'തമസാവനം'- വി.എം. ഗിരിജ എഴുതിയ കവിത

'തമസാവനം'- വി.എം. ഗിരിജ എഴുതിയ കവിത

തൃക്കാക്കരയിലുണ്ടോ പൂ പൊഴിയാതൊരു മാമരം?കൊല്ലമെത്ര കഴിഞ്ഞാലും തളിരിട്ട് നിറഞ്ഞവള്‍?

(എം. ലീലാവതിക്ക് സ്‌നേഹാദരപൂര്‍വ്വം)

തൃക്കാക്കരയിലുണ്ടോ പൂ 
പൊഴിയാതൊരു മാമരം?
കൊല്ലമെത്ര കഴിഞ്ഞാലും 
തളിരിട്ട് നിറഞ്ഞവള്‍?

നക്ഷത്രഗീതം വായിച്ചും 
കേട്ടും സാഗരഗീതികള്‍ 
നട്ടും നനച്ചും ഉള്‍ക്കാമ്പിന്‍ 
മുറ്റം കാനനമാക്കിയോള്‍. 

ആലും മാവും കാവ്‌തോറും 
പൊടിക്കും കാഞ്ഞിരങ്ങളും
കണ്ണീര്‍പാടങ്ങളും സൂര്യ
കാന്തിക്കൊപ്പം നിരക്കയായ്;

കുഞ്ഞുകാര്യങ്ങള്‍ തന്‍ ദൈവം 1
കൊച്ചിപ്പാത മരങ്ങളും
ആഴത്തില്‍നിന്നു നാം കൂട്ടായ്
താഴ്‌ന്നെടുക്കുന്ന സ്വപ്നവും

പ്രിയന്‍ വേര്‍പെട്ട കണ്ണീരും
പേനത്തുമ്പില്‍ ഒലിക്കയായ്;
മധുരം മാത്രമുണ്ണുന്ന 
മധുമക്ഷികയല്ലവള്‍!
ആരെയും മുറിവേല്പിക്കാ
തിരിക്കാനിഷ്ടമുള്ളവള്‍
അവളെക്കാണുവാന്‍ പാതി
രാവില്‍  ഞാന്‍ പോയിയിന്നലേ. 

കണ്ണടക്കീഴിലപ്പോഴുമു
ണ്ടുറങ്ങാത്ത രണ്ടു പൂ, 
സൂസന്‍ സോണ്‍ടാഗിരിക്കുന്നൂ
കൂടെ, വീശിക്കൊടുക്കുവാന്‍!

കാരിരുമ്പായ വിജ്ഞാനം 
കലയില്‍ച്ചേര്‍ത്തതെങ്ങനെ?
കരിമ്പു നീരായ്‌ത്തേനായി  
ക്കുടിക്കുന്നതുമെങ്ങനെ? 

തൃക്കാക്കരയിലുണ്ടത്രേ
വാക്ക് നോക്കിയിരിപ്പവള്‍ 
കയ്പും മധുരവും കൂട്ടി
ക്കവിതാന്നം വിളമ്പുവോള്‍.

അവിടേക്ക് കടക്കുമ്പോള്‍ 
പൂമുറ്റം തമസാവനം
നരച്ചമുടി ചൂടുന്ന  
തപസ്സിന്‍ കരുണാസ്രുതി.

1 (ഗോഡ് ഓഫ് സ്മാള്‍ തിങ്‌സ്‌ന്റെ ആസ്വാദന പുസ്തകം, ഭാരതഭാഷകളിലെ തന്നെ ആദ്യത്തേത്.)

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com