'വളരലും ചെയ്യലും'- കെ.എ. ജയശീലന്‍ എഴുതിയ കവിത

വളരല്‍ ഒരു ചെയ്യ-ലാണെങ്കില്‍ സസ്യങ്ങളെനിങ്ങളും കരണാധി-കാരികള്‍ സ്വയത്‌നത്താല്‍അനങ്ങാന്‍ കഴിഞ്ഞന്നേശരിക്കും കര്‍ത്താക്കളായ്
'വളരലും ചെയ്യലും'- കെ.എ. ജയശീലന്‍ എഴുതിയ കവിത

1
ളരല്‍ ഒരു ചെയ്യ-
ലാണെങ്കില്‍ സസ്യങ്ങളെ
നിങ്ങളും കരണാധി-
കാരികള്‍ സ്വയത്‌നത്താല്‍
അനങ്ങാന്‍ കഴിഞ്ഞന്നേ
ശരിക്കും കര്‍ത്താക്കളായ്:
'ജന്തു'ക്കളായിയപ്പോള്‍.

2
പ്രയത്‌നമുണ്ട് തീര്‍ച്ച
ഇല തെഴുക്കുന്നതില്‍
മൊട്ട് വിടരുന്നതില്‍
വിത്ത് മുളയ്ക്കുന്നതില്‍
ആ യത്‌നം സ്വരൂപിച്ചൊ-
രുക്കാക്കി തന്നിലേയ്‌ക്കേ
ലാക്കാക്കി പ്രയോഗിച്ചാം
അനങ്ങിയത്; ആ നീക്കം-
ആര് കണ്ടു ഭവിഷ്യം
അതിനാല്‍ ആകുമെന്ന്
'ജന്തു'വിന്‍ പ്രാദുര്‍ഭാവം!

3
സ്വന്തചലനമാണ്
ജന്തുലോക ലക്ഷണം

4
ഉദിച്ചു സാധ്യതകള്‍
(അല്ലെങ്കില്‍ സ്വാതന്ത്ര്യങ്ങള്‍):
നീന്തല്‍, നിരങ്ങല്‍, ഓട്ടം,
പറത്തം. കൂട്ടിന്നെത്തീ
ഇന്ദ്രിയം സ്ഫുടതകള്‍.

5
കല്ലിന് ലോകംവേണ്ട.
ചെടിക്ക് തൊട്ടറിവ്.
സഞ്ചരിക്കുന്നവര്‍ക്ക്
പരിതഃജ്ഞാനം വേണം,
എന്തെങ്കിലുമൊരൂഹം.
(ലോകത്തെ നിര്‍മ്മിച്ചത്രേ
കേള്‍വിയെക്കൊണ്ട്, രാത്രി-
ഞ്ചാരികള്‍ വവ്വാലുകള്‍.)

6
അനക്കം സാധിച്ചപ്പോള്‍
സ്ഥലത്തിന്‍ രാജ്യം കിട്ടി.

ഈ ചെറുപുഴുവിന്
(സ്വന്തശരീരത്തിന്റെ
സീമ മറക്കാമെങ്കില്‍)
എങ്ങോട്ടും നീങ്ങാം- ഉണ്ട്
ത്രിമാന സ്വതന്ത്രത.
നോക്കൂ നീ വണ്ടേ! നിന-
ക്കെന്നെക്കാള്‍ വിധങ്ങളില്‍
സഞ്ചരിക്കുവാന്‍ പറ്റും.

7
ആ സാധ്യതകളായി
വികല്പം: എങ്ങോട്ടേയ്ക്ക്?
എങ്ങോട്ട് തിരിയണം?
എങ്ങോട്ട് കാല്‍ വെയ്ക്കണം?
എങ്ങോട്ട് പറക്കണം?
(വികല്പാധിഷ്ടം കര്‍മ്മ-
സ്വാതന്ത്ര്യ പ്രതീതികള്‍).

8
ജന്തുക്കള്‍ക്കത്രേ കിട്ടി
ആദ്യമായ് ശീക്ഷാര്‍ഹത,
കര്‍മ്മത്തിന്റധികാരം
(സോപ്പ് കൊണ്ടുപോകുന്ന
എലിയെ ഹനിയ്ക്കുക.)

9
സങ്കല്പിക്കാന്‍ ശ്രമിയ്ക്ക,
ജീവന്റെ കഥയിലെ
ആദ്യ സ്വയം ചലനം
ആദ്യ ഇച്ഛാചലനം
എങ്ങോ സംഭവിച്ചുള്ള
വളരെ നനുത്തതാ-
മനക്കത്തിന്‍ തുടക്കം.
അവിടെ കുറിക്കുക
കര്‍മ്മത്തിന്‍
ജന്മം: അങ്ങാം
ധര്‍മ്മശാസ്ത്രങ്ങളുടെ
പ്രഭവം, മൂലസ്ഥാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com