
തീരെ നിനയ്ക്കാത്ത നേരത്ത്
കാറ്റിന്റെ തോള്‍സഞ്ചിയില്‍
നിന്നുതിര്‍ന്നുവീഴും വിത്തു
പോലെ മനസ്സില്‍
പിടഞ്ഞുതിരുന്നത്,
ഏതെന്നുമെന്തിനെന്നും
തിരിയാത്തതാമേതോ വരികള്‍;
പൊഴിയുന്ന വിത്തുക
ളോരോന്നുമാരു കാണുന്നു, പതുക്കനെ
തീരെ പരുക്കനാം മണ്ണിലമര്‍ന്നവ
ചൂടും പൊടിയുമിരുള്‍ക്കനവും മുന
നീളുന്ന കല്ലിന്നനിഷ്ടവും നിസ്സംഗ
ഭാവത്തിലെത്തിക്കടന്നുപോകും പകല്‍
രാവുകളും കണ്ടുകണ്ടു മയങ്ങിടും.
ഓര്‍മ്മിക്കയില്ല മനസ്സിന്റെ മണ്ണട
രോരോ വരിയുമനാഥമായ്ത്തന്‍ നെഞ്ചി
ലാഴ്ന്നു കിടപ്പത്; പിന്നെപ്പൊടുന്നനെ
തൂവുമാകാശമനിര്‍വ്വചനീയമാ
മാനന്ദവര്‍ഷകണങ്ങ,ളതിന്‍ പേര്
പ്രേരണയെന്നാം, പ്രചോദനമെന്നുമാം
പാടേയ ഭൗമികമായ വിരലിന്റെ
ലാളനമെന്നുമാം; ഉല്‍ക്കടമോഹങ്ങള്‍,
ആളിപ്പടരും പ്രതീക്ഷകള്‍, തീക്കന
ലായെരിഞ്ഞീടും നിരാശകളൊക്കെയും
താഴേയ്ക്കുതിരുന്നതായിടാം, പെട്ടെന്നു
നാമ്പു മുളയ്ക്കു,മുണര്‍ന്നീടുമീരില
യായി വരികളെന്നാലും നിഗൂഢമാ
മാഴത്തില്‍നിന്നു
വെളിച്ചത്തിലെത്തുവാന്‍
ഏറെ പണിപ്പെട്ടിടേണം,
നിരാഹാരഘോരതപസ്വിയായ്
നിര്‍ന്നിദ്രരാവുകളാം ഗുഹാഗര്‍ത്തങ്ങള്‍
നൂണ്ടുപോം ശ്രദ്ധയായ്,
കാണാക്കലപ്പ ചുമന്നു
കഴുത്തൊടിഞ്ഞീടുന്ന കാളയായ്
നൊണ്ടിനടപ്പതായ്
തീവെയിലത്ത്, കിറുക്കന്‍ മഴയിലും
തോരാച്ചെളിയിലു
മാഴ്ന്നന്തി ചായുന്ന
നേരം വരേയ്ക്കുമദ്ധ്വാന കാഠിന്യമായ്
ഈരില നീര്‍ത്തും കവിതയ്ക്കു
വേരുകളായിടാന്‍ മണ്ണു
തുളഞ്ഞിറങ്ങീടുവാന്‍
നീറിടേണം; പിന്നെയെന്നോ
കരളിന്റെ
യാഴത്തില്‍ വീണ
മഴത്തുള്ളി പ്രാര്‍ത്ഥനാ
ലീനമാമേകാന്ത ധ്യാനത്തിനാല്‍
കതിര്‍ തൂവുന്ന മുത്തായ്
വിരിയിച്ചിടുമിന്ദ്ര
ജാലമുദിക്കുന്നു, പൊന്‍വെളിച്ചത്തിന്റെ
ജ്വാലയായ് കാവ്യം പിറക്കുന്നു,
നൂറുനൂറായിരം
ലോലദളങ്ങളായ്, പേപിടി
ച്ചോടുന്ന കാറ്റിനെ വെല്ലും
ദൃഢതയായ്,
നാളെകളാം മുകുളങ്ങളായ്,
സൗരഭ്യ
മോരോ സിരയിലും
വെമ്പുന്ന പൂക്കളായ്
ആരും നുകര്‍ന്നു തീരാത്ത
കനികളായ്
പീലി വീശിപ്പടര്‍ന്നീടുന്നു
പ്രാണന്റെ
പ്രാണനായ് നിത്യകവിത;
നിശ്ശൂന്യമാം
തോടുപോല്‍ പിന്‍വാങ്ങി
ടുന്നൂ കവി, മഹാ
കാലമേ, തീരാത്ത
വാസന്തകാന്തിയാം
കാവ്യത്തിനായ് നീ
വഴിയൊരുക്കീടുക!
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക