'ലെസ്ബിയന്‍ ഊഞ്ഞാല്‍'- രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത

പെട്ടെന്നാണ്ഒരൂഞ്ഞാല്‍ കെട്ടഴിഞ്ഞുവീണതുംഒന്നിച്ചാടാന്‍ ക്ഷണിച്ചതും!
'ലെസ്ബിയന്‍ ഊഞ്ഞാല്‍'- രേഖ ആര്‍. താങ്കള്‍ എഴുതിയ കവിത

പെട്ടെന്നാണ്
ഒരൂഞ്ഞാല്‍ കെട്ടഴിഞ്ഞുവീണതും
ഒന്നിച്ചാടാന്‍ ക്ഷണിച്ചതും!

നിഷേധിക്കാനായില്ല.

കിനാക്കള്‍ കൂട്ടിക്കെട്ടി
ചാഞ്ചക്കമാടുന്ന പടിമേലിരുന്ന്
ചേര്‍ത്തുപിടിച്ചു.

ആവേഗത്തില്‍
പുളിച്ചുതികട്ടിയതൊക്കെ
ഓക്കാനിച്ചൊഴിവാക്കാന്‍
നെഞ്ചും പുറവും
പരസ്പരം തടവി.

അടിവയറ്റിലെ തീക്കുളിരും
മാസത്തിലൊരു വെള്ളിയാഴ്ച
അറിയുന്ന  പാലപ്പൂമണവും
പങ്കുവച്ചു.

കണ്ണുകള്‍കൊണ്ട്
വലിച്ചു കുടിച്ചിട്ട്    
ശമിക്കാത്ത ദാഹം
കാല്‍വിരലുകള്‍ മുതല്‍
പരല്‍മീനുകളായി.

ചുംബനത്താക്കോലിട്ടവര്‍
സ്വര്‍ഗ്ഗകവാടം തുറന്നു.

അറുത്തിട്ടു രണ്ടാക്കാന്‍
കാത്തുനില്‍ക്കുന്ന 
ഗരൂബുകള്‍ക്കിടയിലൂടെ
ഇല്ലാത്ത ചില്ലകളില്‍
ചില്ലാട്ടം പറന്നു.

ഏഴാംകടലിനക്കരെ
ഏദന്‍ തോട്ടം കണ്ടു.

വിലക്കപ്പെട്ട കനിയുടെ
മധുരം പങ്കുവയ്ച്ച്
ആത്മാവിലെ ആദ്യ ചുറ്റില്‍
പിണഞ്ഞുചേര്‍ന്നുമാറാടി.

ഇഴുകിയിറങ്ങാത്ത രണ്ടാഴങ്ങള്‍
കൂട്ടിത്തൊട്ട വഴുവഴുപ്പില്‍
പരസ്പരം കണ്ടെത്തി.

പറുദീസയില്‍ നിന്നവരെ
പുറത്താക്കാതിരിക്കാന്‍
ദൈവവും  സാത്താനുമിപ്പോള്‍
ഭരണഘടന
പരിഷ്‌കരിക്കുന്നുവത്രേ!
 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com