'കല്‍ക്കാ മെയില്‍ @ ഭാരത്പൂര്‍'- പദ്മദാസ് എഴുതിയ കവിത

ആയിരത്തോളം പേര്‍ക്കു മാത്രംനില്‍ക്കാനിടമുള്ള ഒരു പ്ലാറ്റ്‌ഫോംഇരട്ടിയിലധികം ആളുകളെക്കൊണ്ട്നിറഞ്ഞുകവിഞ്ഞ്ഇരുപത്തിനാലു മണിക്കൂര്‍വൈകി ഓടുന്നആ വണ്ടി വരാന്‍ കാത്തുനിന്നു
'കല്‍ക്കാ മെയില്‍ @ ഭാരത്പൂര്‍'- പദ്മദാസ് എഴുതിയ കവിത

യിരത്തോളം പേര്‍ക്കു മാത്രം
നില്‍ക്കാനിടമുള്ള ഒരു പ്ലാറ്റ്‌ഫോം
ഇരട്ടിയിലധികം ആളുകളെക്കൊണ്ട്
നിറഞ്ഞുകവിഞ്ഞ്
ഇരുപത്തിനാലു മണിക്കൂര്‍
വൈകി ഓടുന്ന
ആ വണ്ടി വരാന്‍ കാത്തുനിന്നു.

ഇന്ന് എത്തേണ്ടിയിരുന്ന വണ്ടി
വൈകി നാളെ എത്തുന്നതുകൊണ്ടാകുമോ
അതിന് കല്‍ കാ മെയില്‍
എന്നു പേരിട്ടതെന്ന്
കുട്ടികളിലൊരാള്‍ക്ക് സംശയം

കടുകുപാടങ്ങളും
ഗോതമ്പുവയലുകളും പിന്നിട്ട്
കത്തുന്ന തെരുവോരങ്ങള്‍ പിന്നിട്ട്
അതിര്‍ത്തിയില്‍നിന്ന്
ഓടിയെത്തിയ അയ്യായിരത്തിലധികം
കിലോമീറ്ററുകളുടെ കിതപ്പാറ്റാന്‍
വണ്ടി പ്ലാറ്റ്‌ഫോം ഒന്നില്‍
നിശ്വാസത്തോടെ വന്നുനിന്നു.

വണ്ടിയില്‍നിന്ന്
മൃതദേഹങ്ങളുടെ
മൂന്നു പെട്ടികള്‍ ഇറങ്ങി.
രണ്ടെണ്ണം ദേശീയ പതാകകളാല്‍
പൊതിയപ്പെട്ടത്.
മൂന്നാമത്തേത്
നിലവിലില്ലാത്ത ഒരു രാഷ്ട്രത്തിന്റെ
അപരിചിതമായ
ഒരു കൊടിയാലും!
ആ പെട്ടിയില്‍
രാഷ്ട്രം, ഭീകരന്‍ എന്നു വിളിച്ചയാളുടെ
മൃതദേഹം.
ആദ്യത്തെ രണ്ടു പെട്ടികളില്‍
അയാള്‍ വെടിവെച്ചിട്ട സൈനികര്‍.

മൂന്നും ഏറ്റുവാങ്ങാന്‍
ഒരുപോലെ അനുയായികള്‍ ആള്‍ക്കൂട്ടങ്ങള്‍!
നാട്ടുകാര്‍, പിന്തുണക്കാര്‍!
മുഷ്ടി ആകാശത്തിലേയ്‌ക്കെറിയപ്പെട്ട
മുദ്രാവാക്യങ്ങളോടെ
മൂന്നു പെട്ടികള്‍
ആരവങ്ങളോടെ സ്വീകരിക്കപ്പെട്ട്
എക്‌സിറ്റ് ഗേറ്റിലേക്ക്;
ഉച്ചരിക്കപ്പെട്ട മൂന്നു പേരുകളുടെ
തൊട്ടുപിറകേ
അമര്‍ രഹേ എന്ന വായ്ത്താരിയോടെ,
അകമ്പടിയോടെ,
ആവേശത്തോടെ, ഐക്യത്തോടെ.

കൊന്നവനും
കൊല്ലപ്പെട്ടവനും
ഒറ്റ പ്ലാറ്റ്‌ഫോമില്‍
കല്‍ക്കാ മെയിലില്‍
ഭാരത്പൂര്‍ സ്‌റ്റേഷനില്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com