'കാരപ്രേമം'- സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത

മഴയത്രമ്മേലാഴങ്ങളെ തൊട്ടു തൊട്ടുപെയ്യുമ്പോള്‍ പുഴനിറയുന്നമനസ്സുപോലെയാണാരാത്രി...
'കാരപ്രേമം'- സുകുമാരന്‍ ചാലിഗദ്ധ എഴുതിയ കവിത

ഴയത്രമ്മേലാഴങ്ങളെ തൊട്ടു തൊട്ടു
പെയ്യുമ്പോള്‍ പുഴനിറയുന്ന
മനസ്സുപോലെയാണാരാത്രി...

വന്നുകൂടുന്ന രാത്രിയാത്രികര്‍
കുശലംപറഞ്ഞ്  മടുക്കുമ്പോള്‍
ഒറ്റയായിപ്പോയ നിലാവിനെ
വെറുതെ ഞാന്‍ നോക്കി ചിരിക്കും.

ആഹ തൊട്ടു നോക്കട്ടെ.

വളര്‍ത്തു മരങ്ങളില്‍
വളര്‍ത്തു മണങ്ങള്‍
വളരുവാന്‍ കാത്തിരുന്നിട്ട്
കണ്ണ് മടുത്തതോ കണ്ടവര്‍ മടുത്തതോ
അല്ല ഞാനും മടുത്തതാണോ? 

ഇല്ല കതിരേ ഇല്ലില്ല കതിരേ
കവിളില്‍ തലോടിയ മുള്ളുകള്‍
മൂര്‍ച്ച മറന്നുപോയൊരു നാളില്‍
മീന്‍ നഖമിനുസങ്ങള്‍
വിളക്കില്ലാ രാത്രിയില്‍
കണ്‍മഷിമറന്നന്നു തേച്ചുപോല്‍...

കാറ്റും മഴയും മഞ്ഞും വയലും-
കളിക്കലുമൊക്കെയൊക്കെ
തെക്കേ  തെക്കേ  മരക്കൊമ്പില്‍
കൊത്തിവെയ്ക്കുന്നു
കൊച്ചു കൊച്ചു കാരപ്രേമം...

മുഖം തരാതെ പറന്ന പക്ഷിയുടെ കണ്ണില്‍
വയലും പുഴയും കാടും കടലും
ചുണ്ടില്‍ ഒളിച്ചൊളിച്ച് പായുന്ന
രാത്രിയാത്രയുടെ പാട്ടുകളില്‍ നോക്കി
നോവ് തിന്ന്  നൂലുപോലെ ജീവന്‍ വെച്ച്
ആ രാത്രിവേനല്‍ നെയ്തുവെച്ചു...

ഒന്ന് തൊട്ടാല്‍ പൊട്ടിപ്പോവും പൊട്ടിപ്പൂവ്
പാടിപ്പാടി  തേയി തേയി തേന്‍ പറിച്ച
ചില്ലനോക്കി പുഞ്ചിരിച്ചു മധുരപ്പുള്ള്
പെട്ടെന്നൊരു പെട്ടിനോക്കി
പൊട്ടിച്ചിരിച്ച് വെണ്ണപോലെ
വേഗം വേഗം  മീശവെച്ചു.

കാറ്റുകള്‍ കണ്ണിലേക്കടിച്ചു കരയുന്നു
കാറ്റുകള്‍ കണ്ണിലേക്കടിച്ചു കരയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com