'ഞാറ്റുവേലായുധം'- വിനു ജോസഫ് എഴുതിയ കവിത

ചുമരു പണിയാന്‍ വന്ന ബംഗാളിയോട്മുറി ഹിന്ദിയില്‍ വിശേഷം തിരക്കി;തെളിമലയാളത്തില്‍ മറുപടി കിട്ടി
'ഞാറ്റുവേലായുധം'- വിനു ജോസഫ് എഴുതിയ കവിത

ചുമരു പണിയാന്‍ വന്ന ബംഗാളിയോട്
മുറി ഹിന്ദിയില്‍ വിശേഷം തിരക്കി;
തെളിമലയാളത്തില്‍ മറുപടി കിട്ടി.

മണ്ണും വെള്ളവുമിണക്കിക്കൂട്ടിയ
സിമന്റ് കൊത്താന്‍വന്ന
കോഴിയെക്കണ്ടവന്‍
സച്ചിദാനന്ദന്റെ 'കോഴിപ്പങ്ക്' ചൊല്ലി.
പിന്നെ, കടമ്മനിട്ടയിലേക്ക്
കൊക്കിച്ചിനക്കി.

ഇടനേരം, മുണ്ടു മാടിക്കുത്തി
ഏത്തവാഴത്തോട്ടത്തിലേക്ക്
മൂത്രിക്കാന്‍ നടക്കെ,
ചങ്ങമ്പുഴയുടെ ഈരടി പാടി.

ഉച്ച കനക്കെ, വെള്ളം കുടിക്കാന്‍
കിണറ്റിന്‍ വക്കിലെ
തൊട്ടി മുക്കുമ്പോ,ളാശാന്റെ
'ചണ്ഡാലഭിക്ഷുകി' വന്നു തേട്ടി.

ഏതോ കിളിക്കൂട്ടം
കരിയിലത്തെല്ലിന്റെ
തണലത്തിരുന്നു കൂവുമ്പോള്‍
'ലളിതം' മെല്ലെ മൂളി.

വെറ്റില തെറുക്കുമ്പോള്‍
വൈലോപ്പിള്ളി ചോന്നു,
ബീഡി കൊളുത്തുമ്പോള്‍
ബാലചന്ദ്രനെരിഞ്ഞു, മുറ്റത്ത്
കളിപ്പന്തു പാളി വീഴുമ്പോള്‍
മോഹനകൃഷ്ണന്‍ കാലടി...

'നിന്റെ വേരുകളെങ്ങ് ബംഗാളീ,
പന്മനയിലോ കാരശ്ശേരി വഴി
കല്‍പറ്റയിലോ, സാക്ഷാല്‍
രാജരാജവര്‍മക്കളരിയിലോ?'

മറുപടിയൊന്നും കിട്ടിയില്ല...

പണിതീര്‍ത്തു കാലുരച്ച്
തേച്ചു കഴുകുമ്പോളവന്‍
ഒരു കവിള്‍ ചണ്ടി ചവച്ചു തുപ്പി

ഒരു പടല 
അസ്സല്‍ ഞാറ്റുവേല!

***
(മലയാളത്തിലെ പല തലമുറയില്‍പെട്ട ഭാഷാപണ്ഡിതര്‍, കവികള്‍ എന്നിവരുടെ പേരുകളും ചില കവിതകളും പരാമര്‍ശിക്കുന്നു)

കടപ്പാട്: printer.com
കടപ്പാട്: printer.com

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com