'തങ്കമയിലേറി നീ വന്നല്ലോ!'- പ്രവീണ്‍ പ്രസാദ് എഴുതിയ കവിത

മൊട്ടത്തലയിലെ ചന്ദനംപോല്‍മുറ്റത്ത് വെയില്‍.മേഘങ്ങളടര്‍ത്തി പൂക്കളെയുതിര്‍ത്തൊരു ക്വാ... ശബ്ദംപക്ഷിയായി മണ്ണിലിറങ്ങി
'തങ്കമയിലേറി നീ വന്നല്ലോ!'- പ്രവീണ്‍ പ്രസാദ് എഴുതിയ കവിത

മൊട്ടത്തലയിലെ ചന്ദനംപോല്‍
മുറ്റത്ത് വെയില്‍.
മേഘങ്ങളടര്‍ത്തി 
പൂക്കളെയുതിര്‍ത്തൊരു ക്വാ... ശബ്ദം
പക്ഷിയായി മണ്ണിലിറങ്ങി.

പഞ്ചാമൃതത്തിന്റെ വാസന
വീടിനെ വിളിച്ചപ്പോള്‍
ഉണര്‍ന്ന് കണ്ടെല്ലാവരും 
മുന്നിലെ സ്‌കന്ദ ചൈതന്യം.
ഒന്ന് ചിരിച്ച്
ചുരുണ്ട മുടിയുലച്ച്
തങ്കമയിലേറി വന്ന പഴനിയാണ്ടവന്‍
വീരവേലച്ഛനൂന്നാന്‍ കൊടുത്തു.

ഉറ്റവരുടെ ആനന്ദാരവം കൊണ്ട്
ഞാനോടിയെത്തിയപ്പൊഴേക്ക്
പുഴയെ മുറിച്ച് 
മലകള്‍ താണ്ടി
മേഘക്കീറടച്ച് 
പറന്നുപോയിരുന്നു മുരുകന്‍.

പിറ്റേന്ന് വേലുമായച്ഛന്‍ 
വേലയ്ക്ക് പോകുന്നത് 
നോക്കിനിന്നല്പം കഴിഞ്ഞതും
ബസുകേറി ഞാന്‍,
നൂറ്റിപ്പതിനൊന്ന് കിലോമീറ്ററകലെ
പീലികള്‍ പൊഴിഞ്ഞുകിടക്കുമാ 
പവിഴമലയിലെ കോവില്‍ തേടി.

നഗ്‌നമാമല ദീപങ്ങളുടുത്തൊരുങ്ങാന്‍
താഴെ മറ്റുജനങ്ങളോടോത്ത്
ഞാനും കാത്തിരുന്നു.
ചായകുടിച്ചിരിക്കുമ്പോള്‍
കടയിലെ റേഡിയോയില്‍
സീര്‍കാഴി പാടുന്നുവെന്റെ 
കണ്ണുകള്‍ നനയുന്നു.

നക്ഷത്രക്കാവടിയേന്തി
ആകാശമാടി
കുട്ടിയായ് ഞാനോരോ പടികളുമോടിക്കയറി.

മുകളിലെത്തും മുന്‍പ് കണ്ടു
പൂങ്കാവനത്തിലായ്
കവിതകള്‍ വായിച്ചിരിക്കും കുമാരനെ.
കണ്ടഞൊടി ആശ്ചര്യമടങ്ങി
ഓര്‍മ്മയിലെയതേ മുഖം മുരുകന്.

ഏറെനാള്‍ കാണാത്തൊരു
കൂട്ടുകാരനോടെന്ന മട്ടില്‍
കെട്ടിപ്പിടിച്ചു ഞാന്‍ ചോദിച്ചു:
'ഊന്നി നടക്കാന്‍ എന്റച്ഛന് 
നിന്റെ വീരവേല്‍ തന്നെ കൊടുത്തല്ലോ!
ഇനിയുള്ള പടകള്‍ നീയെങ്ങനെ പൊരുതും?'

ശങ്കയില്ലാതെ ചൊല്ലിയാ തമിഴന്‍:
'കൂരാണ വേലില്ലെയെന്‍ട്രാലെന്ന
കനിപോന്‍ട്ര കരുണെയിരുക്കേ എന്‍ വസം.'

സൂര്യന്‍ പൊട്ടിപ്പിളര്‍ന്നു പോകുന്നതും
നോക്കി പഴനിയിലെ കാറ്റുകൊള്ളുമ്പോള്‍
അരികിലെ മയിലിന്റെ തലയില്‍ കൈവച്ച്
പറയുന്ന പലകാല കഥകളൊക്കെ
കേട്ട് തലയാട്ടുന്നു അഴകന്‍.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com