'ദ്രാക്ഷ'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

തേനിയില്‍ കമ്പം(1)പൊട്ടിവിരിയുന്നേരം(2)ദ്രാക്ഷത്തോട്ടം നോക്കിഞങ്ങള്‍ കാറു നിര്‍ത്തി
'ദ്രാക്ഷ'- ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

തേനിയില്‍ കമ്പം(1)
പൊട്ടിവിരിയുന്നേരം
(2)ദ്രാക്ഷത്തോട്ടം നോക്കി
ഞങ്ങള്‍ കാറു നിര്‍ത്തി.
ഊര്‍ന്നിറങ്ങാന്‍ പാകം
വേലിയില്‍ ദ്വാരവും
ചാറെടുക്കാന്‍ പാകം
പന്തലില്‍ ദ്രാക്ഷയും.

എത്ര പേരുമ്മ വ
ച്ചിരുത്തം വന്ന
ദ്രാക്ഷയെത്തൊടുന്നു
ഹാ! ഗന്ധം മാദകം.
എത്രപേരിറുക്കാ
തിറുത്തു കൊണ്ടുപോം
കൊതിക്കുമിളയില്‍
ഹാ! വീഞ്ഞുവാസന.
തോട്ടത്തിന്‍ കടയില്‍
ഒറ്റ ഞൊടിയാലെ
അടര്‍ന്നു മിക്‌സിയില്‍
കിടന്നു നര്‍ത്തനം.
ദ്രാക്ഷയുള്ളിലെത്തി
യുത്സാഹ പ്രപഞ്ചം.
തോട്ടമൊന്നടങ്കം
കലക്കിക്കുടിച്ചപോല്‍
തൃപ്തിപ്പെടല്‍ വായു.

കാറിലേറി തിര്യെ നാം,
മുടിയൊതുക്കുന്നു
മടി മുറുക്കുന്നു,
വയറു താങ്ങുന്നു
കാറു ദ്രാക്ഷയായി
ട്ടുരുണ്ടു പോകുന്നു.
റോഡു പന്തലോ
ആകാശം പന്തലോ
ത്രാഹിമാം ത്രാഹിമാം(3)
എഞ്ചിന്‍ കുഴയുന്നു.
ഉള്ളിലാകെ ദ്രാക്ഷ
ക്കുരുക്കളെന്നപോല്‍
ഞങ്ങളും യാത്രചെ
യ്തപാര വിസ്തൃത
ക്കയറ്റിറക്കങ്ങള്‍
തൊടുന്നപോലുള്ള
തോന്നലാകുന്നു.
ആരു വന്നു തൊടു
ന്നുടച്ചു മിക്‌സിയില്‍
നൃത്തമാക്കുന്നു,
കുടിച്ചുതീര്‍ക്കുന്നു,
ചിറി തുടയ്ക്കുന്നു...
ഇത്ഥം നിരൂപിച്ചു
കമ്പവും തേനിയും
കഴിഞ്ഞു രാവോടെ
വീടു തെളിയുന്നു.
വീടു വിടര്‍ത്തിച്ചൂടും
ആകാശമാകെയും
ദ്രാക്ഷത്തോട്ടമതിന്‍
ഓരത്തുറക്കം നിര്‍ത്തി
ഒരു ദ്രാക്ഷക്കവിള്‍
തൊട്ടിരിക്കുന്നേരം
സ്വപ്‌നമാം കാറുണര്‍
ന്നുരുണ്ടു ദ്രാക്ഷയായ് 
പോയപോക്കില്‍നിന്ന്
പുലര്‍ച്ചയെത്തുന്നു.
താരകം പൊടിഞ്ഞു
പറ്റും കവിള്‍കാട്ടി
നീയേക ദ്രാക്ഷയാ
മുടിപ്പന്തലില്‍ നി
ന്നെന്റെ ചുണ്ടില്‍പതി
ഞ്ഞുഗ്ര വീഞ്ഞാകുന്നു

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com