'കാവല്‍വീട്'- മോഹനകൃഷ്ണന്‍ കാലടി എഴുതിയ കവിത

പലപ്പോഴും അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്,പ്രത്യേകിച്ചും വീടിനു മുന്നിലുള്ളതോട്ടത്തില്‍
'കാവല്‍വീട്'- മോഹനകൃഷ്ണന്‍ കാലടി എഴുതിയ കവിത

ലപ്പോഴും അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്
വലിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്,
പ്രത്യേകിച്ചും വീടിനു മുന്നിലുള്ള
തോട്ടത്തില്‍.

ആ തോട്ടം അയാളുടെയേതോ മുതുമുത്തച്ഛന്‍ ജന്മദേശത്ത് 
പോയ് വരുന്നതിനുള്ള വഴിച്ചിലവിനായി വിറ്റുതുലച്ചതാണ്.
ആരൊക്കെയോ തട്ടിയെടുത്തതാണെന്നും
കഥയുണ്ട്.

അയാളുടെ മുത്തച്ഛനും
അച്ഛനും അത് തിരികെ വാങ്ങാന്‍ 
പലവട്ടം ശ്രമിച്ചതാണ്.
അയാള്‍ക്കും അങ്ങനെ ഒരാഗ്രഹമില്ലാതില്ല.

ആ ആഗ്രഹവും കൊണ്ടാണ് അയാളുറങ്ങിപ്പോകാറ്.
അയാള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴേയ്ക്ക്
ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാറുമുണ്ട്.

ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച്
മാറ്റങ്ങളുടെ ആഘാതവും വര്‍ധിക്കാറുണ്ട്.

അത് മുഖ്യമായും ഒരു കവുങ്ങിന്‍ തോട്ടമാണ്.
തെങ്ങ്, വാഴ, ജാതി എന്നിവയുമുണ്ട് 
വെറ്റിലയും കുരുമുളകുമുണ്ട് 
പയറും ചീരയുമുണ്ട്.

പക്ഷികളെ കേള്‍ക്കാറില്ല
പാമ്പുകളെ കാണാറുമില്ല
കമ്പിവേലിയില്‍ കാട്ടുമൃഗങ്ങളെ വെറുക്കുന്ന
കാന്തമണ്ഡലമുണ്ട്.

അവിടെയിപ്പോള്‍ രണ്ട് വലിയ കിണറുണ്ട്.
മൂന്നാമതൊരു കിണര്‍ കൂടി ഉണ്ടായിരുന്നത്
ഒരുല്‍ക്ക വീണതൂര്‍ന്നുപോയതാണത്രെ.

തോട്ടത്തിനൊരു കാവല്‍ക്കാരനുണ്ടെന്ന് പറയപ്പെടുന്നുണ്ട്.
കാവല്‍വീട്ടിലാരെയും ആരും 
കണ്ടിട്ടില്ലിതേവരെ.

എത്ര ഏക്കറുണ്ടെന്നറിയില്ല

അയാള്‍ ബി.എ ഹിസ്റ്ററി മുഴുമിപ്പിക്കാത്ത ഒരാളാണ്.

ഈയിടെയായി ഉറക്കം കുറവാണെന്നതാണ്
അയാളുടെ പ്രശ്‌നം.
ആ തോട്ടത്തിന്റേയും.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com