'എതിരൊഴുക്ക്'- കെ. രാജഗോപാല്‍ എഴുതിയ കവിത

By കെ. രാജഗോപാല്‍  |   Published: 23rd September 2022 05:07 PM  |  

Last Updated: 23rd September 2022 05:07 PM  |   A+A-   |  

raja

raja

 

വീടിന്റെ ഭിത്തിക്കുള്ളില്‍
ചിലപ്പുകേട്ട് ഉറപ്പിക്കാം
-പൈപ്പിലൂടൊഴുകുന്നുണ്ട് 
ഒരു പുഴയുടെ കൈവഴി.

അതു പിന്നെ,
ആദ്യത്തെ കടവില്‍
കുളിക്കാനിറങ്ങിയ മകന്റെ
ഷവറിനുകീഴിലെ നീന്തല്‍പോലെ
അനായാസമാകും;
തലതോര്‍ത്തുമ്പോള്‍
പരിധിവിട്ടു മുറിഞ്ഞുപോകുന്ന
അവന്റെ പാട്ടിനെ പിച്ചിക്കീറും.

അതു മെല്ലെ,
പാത്രംമോറാന്‍ 
സിങ്കിലിറങ്ങിയ ഭാര്യയുടെ 
നൈറ്റിയില്‍ നനവുകൊണ്ട് 
അടിഞൊറിവു തയ്ക്കും;
മാനത്തുകണ്ണികളെ കോര്‍ത്ത്
പൊത്തയില്‍ പാദസരമായി
ഉളുമ്പാല്‍ ഒട്ടിപ്പിടിക്കും.

അതുറക്കെ,
തൊടിയില്‍ കുനിഞ്ഞുകൊപ്ലിച്ചു
തൊണ്ടപൊട്ടി കാറുന്ന
അയലുകാരന്റെ ഓക്കാനമായി
അരോചകമായിത്തുടങ്ങും.

അതൊരു നിമിഷം,
ചെടിക്കു കോരുന്ന തോട്ടക്കാരന്‍
കൊളുത്തി ചുഴറ്റുന്ന ജലപൂത്തിരിയും,
വാഷ്ബേസിനില്‍
പതവടിച്ചിറക്കുന്ന ബ്ലേഡിന്റെ
അശ്രദ്ധകൊണ്ട് 
ഭിത്തിക്കണ്ണാടിയിലേയ്ക്ക് തെറിച്ച
മഞ്ചാടി നീറ്റലുമാകുമ്പോഴേയ്ക്കും
വെയിലാകും.

അതങ്ങനെ,
തട്ടുകടമേശമേല്‍ അലക്കിപ്പൊത്തിയ 
പൊറോട്ടച്ചുറ്റുപോലെ
പുറംപണിക്കാരി എത്ര അടിച്ചുരുട്ടിയിട്ടും 
ഇടംമാറി വെട്ടിവഴുതുന്ന കറയായി 
മേല്‍മുണ്ടില്‍ഒഴുകിനടക്കുകയാവും.

അതൊടുവില്‍,
കിഴി കറന്നെടുക്കുന്ന
നൂലുപോലെ നേര്‍ത്തുവരും.
ദീനക്കാരന്റെ കഫംപോലെ
തുരുമ്പു മണത്തുതുടങ്ങും.
അങ്ങനെയിരിക്കെ
നിന്നനില്‍പ്പില്‍ ഉറച്ച്
നേരം ഇരുട്ടും.

ഒഴുക്ക് ഒട്ടും നിസ്സാരമല്ല
-രാത്രിയുടെ ഓവറയില്‍
ഉറക്കത്തെ മൂത്രം മുട്ടിച്ച്
കിടക്കയിലിട്ട് ഉരുട്ടാന്‍പോന്ന
കെല്പുണ്ടതിന്;
വിളക്കുകളില്‍നിന്ന് 
വെളിച്ചത്തെ തുടച്ചുമാറ്റി
കറക്കത്തിന്റെ ചിറകില്‍
കല്ലുകെട്ടി തൂക്കുമ്പോഴും
വിയര്‍ക്കില്ലതിന്.

പുലര്‍ച്ചെ
ശുചിമുറിയിലെ കടവിലിരിക്കെ
വരണ്ടുപോയ പുഴയില്‍
തറഞ്ഞുപോയവരുടെ നിലവിളിക്കൊപ്പം
ഭിത്തിയിലെ സ്വിച്ച്ബോര്‍ഡില്‍
പിയാനോപടവുകള്‍
അമരേണ്ട താമസം,
കിണറിനു കുളിരും.

-വീണ്ടും ഒരുപുഴ
മേലോട്ടൊഴുകാന്‍ തുടങ്ങും.