'പ്രലോഭനം'- ഉമാ രാജീവ് എഴുതിയ കവിത

അപ്പക്കാരയില്‍തിളച്ചു തൂവുമെന്നതിനാല്‍അഴകുതെറ്റിയ രൂപത്തില്‍ പാകപ്പെടുമെന്നതിനാല്‍
'പ്രലോഭനം'- ഉമാ രാജീവ് എഴുതിയ കവിത

പ്പക്കാരയില്‍
തിളച്ചു തൂവുമെന്നതിനാല്‍
അഴകുതെറ്റിയ രൂപത്തില്‍ 
പാകപ്പെടുമെന്നതിനാല്‍

മുനകൊണ്ട് കുത്തിമറിച്ചിട്
ഉള്ളുവേവും മുന്‍പേ
ഇറക്കിവയ്ച്ചപ്പോള്‍
തേനോ കായോ ഇതളുകളോ
ഉലര്‍ത്തിയിട്ട് അലങ്കരിച്ചപ്പോള്‍

കരിയും മുന്‍പേ വാങ്ങിയവളുടെ
കൈപ്പുണ്യത്തെ പ്രകീര്‍ത്തിച്ച്
മുകളിലെ സൗവര്‍ണ്ണതയില്‍
തൊട്ടും തലോടിയും
നഖമാഴ്ത്തിയും
കൊതിച്ച്
കിട്ടാക്കനിയായി
ക്ഷോഭപ്പെട്ട്

ആറും മുന്‍പേ
കത്തിയും മുള്ളും കൊണ്ട്
കോറി വരഞ്ഞ്
ഉള്ളുതുറന്നു.

ഉറയ്ക്കാത്ത ഇളമിറച്ചിയുടെ
വേവാത്ത പച്ചമാവിന്റെ
പശപശപ്പ്.

തൊട്ടു നുണഞ്ഞപ്പോള്‍
ഞാറും കതിരുമായിരുന്നതിന്റെ
ആദിമമായ ഓര്‍മ്മയില്‍
വിരല്‍വെന്തു

കൊയ്ത്തുമെതി
പാറ്റല്‍ ചേറലിന്റെ
ഉമി കൊണ്ടു

വിത്തിനായും വിശപ്പിനായും
കൂട്ടുപിരിയുന്നതിന്റെ
തലേന്നാളിലെ
പത്തായഇരുട്ട് കണ്‍കുത്തി.

വിശക്കുന്നവന്റെ
ചുണ്ടു മുതല്‍
അടിവയര്‍ വരെ
നിറയുന്ന

പല്ലിടുക്കില്‍
അരയുന്ന
തൊണ്ടക്കുഴയിലൂടെ
നൂഴുന്ന

ചോരയിലും
ചിന്തയിലും
കലരുന്ന
കിനാവുകള്‍ 

ഒപ്പം
വെന്തുമലരുന്ന
വറുത്തു പൊട്ടുന്ന
വരണ്ട്  പൊരിയുന്ന
കുതിര്‍ന്ന് മുളക്കുന്ന
കൂട്ടു സ്വപ്നത്തിന്റെ
നനവ് തട്ടാതെ

തന്നെത്തന്നെ
താലത്തില്‍ നിറച്ച്
ഉടല്‍ രൂപമല്ല
രുചിഭാവമാണ്
തനിമ എന്ന് തിരിയുന്ന
കണ്ണിലും നാവിലും
തന്നോര്‍മ്മ തിണര്‍പ്പാകണം
എന്ന ആവേശത്തില്‍
തൂവിപ്പോയതാണ്...

വഴക്കം തെറ്റുമെന്ന പേടിയില്‍
തഴയപ്പെടുമെന്ന തോന്നലില്‍
തീന്മേശയുടെ ഒതുക്കം  തെറ്റലില്‍
മൂപ്പെത്തും മുന്‍പ്
എല്ലാത്തില്‍നിന്നും അടര്‍ത്തിമാറ്റുകയാണ്

വീഞ്ഞിനൊപ്പമുള്ള
അപ്പമാകാതെ
അന്ത്യപ്രലോഭനത്തിനു മുന്‍പേ
അടക്കം ചെയ്യപ്പെടുകയാണ്.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ഈ കവിത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com