'പത്ത് ടാബ്ലറ്റുകള്‍'- കമറുദ്ദീന്‍ ആമയം  എഴുതിയ കവിത

ഈ കുട്ടികളെത്ര നിഷ്‌കളങ്കര്‍ട്രാന്‍സ്‌പെറന്‍ഡറുകള്‍അല്ലെങ്കിലെങ്ങനെ സമ്മാനിക്കുംഅപ്പനും അമ്മയ്ക്കുംവിവാഹ ണമൃഷികത്തിന്ഇരുജോഡി ബോക്‌സിങ്ങ് ഗ്ലൗസുകള്‍
'പത്ത് ടാബ്ലറ്റുകള്‍'- കമറുദ്ദീന്‍ ആമയം  എഴുതിയ കവിത

1
മാറിയ കാലത്ത്
ഓംലെറ്റ് എന്നുച്ചരിക്കാമോ
അതോ പഴയ ആംപ്ലേറ്റിലേക്ക്
തന്നെ മടങ്ങണോ
സന്ദേഹപ്പെടുന്നു 
എന്നിലെ ഹാംലെറ്റ്.

2
ഈ കുട്ടികളെത്ര നിഷ്‌കളങ്കര്‍
ട്രാന്‍സ്‌പെറന്‍ഡറുകള്‍
അല്ലെങ്കിലെങ്ങനെ സമ്മാനിക്കും
അപ്പനും അമ്മയ്ക്കും
വിവാഹ ണമൃഷികത്തിന്
ഇരുജോഡി ബോക്‌സിങ്ങ് ഗ്ലൗസുകള്‍.

3
അയാള്‍ പേരുകേട്ട 
ഭാഷാപണ്ഡിതന്‍
ഫൊണിട്ടിക്ക് വിദ്വാന്‍
പക്ഷേ, ആണ്‍വേഴ്‌സറിയെന്നേ
ഉച്ചരിക്കൂ വീട്ടില്‍.

4
ഒടുവില്‍
അവള്‍ തനിക്കയാളോട്
പറയാനുള്ളതെല്ലാം
ബ്രെയിലില്‍ കൊത്തി
അതൊരു ചേലയാക്കി ചുറ്റിനോക്കി
ഫലമോ സര്‍വ്വലോക അന്ധരും
അവളെ ആരാധിക്കാന്‍ തുടങ്ങി
ഇരുകാഴ്ചയുമില്ലാത്ത
അയാളെച്ചൊല്ലി പരിതപിക്കാനും.

5
പയ്പ്പ് സഹിക്കാതെ
ആമയെ ചുട്ടുതിന്നതിന്
ഒറ്റരാത്രികൊണ്ട് കുടിയൊഴിപ്പിച്ച
പണ്ടത്തെ നായാടി കോളനിയില്‍
അല്‍ഫാം കടകള്‍
പുകയൂതി രസിച്ചു നില്‍ക്കുന്നു.

6
എനിക്ക്
രണ്ട് അമ്മാവന്മാര്‍
ഒന്നാമന്‍ പുറമേ സാത്വികന്‍
അകമേ സ്വാസ്തിതന്‍ 
സ്വസ്ഥം ഗൃഹഭരണം.
രണ്ടാമന്‍ പുറമേ സാര്‍ത്രികന്‍
അമ്മായിയെ സീമോന്‍ ദെ ബൊവ്വാര്‍
എന്നാരെങ്കിലും അബദ്ധത്തില്‍ 
പേര് വിളിക്കാത്തിടത്തോളം 
സ്വസ്ഥം  ഗുഹഭരണം.


നമ്മുടെ കിടപ്പറ ശണ്ഠകള്‍ക്ക്
കാതോര്‍ത്തു കിടക്കയാണ്
തലയണക്കുള്ളിലെ
പാവം പക്ഷിത്തൂവലുകള്‍,
സ്വാതന്ത്ര്യത്തിലേക്ക്
സ്വയം തൂവാന്‍ ഒരവസരം പാത്ത്.

8
സ്വേച്ഛാധിപതികളെ
വെറുതെ മീശ പിരിക്കല്ലേ
ചിരിപ്പിക്കല്ലേ
പറത്തിക്കളയുമെന്ന് വീമ്പടിക്കല്ലേ
ഒട്ടൊന്ന് മുന്നോട്ട് പോയി
പിന്തിരിഞ്ഞു നോക്കിയാല്‍
നിങ്ങള്‍ ഞങ്ങള്‍ക്ക്
വെറുമൊരു ട്രാവല്‍ ഏജന്റ്.

9
വല്ലാത്തൊരു
തീറ്റ ഭ്രാന്തന്‍ കുട്ടിതന്നെ.
കാലന്റെ വാഹനം
പോത്തെന്ന് പറഞ്ഞതും
ബീഫ് ഫ്രൈ ചോദിച്ച് കരച്ചിലായി
ശ്രദ്ധയൊന്ന് മാറ്റാന്‍
മാനത്തെ ചന്ദ്രനെ കാട്ടിയതും
പത്തിരിക്ക് കൂടിയായി അലറിക്കരച്ചില്‍.

10
അവള്‍ വിട്ടുപോയതില്‍ പിന്നെ
ബാക്കിയായ
അവളുടെ രണ്ടു കയ്യുറകള്‍
മേനിയില്‍ ഒട്ടിച്ചുവെക്കുന്നു
ഉറങ്ങുമ്പോള്‍ അയാള്‍
ഒരു ഉറപ്പിന്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com