'സഫലം'- ഇന്ദിര അശോക് എഴുതിയ കവിത

ലക്ഷ്യത്തിലൊതുങ്ങാത്ത പ്രണയമൊരായിരം കുഴലുകളില്‍ ചീറിസമുദ്രോര്‍ജ്ജിതയായികൊടിയ മുടിയിലേക്കൊഴുകുമ്പൊഴാണത്രെസഹസ്രദളം പൊട്ടിവിരിഞ്ഞു പൂവായത്
'സഫലം'- ഇന്ദിര അശോക് എഴുതിയ കവിത

ക്ഷ്യത്തിലൊതുങ്ങാത്ത പ്രണയ
മൊരായിരം കുഴലുകളില്‍ ചീറി
സമുദ്രോര്‍ജ്ജിതയായി
കൊടിയ മുടിയിലേക്കൊഴുകുമ്പൊഴാണത്രെ
സഹസ്രദളം പൊട്ടിവിരിഞ്ഞു പൂവായത്

ഇടം കാലുയര്‍ത്തുന്ന ശിവം, ഭൂതങ്ങള്‍
പെരുംതിറയായുയരുന്ന സോര്‍ബ തന്‍ പാദാവേശം
അംഗത്തിന്‍ പരിമിതത്തിന്റെ പര്‍വ്വതാരോഹം
മണ്ണറയിലെ ധൃതരൂപമായ്ചുരുള്‍ സര്‍പ്പം
രൂപങ്ങള്‍ പലതിലും, മൊഴിയാം കവിതയ്ക്ക്
തീത്തിരി കൊളുത്തുവാന്‍ തെറുക്കും തന്നെത്തന്നെ 
ഘോരകര്‍മ്മങ്ങള്‍ പ്രവചിച്ച കൈരേഖയ്ക്കുള്ളില്‍
നൂറു ചേര്‍ത്തെടുത്തത് ചവയ്ക്കും
ചോരയ്ക്കുന്ന ശോകവും സുഖങ്ങളും
ചുവക്കെ നീട്ടിത്തുപ്പും
തൊടുവാനായും മുന്‍പേ തുളുമ്പിയലിയുന്ന
മിഴിനീര്‍പരല്‍ കണ്ണിന്‍ കടലില്‍ ലയിപ്പിക്കും

അപരിചിതത്തിന്റെ അതിഥീ സ്‌നേഹം തൂളി 
നെറുക നനയുമാചെടി തന്‍ സസ്യ സ്വേദം
നന്ദിയെന്നൊപ്പം മന്ത്രിക്കുമ്പൊഴേ പൂക്കും 
പരന്നുള്ളിലെ സരസ്സിലെ താമരപ്പൂന്തോപ്പുകള്‍
നടുക്കത്തണ്ടിന്നറ്റം തൊടുക്കും വ്രത പുഷ്പം
നിലത്തു പറ്റും മുക്കുറ്റിയുമെന്നെണ്ണിച്ചേര്‍ക്കും
ആയിരം കല്ലോലത്തില്‍ കുളിപ്പിച്ചെടുക്കുന്നു
പാരിലെ മധുമൊഴി വെണ്ണ തൊട്ടെടുക്കുന്നു
താരകപ്പെരുവഴി പായുമുല്‍ക്കകള്‍പോലെ
പൂഞ്ചാറു പുരട്ടിയ പുതു വാക്കുകളപ്പോള്‍
ധ്യാനത്തിലാഴം കണ്ട നീലച്ച ഗോളം
സ്വര്‍ണ്ണപ്പൂമഴ മുറിയാതെ ധാരപെയ്തിരുന്നന്ന്
നിറന്നു കത്തൂ സമ്യഗ് സ്‌നേഹത്തിന്‍ ജ്വാലാമുഖീ
പകര്‍ന്നു നിന്നില്‍ പിഴിഞ്ഞൊഴിച്ചതൊരേ സത്യം
തളിര്‍ത്ത മരച്ചില്ല കുലച്ചു വാനത്തിലേ 
ക്കുയര്‍ത്തി മഴവില്ലായ് മനുഷ്യ മഹാസ്വപ്നം.
അനഘചൂഡാമണി ചൂടിച്ചു തൈലം പൂശി
കഴുകും പാദങ്ങളെ ഗന്ധപൂരിതം ജലം
നരകപിതാക്കന്മാര്‍ വന്നന്നു കുട
പിടിച്ചവിടം
നാകത്തെക്കാള്‍ സുന്ദരം! മോഹിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com