'തിരിച്ചു വരൂ'- മോന്‍സി ജോസഫ് എഴുതിയ കവിത

എങ്ങനെയുണ്ട്വലിയ കുഴപ്പമില്ലടി.പി. രാജീവന്‍ ചുണ്ടുകോട്ടി ചിരിച്ചു
'തിരിച്ചു വരൂ'- മോന്‍സി ജോസഫ് എഴുതിയ കവിത

ങ്ങനെയുണ്ട്
വലിയ കുഴപ്പമില്ല
ടി.പി. രാജീവന്‍ ചുണ്ടുകോട്ടി ചിരിച്ചു.
'ഓ എന്നാ പറയാനാന്നെ
മിക്കവാറും നമ്മുടെ കൂട്ടരൊക്കെ 
ബ്ലഡി മലയാളീസ് എല്ലാം  ഇവിടുണ്ട്'

ഞാനിപ്പം പഴയ ശബ്ദത്തിലുള്ള 
ചിരിയൊക്കെ നിറുത്തിയിരിക്കുവാ.
സ്ഥലമേതാണെന്ന് നീ ഓര്‍ക്കണം.
രാജീവന്‍ അതീവ മനോഹരമായി ചിരിച്ചു. ഞാന്‍ പൊങ്ങിപ്പറക്കുമെ, 
പുറപ്പെട്ടുപോയ വാക്കേ..
തൂമ തൂവുന്നതു കണ്ടു കണ്ട്.. 
നാലാംക്ലാസിലെ പാട്ടു ഞാന്‍ പാടി.
'പാടിക്കോ പാടിക്കോ 
എന്റേതൊന്നും പാടിക്കൂടാ'

വാ,കോഴിക്കോട്ടെ കടല്‍ത്തീരത്തേക്ക് വാ നമുക്കിവിടെ ആകാശത്തിനു ചുവട്ടില്‍ 
നിവര്‍ന്നു കിടക്കാം, വര്‍ത്തമാനം പറഞ്ഞിരിക്കാം.

ഓര്‍ക്കാറുണ്ട്, ഭൂമീലെല്ലാം മനുഷ്യന്റെ തോളില്‍ കയ്യിട്ടു കൂട്ടുകൂടി നടന്നത്.

അതൊക്കെ പോട്ടെ,
മുറുക്കുന്നുണ്ടെങ്കില്‍  നീയൊരു മുറുക്കാന്‍ എടുക്ക്.
മറ്റെല്ലാ കലാപരിപാടികളും ഞാന്‍ നിറുത്തിയിരിക്കുവാ...
നീയെന്താ ഈ പറയുന്നത്
ഞാനിപ്പോ പുതിയ മനുഷ്യനാണെടാ,
ഒന്നിന്റെയും ഭാരമില്ല, 
ചരിത്രം ദാ ഇങ്ങനെ പറന്നുപോയില്ലെ.

നിന്നെപ്പോലുള്ള മനുഷ്യനൊക്കെ വല്ലപ്പോഴും ഒന്നു മരിക്കണം എന്നാലേ പഠിക്കൂ.
വല്ലപ്പോഴുമല്ല, ഇടയ്ക്കിടെ മനുഷ്യന്‍ മരിക്കണം
എന്നിട്ട് സ്വപ്നത്തില്‍നിന്ന് പിന്നെയും ജനിക്കണം.

'ഇന്നലെ ഞാന്‍ രാജീവേട്ടനെ 
സ്വപ്നം കണ്ടു', ഞാന്‍ പറഞ്ഞു 
എന്നിട്ട്?
സ്‌നേഹത്തോടെ എന്റെ കണ്ണുകളില്‍ നോക്കി.
തോളില്‍ തൊട്ടു പറഞ്ഞു 'പോടാ'

ഭൂമിയിലെ അലമ്പു പ്രശ്‌നങ്ങളൊക്കെ തീര്‍ന്നു,
പിന്നെ ഈയിടെ
പലതരം പക്ഷികള്‍ക്കിടയില്‍ കുറച്ചു പറക്കും.
ഇതൊക്ക ആണെടാ ഉവ്വേ ഒരു രസം
പിന്നെ കാണുന്ന മരക്കൊമ്പില്‍ കുറച്ചു 
നേരമ്പോക്കിയിരിക്കും
ഇന്നലെ ഞാനൊന്നു ഉറങ്ങി വീണു. 
കാര്യമായിട്ടൊന്നും പറ്റിയില്ല.
ഒരു പച്ചപ്പനംതത്ത എന്നെ താങ്ങി.
ഭൂമിയിലെ ശീലങ്ങളൊന്നും അങ്ങനെ 
വേഗം പോകില്ലല്ലോ
ഞാനിനി അങ്ങോട്ടൊന്നും ഇല്ല
വച്ച കാല്‍ പിറകോട്ടില്ല,
നീ വേണോങ്കി ഇങ്ങോട്ട് വാടാ

ഭൂമിയിലെ ആള്‍ക്കാര്‍ പറയുന്ന 
മരണബോധമൊക്കെ വെറും മണ്ണാങ്കട്ട.
എനിക്കിവിടെ വലിയ കുഴപ്പമില്ല.
തരക്കേടില്ലാത്ത സ്ഥലം.
പോരാത്തതിന് നല്ല സ്ഥിതിസമത്വവും.
ഭൂമിയിലെ തെമ്മാടിയുടെ ചിരി ചിരിച്ചു
ഇവിടെ ഒരാള്‍.
'പോട്ടെ, മാനം നോക്കി പോവുന്നു ഞാന്‍' 
പറഞ്ഞതും പറന്നു പോയി രാജീവന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com