ചത്, ഓര്‍ക്കുന്നില്ലേ?*

 *Statutory Warning : Tobacco is Injurious to Health

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com