'ഒടിഞ്ഞ കുരിശ് പട്ടടേലേക്കെടുക്കുമ്പോള്‍ കരഞ്ഞ കുഞ്ഞുങ്ങള്‍'- രതീഷ് പാണ്ടനാട് എഴുതിയ കവിത

ചെറവരമ്പേ പാരേം തോളേല്‍ വെച്ച് അതിരാവിലെഅയാള്‍ കെഴക്കോട്ടു പോകും
'ഒടിഞ്ഞ കുരിശ് പട്ടടേലേക്കെടുക്കുമ്പോള്‍ കരഞ്ഞ കുഞ്ഞുങ്ങള്‍'- രതീഷ് പാണ്ടനാട് എഴുതിയ കവിത

1

ചെറവരമ്പേ 
പാരേം തോളേല്‍ വെച്ച് 
അതിരാവിലെ
അയാള്‍ കെഴക്കോട്ടു പോകും

അവളിലേക്കു ചാരിയ വേലിയപ്പോള്‍
പൂകൊണ്ടു നിറയും...

ഗാഗുല്‍ത്താമല
ചേടിമറിച്ചിട്ടു വരുന്ന
വയറ്റിലെട്ടുകട്ട മൊഴച്ചുനില്‍ക്കുന്ന
ഒരു നെടുങ്കനേശു
അവളുടെ അള്‍ത്താരയിലെ
മാമ്പലകപ്പൊറത്ത്
മുട്ടിനുമേല്‍ തന്റെ
കുഴിനഖമുള്ള ഇടതുകാല്‍ വിരലുകള്‍ വിറപ്പിച്ച്
സാവധാനം താറാമുട്ടയുടെ തോടു പൊളിച്ച് 
ഉപ്പുനീരില്‍ മുക്കി
ചവച്ചിറക്കുന്ന
ഒരു കൊതി
അവള്‍ക്കുള്ളിലെ ആവിയിലപ്പോള്‍
പുട്ടുപോലെ
വെന്തിറങ്ങും...

ഓര്‍മ്മകളുടെ ഓശാനക്കവള്‍
കണ്‍പീലി വീശി വീശിയിരിക്കേ
അരി തിളച്ച്
അടുപ്പണയും
       

2
ആദ്യത്തെ വെയിലു തട്ടാന്‍
മത്സരിക്കുന്ന
ഓളങ്ങള്‍
അവളുടെ മുടിയെന്നു കരുതി
വെള്ളത്തിലേക്കയാള്‍
പാരപോലെ
കൂപ്പുകുത്തി

അവളുടെ മുലകളില്‍
ഉമ്മവെക്കാനായ് മാത്രം 
മടചാടിയെത്തിയ കടവിലെ മീനുകളെ
അയാള്‍
കോര്‍മ്പലില്‍ കോര്‍ത്തു.

വിരലുകൊണ്ട് കോരിയ വരമ്പെല്ലാം
അവളുടെ
ഉടലുപോലായി...

3
മീശക്കൂട്ടില്‍
അയാള്‍ വളര്‍ത്തുന്ന
പനാമ  മണമുള്ള കിളി
അവള്‍ക്കു മാത്രമൊച്ചയില്‍
ചുണ്ടുകൂര്‍പ്പിക്കുന്ന 
രാത്രി
അവള്‍
കനലില്‍വീണ കുന്തിരിക്കം

അയാളുടെ വിരിഞ്ഞ നെഞ്ചില്‍
മഞ്ഞിന്റെ തോലിട്ടമ്പേറ് 

അവളുടെ തെളിഞ്ഞ കണ്ണില്‍ നിറയെ
നക്ഷത്രം 

കൊളപ്പാലക്കച്ചിപോല്‍
തെറകൂടും
നിശബ്ദത...

4
വിയര്‍പ്പും ഉമിനീരും ചേര്‍ത്ത
വിരുന്നിന്നവസാനം
നിലാവന്ന്
ഇരുട്ടിനേ
ഒറ്റിയില്ലായിരുന്നുവെങ്കില്‍
ഓര്‍മ്മകള്‍
മണ്ണെണ്ണ വീണ തേരട്ടയെപ്പോലെ
അവളുടെ
ഉള്ളാകെയിപ്പോഴും
പുളയുമായിരുന്നില്ല...

ഇങ്ങനെയൊരു
കവിത 
എഴുതപ്പെടുമായിരുന്നില്ല!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com