'ഒരു (അ)സാധാരണ വില്‍പ്പത്രം'- സന്ധ്യ ഇ. എഴുതിയ കവിത

എന്‌റെ ചിതയിലേക്ക്ഞാനെഴുതിയതെല്ലാം ഓരോന്നായി ചീന്തിയിടണം.ഒരുപക്ഷേ, ഒരു കവിത മാത്രംവീഴാതെ തെന്നിമാറിയേക്കാംഅത്  കാറ്റിനു കൊടുത്തേക്കൂ...
'ഒരു (അ)സാധാരണ വില്‍പ്പത്രം'- സന്ധ്യ ഇ. എഴുതിയ കവിത

ന്‌റെ ചിതയിലേക്ക്
ഞാനെഴുതിയതെല്ലാം ഓരോന്നായി ചീന്തിയിടണം.
ഒരുപക്ഷേ, ഒരു കവിത മാത്രം
വീഴാതെ തെന്നിമാറിയേക്കാം
അത്  കാറ്റിനു കൊടുത്തേക്കൂ...

അലമാരയിലെ സാരികള്‍
തീയിലിട്ടേക്കൂ
ചിലപ്പോളതിലൊന്ന്, ഒരു നീല,
പുഴയായി രൂപം മാറുന്ന കാണാം
തടയേണ്ട.

ഒന്ന് കിലുക്കിനോക്കുകപോലും ചെയ്യാതെ
പെട്ടിയിലെ വളകള്‍
വലിച്ചെറിഞ്ഞേക്കുക
തെറിച്ചുപോകുന്ന ഒന്നുണ്ടാകാം
പാട്ടിനു വിട്ടേക്കൂ
മാനത്തേക്കു പറന്നോട്ടെ.

ചെരിപ്പുകള്‍ ഉപേക്ഷിച്ചോളൂ
വിട്ടുപോകാന്‍ മടികാണിക്കുന്ന ഒരു ജോഡിയെ കണ്ടേക്കാം
സൂക്ഷിച്ചു നോക്കിയാല്‍
അതെങ്ങോ നീങ്ങുന്ന കാണാം
തടയേണ്ട

കഴിയുമെങ്കില്‍ അവക്കൊപ്പമൊന്നു പോകാമോ?
സമയമുണ്ടെങ്കില്‍ മാത്രം.
ആ യാത്ര ചെന്നവസാനിക്കുന്നത്
നിറയെ പച്ചയും കുളിരും നേര്‍ത്ത മഞ്ഞുമുള്ള
താഴ്വാരത്തിലേക്കാവും
അവിടെയൊഴുകുന്നുണ്ടാവും ഒരു നദി
 കരയില്‍ തനിയെ നില്‍ക്കുന്ന  മരമുണ്ടാവും.
അതിന്റെ തുഞ്ചത്ത്
രാത്രിയില്‍, ഒരൊറ്റ നക്ഷത്രത്തിളക്കത്തില്‍
വായിക്കാനാകും
കാറ്റ് കൊണ്ടുപോയി
സുരക്ഷിതമായി തൂക്കിയിട്ടൊരു കവിത,
ശ്രദ്ധിച്ചാല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com